ഫ്ലൂ (അദ്ധ്യായം 7): ജോണ്‍ ഇളമത

മലവെള്ള പാച്ചില്‍ കഴിഞ്ഞ്‌ ഒഴുകിപോയ അവശിഷ്ടങ്ങളുടെ ശേഷിപ്പുകളാണ്‌ നാട്ടില്‍ സെലിനായെ സ്വാഗതം ചെയ്തത്‌. ഇടക്കിടെ മണ്ണും കലക്ക വെള്ളവും ഒഴുകി ഒലിച്ചുണങ്ങിയ റോഡുകള്‍, പൊട്ടിപൊളിഞ്ഞ ചെറുവീടുകള്‍, ഒടിഞ്ഞുവീണ മരങ്ങളുടെ അവശിഷ്ടങ്ങള്‍, വിനാശം വിതച്ച കൃഷിയിടങ്ങള്‍. അവിടെയൊക്കെ മലയോര കര്‍ഷകരുടെ വേര്‍പ്പിലെ ഉപ്പും കണ്ണീരും മണക്കുന്നുണ്ടന്ന്‌ സെലീനാക്കു തോന്നി.

അപ്പനും, സേവ്യര്‍ എന്ന ചെറുപ്പക്കാരനും കൂടിയാണ്‌ സെലീനായെ എയര്‍പോര്‍ട്ടില്‍ നിന്ന്‌ കൂട്ടാനെത്തിയത്‌. സേവ്യറിന്റെ കാറായിരിക്കും എന്നുതന്നെ സെലീന ഈഹിച്ചു. ആ ഊഹം ശരിയായിരുന്നു. അപ്പനതു വെളിപ്പെടുത്തി.

“സേവ്യര്‍ ഈയിടെ പ്രൈവറ്റ്‌ ടാക്സി ഓടാനായി എടുത്ത പുത്തന്‍ മാരുതി കാറാ. അതും മോള്‍ക്കു തന്നെ കന്നി ഓട്ടം.”

കാര്‍ ഡ്രൈവ്‌ ചെയ്തിരുന്ന സേവ്യര്‍ മുമ്പിലെ മിററിലൂടെ സെലീനയെ നോക്കി പുഞ്ചിരിച്ചു മൊഴിഞ്ഞു:

“ഞാന്‍ അയല്‍ക്കാരോട്‌ ടാക്സികൂലി കൈപ്പറ്റുമെന്ന്‌ കരുതുന്നുണ്ടോ. ചേട്ടന്‍ വിളിച്ചതു കൊണ്ടു വന്നതാ”

അമ്മ പറഞ്ഞ രണ്ടാം കെട്ടുകാരനാകാന്‍ കാത്തിരിക്കുന്ന സേവ്യര്‍. കണ്ടിട്ട് തരക്കേടില്ല. അയാള്‍ക്ക്‌ തന്നോടിഷ്ടമുണ്ടന്നു തോന്നുന്നു. കാഴ്ചക്ക് എണ്ണക്കറപ്പെങ്കിലും സുമുഖന്‍. പ്രായവും തനിക്കപ്പുറം ഉണ്ടാകില്ല. ഇത്ര ചെറുപ്പത്തിലെ അയാളൂടെ ഭാര്യ എങ്ങനെയൊണ് മരിച്ചത്! എന്തെല്ലാം കാരണങ്ങളുണ്ടാകാം. കാന്‍സര്‍, അല്ലങ്കില്‍ മറ്റേതെങ്കിലും വ്യാധിയായിരിക്കുമോ! മക്കളില്ലന്നല്ലേ പറഞ്ഞത്‌. ഒരു കുടുംബം ഉണ്ടാകുന്നതു കാത്തിരുന്ന നിര്‍ഭാഗ്യവതിയായ ഭാര്യ! അല്ലങ്കിലും അതങ്ങനെയാണ്‌. ആശിക്കുന്നതൊക്കെ അകുന്നുപോകും. ആശിക്കാത്തത്‌ അരികിലേക്കും ഓടിഎത്തും. ചിലപ്പോള്‍ ഒരു നിമത്തം പോലെ അപ്രതീക്ഷിതമായി ഓടിയെത്തുന്നതു ശ്രേഷഠവുമായി ഭവിക്കാം.

