ന്യൂഡല്‍ഹി: ഫെയ്സ്ബുക്കു വഴി പരിചയപ്പെട്ട പാകിസ്ഥാൻ ആസ്ഥാനമായുള്ള സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ച ശേഷം, ഏകദേശം 4 മാസത്തോളം പാക്കിസ്താനില്‍ താമസിച്ച് അഞ്ജു അരവിന്ദ് ഇന്ത്യയിലേക്ക് മടങ്ങി. ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ അവര്‍ സ്വന്തം നാടായ രാജസ്ഥാനിലെ ഭിവാഡിയിലുള്ള വീട്ടിലേക്ക് പുറപ്പെട്ടു.
എന്നാല്‍, രാജസ്ഥാനിൽ താമസിക്കുന്ന ഇവരുടെ മക്കള്‍ അഞ്ജുവിനെ കാണാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്. അഞ്ജു എത്തിയതിന് പിന്നാലെ വീടിന് ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളെയും അപരിചിതരെയും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശിപ്പിക്കൂ.
അഞ്ജുവിന്റെ 15 വയസ്സുള്ള മകളെയും 6 വയസ്സുള്ള മകനെയും ഇന്റലിജൻസ് ബ്യൂറോ (ഐബി) സംഘം അഞ്ജുവിന്റെ സ്ഥലത്തെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു. അഞ്ജുവിന്റെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആളുകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഭിവാഡി അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ദീപക് സൈനി പറഞ്ഞു. ആവശ്യമെങ്കിൽ അഞ്ജുവിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കഴിയും.
വാഗാ ബോർഡർ വഴി ഇന്ത്യയിലേക്ക് മടങ്ങിയ അഞ്ജുവിനെ പഞ്ചാബ് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അമൃത്സറിലെ ഐബിയും ചോദ്യം ചെയ്തതിനു ശേഷമാണ് ഡൽഹിയിലേക്ക് പോകാൻ അനുവദിച്ചത്. ഡൽഹിയിൽ വിമാനമിറങ്ങിയ അഞ്ജുവിനോട് പാക്കിസ്താനിലെ താമസത്തെക്കുറിച്ച് ചോദിച്ചെങ്കിലും അവര്‍ അതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. എന്നാൽ, ഇന്ത്യക്കാരനായ ഭർത്താവ് അരവിന്ദുമായി വിവാഹമോചനം നേടിയ ശേഷം മക്കളെ പാക്കിസ്താനിലേക്ക് കൊണ്ടുപോകുമെന്ന് അവർ പറഞ്ഞു.
മറുവശത്ത്, പാക്കിസ്താനിൽ നിന്ന് അഞ്ജു തിരിച്ചെത്തിയതിനെക്കുറിച്ച് അരവിന്ദിനോട് ചോദിച്ചപ്പോൾ, “എനിക്ക് ഒരു വിവരവുമില്ല, അതുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലും എനിക്ക് താൽപ്പര്യമില്ല. താനും അഞ്ജുവും ഇതുവരെ വിവാഹമോചിതരായിട്ടില്ല,” എന്നാണ് അരവിന്ദ് പറയുന്നത്.
വിവാഹമോചനത്തിന് മൂന്ന് മുതൽ അഞ്ച് മാസം വരെ സമയമെടുക്കും. ഇന്ത്യയിൽ വരാൻ ഒരു മാസത്തെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് അഞ്ജുവിന് ഇന്ത്യാ ഗവണ്മെന്റ് നല്‍കിയിട്ടുള്ളത്. വിവാഹമോചനത്തിന് ശേഷം മാത്രമേ അവർക്ക് മക്കളുടെ സംരക്ഷണം ലഭിക്കൂ എന്നാണ് നിയമവിദഗ്ധർ പറയുന്നത്.