കരൂർ: ഇന്ത്യാ സഖ്യത്തിന്റെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ മുൻ ഹിന്ദു വിരുദ്ധ നിലപാട് മയപ്പെടുത്തി തമിഴ്‌നാട് കായിക വികസന മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ.
“ഞാൻ ചെന്നൈയിൽ ഒരു കോൺഫറൻസിൽ പങ്കെടുത്ത് മൂന്ന് മിനിറ്റ് മാത്രമാണ് സംസാരിച്ചത്. എല്ലാവരേയും തുല്യമായി കാണണമെന്നും വിവേചനം പാടില്ലെന്നും വിവേചനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാക്കണമെന്നും മാത്രമാണ് ഞാൻ പറഞ്ഞത്. പക്ഷേ, അവർ എന്റെ അഭിപ്രായം വളച്ചൊടിച്ചു, രാജ്യം മുഴുവൻ എന്നെക്കുറിച്ച് സംസാരിച്ചു,” ഉദയനിധി സ്റ്റാലിൻ പറഞ്ഞു
മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് സനാതനധർമ്മം എന്നും , അതിനാൽ എതിർക്കുന്നതിനുപകരം അതിനെ തുടച്ചുനീക്കണമെന്നും ചെന്നൈയിൽ നടന്ന പുരോഗമന എഴുത്തുകാരുടെ സംഘം എന്ന ഒരു സംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പ്രസ്‌താവന നടത്തിയത്. വംശഹത്യക്ക് വേണ്ടിയുള്ള അധ്വാനമായാണ് ഉദയനിധിയുടെ പ്രസ്താവന പൊതുവെ വിലയിരുത്തപ്പെട്ടത്
മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ ഉദയനിധിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണം ഉണ്ടായി.എന്നാൽ അതിനെതിരെയും ശക്തമായി പ്രതികരിച്ചു കൊണ്ട് ഉദയനിധി മുന്നോട്ട് വന്നിരുന്നു. എന്തും നേരിടാൻ ഞാൻ തയ്യാറാണെന്നും ഇത്തരം കാവി ഭീഷണികൾ ഒന്നും എന്നെ ഭയപ്പെടുത്തില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ചെന്നൈ ഹൈക്കോടതി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിക്കുകയും ഉദയനിധി സ്റ്റാലിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് തമിഴ്‌നാട് പോലീസിനോട് ആരായുകയും ചെയ്തിരുന്നു.
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഇന്ത്യയൊട്ടാകെ വ്യാപകമായി പ്രചരിക്കുകയും രാജ്യവ്യാപകമായി ഇന്ത്യാ മുന്നണിക്കെതിരെ ജനരോഷം ഉയരുകയും ചെയ്തു.