കാര്‍ സേവ്യറിന്റെ വീടിനു മുറ്റത്തുവന്നു നിന്നു. ഇടത്തരം വാര്‍ക്ക കെട്ടിടം. മുറ്റത്ത്‌ റബര്‍ ഷീറ്റുകള്‍ ഉണങ്ങാനിട്ടിരിക്കുന്നു. കാപ്പിയുടെയും കുരുമുളകിന്റെയും ഗന്ധം ഇളംകാറ്റില്‍ ചൂറ്റിയടിക്കുന്നു. കുറുങ്കാലില്‍ നടന്നു വന്ന വെളുത്ത ഒരു പൊമേറിയന്‍ നായ അവരെ എതിരേറ്റു. വീടിന്‌ പടിഞ്ഞാറ്‌ അല്പം മാറി കമ്പിവലകള്‍ കൊണ്ട്‌ കെട്ടിപൊക്കിയ ഷെഡ്ഡില്‍ പിടക്കോഴികള്‍ മുട്ടയിട്ടെഴുന്നേറ്റ്‌ ‘കൊക്കാരാ’ ശബ്ദം പുറപ്പെടുവിക്കുന്നു. അവരെ പ്രോത്സാഹിപ്പിക്കുന്ന പൂവന്‍ കോഴികള്‍ വല്ലപ്പോഴുമാരിക്കല്‍ നീട്ടിക്കൂവി കീര്‍ത്തനം ആലപിക്കുന്നു. അതോടു ചേര്‍ന്ന തൊഴുത്തില്‍ പലതരം പൂവാലിപശുക്കള്‍, കറാച്ചി മുതല്‍ വെച്ചൂര്‍ വരെ. അവ ചെത്തിഅരിഞ്ഞ പച്ചപ്പുല്ലുകള്‍ നീണ്ട നാക്കുകളില്‍ വളച്ചുചുറ്റി കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു, മറ്റു ചിലവ തിന്നുപൂര്‍ത്തിയായി അയവിറക്കി നില്‍ക്കുന്നു.

ഏവരും വീടിന്റെ പൂമുഖത്തേക്ക്‌ പ്രവേശിച്ചു ഈശോയുടെ തിരുഹൃദയത്തിന്റെ മുമ്പില്‍ താഴെ കത്തുകയും, കെടുകയും ചെയ്യുന്ന മെഴുകുതിരിയുടെ ആകൃതിയിലുള്ള ഇലക്ട്രിക് ബള്‍ബ്‌ കണ്ണു ചിമ്മിയടക്കുന്നു. അതിനിരുപുറവും മരിച്ചുപോയ അപ്പനമ്മമാരുടെ ഫോട്ടോകള്‍. അതിനടുത്ത്‌ ഒരു ചെറുപ്പക്കാരിയുടെ തരക്കേടില്ലാത്ത ഫോട്ടോയും. അതായിരിക്കാം സേവ്യറിന്റെ ഭാര്യ! സെലീന ആ ഫോട്ടോയില്‍ ഒരു നിമിഷം നോക്കിനിന്നു. വീണ്ടും വീണ്ടും അവള്‍ ആലോചിച്ചു. എന്തായിരിക്കാം ഈ ഹതഭാഗ്യയായിരുന്ന ഭാര്യയുടെ മരണ കാരണം!

