തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിൽ ആണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ലോകമെമ്പാടുമുള്ള സഞ്ചാരികൾ ആയുർവേദത്തിന്റെ പരിവർത്തന രീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ പുനരുജ്ജീവനവും രോഗശാന്തിയും തേടുന്നു. കേരളത്തിന്റെ ആയുർവേദ ടൂറിസം ക്ഷേമം മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ആയുഷ് മന്ത്രാലയം രാജ്യത്തുടനീളം ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ഈ ചുവടുവയ്പ് ഒരു നാഴികക്കല്ലാണ്. പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സാർവത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനും ഇത് ഇന്ത്യയെ സഹായിക്കും. 8 വർഷം മുമ്പ് ഏകദേശം 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് ഏകദേശം 1.5 ലക്ഷം കോടി രൂപയിലെത്തി. ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയും ഇന്റർനെറ്റ് വ്യാപനവും വാഗ്ദാനം ചെയ്യുന്ന വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തി ടെലിമെഡിസിൻ- ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ആയുഷിന്റെ ലഭ്യത നഗര- ഗ്രാമീണ സമൂഹങ്ങളിൽ ഒരുപോലെ വിപുലീകരിക്കാൻ കഴിഞ്ഞു. ഏകദേശം 40,000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ) ആയുഷ് മേഖലയ്ക്ക് സജീവമായ സംഭാവന ചെയ്യുന്നു എന്നതു ശ്രദ്ധേയമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ചെലവ് കുറഞ്ഞ ആയുഷ് സേവനങ്ങളിലൂടെ ആയുഷ് ചികിത്സാസമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ദേശീയ ആയുഷ് ദൗത്യം ഏറെ ഫലപ്രദമാണ്. ആയുർവേദ ചികിത്സയെ വികസിപ്പിക്കുന്നതിനും ആരോഗ്യപരിപാലന മുഖ്യധാരയിലെത്തിക്കുന്നതിനുമുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനായിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.