ചാത്തന്നൂർ: കൊല്ലം ഓയൂർ സ്വദേശിനിയായ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തില്‍ പത്മകുമാറും കുടുംബവും ഒറ്റപ്പെട്ടതും ദുരൂഹത നിറഞ്ഞതുമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ താമസിക്കുന്ന ഇരുനില വീട്ടിൽ ആരും അങ്ങനെ കയറില്ല. ഇവര്‍ പുറത്തുപോകുന്നതെല്ലാം കാറിലാണ്. അയൽക്കാരുമായി അടുപ്പം പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു.
52 കാരനായ പത്മകുമാർ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ഇവർ ജംഗ്ഷനിൽ ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ ഇടയ്ക്കിടെ ബേക്കറിയില്‍ പോകും. ജീവനക്കാരിയാണ് മുഴുവൻ സമയവും ബേക്കറിയില്‍. വീട് നിറയെ നായ്ക്കളാണ്. അതുകാരണം ഭയന്ന് കച്ചവടക്കാർ പോലും പോകാറില്ലെന്ന് നാട്ടുകാർ പറയുന്നു.
നാലു കിലോമീറ്റർ അകലെ ചിറക്കരയില്‍ ഫാം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി ഓടുമേഞ്ഞ വീട്ടിലാണ് തന്നെ പാർപ്പിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നു. ഈ ഫാമിലാണൊ വീട് എന്ന് പോലീസിന് സംശയമുണ്ട്.
വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് ഡിസയർ കാറിന് പുറമെ നീല നിറത്തിലുള്ള കാറും ഇവരുടെ പക്കലുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഡിസയർ കാർ വീടിന്റെ കാർ പോർച്ചിൽ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. പത്മകുമാറും കുടുംബവും ഈ കുറ്റകൃത്യത്തിൽ പങ്കാളിയായെന്ന വാർത്ത അവിശ്വാസത്തോടെയാണ് നാട്ടുകാർ കേട്ടത്. സൗമ്യനായ ഇയാൾക്ക് തമിഴ്‌നാട്ടിലും ബിസിനസ്സ് ഉണ്ടെന്ന് പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു.
ഭാര്യയും മകളും പദ്മകുമാറുമാണ് വീട്ടിൽ താമസം. മൂവരും ഒരുമിച്ച് കാറിലാണ് പുറത്തേക്ക് പോകുന്നത്. അല്ലാതെ പുറത്ത് കാണാറില്ല. അതുകൊണ്ടു തന്നെ നാട്ടുകാരും ഇവരുടെ കാര്യത്തിൽ അധികം ശ്രദ്ധിക്കാറില്ല. കുട്ടിയെ കാണാതായ ദിവസം ഈ നാട്ടുകാരും തിരച്ചിലിന് ഇറങ്ങിയിരുന്നു. എന്നാൽ ആ ദിവസം വെളള ഡിസയർ കാർ പുറത്തുപോയിരുന്നോ എന്ന കാര്യത്തിൽ അയൽവാസികൾക്കും വ്യക്തതയില്ല.
പരിചയക്കാരെ കണ്ടാല്‍ ഒന്നു ചിരിക്കുകയോ വിളിക്കുകയോ ചെയ്യുന്ന സ്വഭാവമായിരുന്നു പത്മകുമാറിന്റെത്. ജനിച്ചതും വളർന്നതും ഇവിടെയാണ്. പത്മകുമാറാണ് ചാത്തന്നൂരിലെ ആദ്യത്തെ കേബിൾ ടിവി ബിസിനസ് കൊണ്ടുവന്നതെന്നും നാട്ടുകാർ പറയുന്നു. പോലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായാലേ കുട്ടിയുടെ തിരോധാനത്തിൽ ഇവരുടെ പങ്ക് പൂർണമായും വ്യക്തമാകൂ.