പെട്ടന്ന്‌ അവളുടെ ആലോചനയുടെ കെട്ടപൊട്ടിച്ചുകൊണ്ട്‌ സെലീനായുടെ അമ്മ ഓടിവന്ന്‌ അവളെ കെട്ടിപുണര്‍ന്നു. അമ്മ നന്നേ ക്ഷീണിച്ചിരിക്കൂന്നു. ഒട്ടിയ കവിളുകള്‍, കുഴിഞ്ഞ കണ്ണുകള്‍. വാര്‍ദ്ധ്യക്യം ഒരളവില്‍ അമ്മയെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിട്ടുണ്ടന്ന്‌ സെലീനാക്ക്‌ തോന്നി. എത്ര മക്കളെ പെറ്റുവളര്‍ത്തിയ തളര്‍ന്ന അമ്മ. പഴയ തലമുറ അങ്ങനെയായിരുന്നു. ആണ്ടുതോറും പെറ്റുകൂട്ടുന്ന കുടംബം. അംഗസംഖ്യയാണ്‌ പ്രത്യകിച്ചും കുടിയേറ്റ മലയോര കര്‍ഷകന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നത്‌. ആണ്‍മക്കളാകണം ഏറെയും. പക്ഷേ ഞങ്ങളുടെ കുടുംബം പെണ്‍മക്കളെകൊണ്ടു നിറഞ്ഞു. അതുകൊണ്ടാണ്‌ എനിക്ക്‌ അന്യദേശത്തേക്ക്‌ ജോലിതേടി പോകേണ്ടി വന്നത്‌. കുടുംബം നിലനിര്‍ത്താന്‍. അങ്ങനെയും പെണ്‍മക്കള്‍ തോല്‍ക്കാന്‍ തയ്യാറില്ല എന്ന്‌ തെളിയിക്കാന്‍ വേണ്ടി. പണം കൂടുതലുണ്ടാക്കുന്നു, ആണ്‍മക്കളേറെയുള്ള കൃഷിക്കാരേക്കാളേറെ. മുകളില്‍ പുരയുടെ ഉത്തരത്തില്‍ ഓടി നടന്ന ഒരു പല്ലി ചിലച്ചു. പല്ലി ചിലക്കുന്നത് ശുഭലക്ഷണമെന്ന്‌ കേടിട്ടുണ്ട്‌. എന്തു ശുഭവാര്‍ത്തയാണ്‌ എന്നെ എതിരേല്‍ക്കാനുള്ളതെന്ന്‌ സെലനാ ഓര്‍ത്തു. സേവ്യറുമായ ഒരു വിവാഹാലോചനയോ! അതുമിപ്പോള്‍ ചിന്തിക്കാറായിട്ടില്ല. ആദ്യമുണ്ടാകേത്‌ ഒരു വീടാണ്‌. ഒഴുകിപോയ വീടിനു പകരം. അതിനേറെ പണം വേണം. പണ്ടത്തെ കാലമൊക്കെ പോയി. ലക്ഷങ്ങള്‍ മുടക്കണം. എങ്കിലേ ഇപ്പോഴത്തെ അന്തസ്സിനു ചേര്‍ന്ന ഒരു പുര പണിയാന്‍ കഴിയു. ഇങ്ങനെയൊക്കെ സെലീനാ ചിന്തിച്ചിരിക്കവേ, നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഊണ്‍മേശയില്‍ നിരന്നു. കപ്പ, കാച്ചില്‍, ചേന ഇവ പുഴുങ്ങിയത്, ചക്കപുഴുക്ക്, പുഴമീന്‍ തോട്ടുപുളിയിട്ടു വെച്ച മുളകു കറി, പോര്‍ക്ക്‌ പിരളന്‍ കറി ഇവയൊക്കെ കഴിച്ചിട്ട് എത കാലമായി. സെലീനായുടെ വായില്‍ വെള്ളമൂറി. കടുകിന്റെയും, കരിയേപ്പിലയുടെയും നാടന്‍ വെളിച്ചണ്ണയുടെയും നറുമണം. ഗൃഹാതുരത്വം ഉയര്‍ത്തണീറ്റു. ഇവയൊക്കെ വല്ലപ്പോഴുമൊരിക്കല്‍ ഫ്ലോറന്‍സില്‍ കിട്ടിയെങ്കിലായി. എങ്കില്‍തന്നെ ഏറെ വില കൊടുക്കണം. ഒയിറോയെ ഇന്ത്യ൯ രൂപയായി ഗുണിച്ചുകൂട്ടുമ്പോള്‍ സാധാരണഗതിയില്‍ ഈ സൗഭാഗ്യമൊക്കെ വേണ്ടന്നു വെക്കും മിക്കപ്പോഴും.

ഉപ്പും, എരിവും, പുളിയുമുള്ള നാടന്‍ ഭക്ഷണം. ഏറെക്കാലത്തിനുശേഷം ആസ്വദിച്ച ചാരിതാര്‍ത്ഥ്യം സെലീനയെ വീണ്ടും ഒരിക്കല്‍കൂടി ഉന്മേഷവതിയാക്കി. ബാല്യം കുട്ടിക്കാലം ഇവയെല്ലാം കൈയ്യെത്താദുരത്തേക്ക്‌ പറന്നുപോയി. പിന്നിട് തിളച്ചുപൊങ്ങിയ യൗവനത്തിലേക്കുള്ള കുതിപ്പ്‌. ആ കുതിപ്പില്‍ നിറയെ സ്വപ്നങ്ങളായിരുന്നു.ചിറകു വരിച്ചു പറന്നു നടക്കാന്‍ ഹരം തരുന്ന പകല്‍കിനാക്കുളുടെ കാലം. പാറക്കു മുകളിലൂടെ കുത്തിയൊലിച്ച്‌ പതിക്കുന്ന വെള്ളച്ചാട്ടം പോലെ. മനസ്സിനെ കടിഞ്ഞാണ്‍ ഇട്ടു നിര്‍ത്താന്‍ പ്രയാസമായിരുന്നു. ഒഴുകിഒഴുകി പോകുന്ന ഒരു പ്രവാഹം. അപ്പോഴത്തെ ഒരു പ്രണയം ഇന്നും ഓര്‍മ്മയില്‍ കളിതമാശപോലെ ചിതറികിടക്കുന്നു.

പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ കണ്ടുമുട്ടിയ ചുരുളന്‍ മുടിയും പഴുതാര മീശയമുള്ള സുര്രേന്ദന്‍ സാറിനെ ഓര്‍ത്തു. മലയാള സാഹിത്യത്തില്‍ ബിരുദമെടുത്ത അദ്ധ്യാപകനായി ആരംഭിച്ചിട്ടേയുള്ളു. എന്നെക്കാള്‍ ആറോ ഏഴോ മാത്രം പ്രായക്കൂടുതല്‍. അല്ലെങ്കിലും പ്രണയത്തിനെന്ത്‌ പ്രായവും, ജാതിയും മതവുമൊക്കെ. കാമദേവന്റെ പുഷ്പശര വര്‍ഷത്തില്‍ പ്രണയമുണ്ടാകുമെന്നല്ലേ സാറ് പഠിപ്പിച്ചത്‌. അതും തന്നെ കവികളും പാടുന്നു. യൗവനം പൂത്തുലയാന്‍ കാത്തിരിക്കുന്ന അക്കാലത്ത്‌ അതൊരാവേശമായിരുന്നു.ഒരു തിരതെള്ളല്‍ പോലെ മറ്റെല്ലാം കണ്‍മുമ്പില്‍ നിന്നു മുങ്ങിപ്പൊങ്ങുന്ന ഒരു ഉന്മാദം പോലെ.

അക്കാലത്ത്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു കവിതാമത്സരം അറിയിപ്പായി വന്നു. മലയാള വിഭാഗം ഏര്‍പ്പടുത്തുന്ന മത്സരം, പുതിയ കവികളെ കണ്ടെത്താന്‍ വേണ്ടി. സമ്മാനാര്‍ഹമാകുന്ന കവിത കോളജ്‌ മാഗസീനില്‍ വര്‍ഷാവസ്സാനം പ്രസിദ്ധികരിക്കും. കൂടാതെ, കോളേജ്‌ ഡേക്ക്‌ പുരസക്കാരവും. വിഷയം പ്രണയം. ഞാനും അതില്‍ പങ്കെടുത്തു. പണയം പൂത്തുലഞ്ഞു നില്‍ക്കുന്ന വസന്തമാണന്നും, ഞാന്‍ ആ കുളിര്‍കാറ്റില്‍ തലയാട്ടുന്ന ഒരു പനനീര്‍പുഷ്പമാണെന്നും പ്രന്തണ്ടുവരി കവിത എഴുതി അതില്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം എനിക്ക്‌ കിട്ടിയില്ലങ്കില്‍ തന്നെ എനിക്കൊരു പ്രോത്സാഹന സമ്മാനം കിട്ടി. സമ്മാന നിര്‍ണ്ണയക്കമ്മിറ്റിയുട ചെയര്‍മാന്‍ സുര്രേന്ദന്‍ സാറു തന്നെയായിരുന്നു. പ്രോത്സാഹന സമ്മാനമായ ആ കവിത എനിക്ക്‌ തിരിച്ചുതരുമ്പോള്‍ സുര്രേന്ദന്‍ സാര്‍ അച്ചടി പോലെയുള്ള കൈയ്യക്ഷരത്തില്‍ ഇത്രയും കുറിച്ചിട്ടു…

“എനിക്ക്‌ സെലീനയെ ഇഷ്ടമാണ്‌. വസന്തത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന, കുളിര്‍കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന ആ പനനീര്‍പൂവിലേക്ക്‌ ഞാനൊരു കരിവണ്ടായി പറന്നു വരട്ടെ! ഇഷ്ടത്തോടെ, സുര്രേന്ദന്‍!”

അതൊരു പ്രണയലേഖനം പോലെ ഒളിപ്പിച്ചു വെച്ചു. പിന്നെ പിന്നെ സാറിനെ കാണുബോള്‍ സുന്ദര സ്വപ്നം കണ്ടു. സാറിന്റെ കണ്ണുകള്‍ പുഷപശരംപോലെ തറക്കുമ്പോള്‍ നാണം കൊണ്ടെന്റെ ശിരസ്സു താണു. അപ്പോഴക്കെ ശാകുന്തളത്തിലെ, മുനികുമാരി ശകുന്തളയെ ഓര്‍ത്തു. ദുഷ്യന്ത മഹാരാജാവിനു മുമ്പില്‍ ദര്‍ഭമുന കൊണ്ട ശകുന്തളയെപ്പാലെ. ദര്‍ഭമുന കൊണ്ടിട്ടോ അല്ലാതയോ തിരിഞ്ഞുനോക്കിയ ശകുന്തള കാല്‍വിരല്‍കൊണ്ട്‌ കളം വരച്ചു നിന്ന ശകുന്തളയെ സാര്‍ വര്‍ണ്ണിച്ചിട്ടുണ്ട്‌. പുരാതന ഗ്രീസിലെ ഹോമര്‍ എന്ന പൊട്ടക്കണ്ണനായ മഹാകവിയേപ്പോലെ ലോകപ്രസിദ്ധനായ മഹാകവിയയിരുന്നു ശാകുന്തളം രചിച്ച കാളിദാസ മഹാകവി എന്ന്‌ മുമ്പൊരിക്കല്‍ ഡേവ്‌ പറഞ്ഞു തന്നിരുന്നത്‌ ഞാനോര്‍ത്തു.

നീട്ടി കവിതകള്‍ ഈണത്തില്‍ പാടുന്ന ഒരു കവി കൂടി ആയിരുന്നു സുര്രേന്ദന്‍ സാര്‍. കാളിദാസന്റെ ശാകുന്തളവും, ആശാന്റെ വീണപുവുംം, ചങ്ങമ്പുഴയുടെ രമണനും, സുര്രേദ്രന്‍ സാറിന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ എന്തു രസമായിരുന്നു. സാറിന്റെ കവിത ഒരു ഉന്മാദംപോലെ എന്റെ മനസ്സിലേക്കൊഴുകി. അത്‌ എന്നെ വീണ്ടും കൂടുതല്‍ പ്രണയപരവശയാക്കി.

ഒരിക്കല്‍ ഞാന്‍ ഒറ്റക്കായപ്പോള്‍ സാര്‍ എന്നോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു…

“മറുപടി കിട്ടിയില്ലല്ലോ”

ഏതോ ഭയം കൊണ്ടും നാണം കൊണ്ടും ഞാന്‍ തലകുനിച്ചു നടന്നു മാറി. കണ്ണില്‍ അനേകായിരം നക്ഷത്രങ്ങള്‍ പൂത്തു നില്‍ക്കുന്നെന്ന്‌ എനിക്കു തോന്നി. അവ നക്ഷത്ര പൂക്കളായി പൂത്തിരിപോലെ കത്തിവിടരുന്നു. പ്രണയത്തിന്റെ ആദ്യ ബാലപാഠം. കുമാരികളില്‍ പ്രണയം വിടരുന്നതങ്ങതെന്നെയെന്ന്‌ പില്‍ക്കാലത്താണ്‌ ഞാനതിനെ വിലയിരുത്തിയത്. പെണ്‍കുട്ടികളില്‍ പ്രണയം വിടരുന്നത്‌ ആണ്‍കുട്ടികളെപ്പോലെയല്ലെന്നെനിക്കു തോന്നി. അത്‌ ഒരുപക്ഷേ, പ്രണയം ഉരുകി ഒലിച്ച്‌ കട്ടിപിടിക്കുന്നതു സാവധാനമായിരിക്കണം. ഭയത്തിന്റെ മറ സാവധാനം മാറിവരണം, പ്രത്യേകിച്ച് ഒരു അന്യ മതക്കാരന്‍! ഏറെ കടമ്പകള്‍ മുമ്പിലുണ്ട്. എന്ത്‌ മറുപടി എഴുതണം, പറയണം. അങ്ങനെ എന്തിനേയും അതിജീവിക്കാന്‍ കരുത്തുള്ള പ്രണയസാഫല്ല്യത്തില്‍ നീന്തി തുടിക്കവേയാണ്‌ പ്രിയ കൂട്ടുകാരി ഷൈനി ഞെട്ടിക്കുന്ന ആ വാര്‍ത്ത അറിയിച്ചത്‌.

“അറിഞ്ഞോ നീ! നമ്മുടെ സുര്രേന്ദന്‍ സാര്‍ എങ്ങോ ഒളിവിലാണ്… പോലീസ്‌ അന്വേഷിച്ചു നടക്കുന്നു.”

“നേരോ?”

എന്റെ മനസ്സിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി! നീണ്ടുമെലിഞ്ഞ്‌ ഇരുനിറക്കാരനായ സുര്രേന്ദന്‍ സാറിന്റെ കണ്ണുകള്‍ക്ക്‌ പ്രത്യേക മാസ്മരിക ശകതിയുണ്ടായിരുന്നു. ആ കണ്ണുകളാണാണ്‌ എന്നെ അങ്ങനെ ഒരു പ്രണയവലത്തിലാക്കിയത്‌. എന്തോ ഹൃദയത്തെ കൊത്തിവലിക്കുന്നപോലെയോ, അല്ലങ്കില്‍ ഒരു കാരമള്ളു ഉള്ളിലുടക്കിയതുപോലയോ ഒരു അസ്വസ്തമായ തോന്നല്‍ ഉളവാക്കിയത്‌. തിളിച്ചുകൊണ്ടിരൂന്ന യൗവനം. അവിടെ സം‌യമനം ചിലപ്പോള്‍ അസാധ്യമാകാം. അതിന്‌ കാരണക്കാരന്‍ സുര്രേന്ദന്‍ സാറു തന്നെയായിരുന്നില്ലേ! സാറിന്റെ അന്നത്തെ ആ ചോദ്യവും, ക്ലാസെടുക്കുമ്പോഴുള്ള ആ തറച്ച നോട്ടവും. എന്തായാലും അതങ്ങനെ അത് അവസാനിച്ചതു നന്നായി എന്നു തോന്നി. അല്ലാരുന്നെങ്കില്‍ പെട്ടുപോയേനെ. ഒരു മേല്‍ഗതിയുമില്ലാതെ ജീവത്തിലേക്ക്. അല്ലങ്കില്‍ അതിനുമപ്പുറം മതാപിതാക്കളെ സഹായിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലേക്ക് തള്ളിനീക്കപ്പെട്ട് പോയേനെ…! ഷൈനി മുഴുവിപ്പിച്ചു…

“എന്താ കാരണമന്നല്ലേ! അപ്പേഴേ എനിക്കു തോന്നിയിട്ടുണ്ട്‌. നീ ശ്രദ്ധിച്ചിരുന്നുവോ? സാറ്‌ ഒരു വിപ്ലവകാരി ആയിരുന്നെന്ന്‌. ഇടതുപക്ഷം ചായ്‌വുണ്ടായിരുന്നു സസാരത്തിലേറെ. പക്ഷേ, അതൊരു കഠിന വിപ്ലവത്തിലേക്ക്‌ മട്ടു മാറി ഒരു നക്സല്‍ ഗ്രുപ്പില്‍ ചെന്നു പെട്ടു. ഇനി ഒരിക്കലും സാറിനെ കണ്ടുകിട്ടാനാവില്ലന്നാണ്‌ സംസാരം. എന്തായാലും നിന്റെ ആദ്യ പ്രണയം കാലഹരണപ്പെട്ടു, അത്രതന്നെ.”

“പേകാം, നമ്മുടെ വീട്ടിലേക്ക്..”

സേവ്യര്‍ നമ്മെ വീട്ടിലാക്കാന്‍ കാറ്‌ സ്റ്റാര്‍ട്ടാക്കി നില്‍ക്കുന്നു!

അപ്പന്റെ സ്വരം കേട്ട്‌ സെലീനാ ചിന്തയില്‍ നിന്നുണര്‍ന്നു. അതെ, സ്വന്തം വീട്ടിലേക്ക്‌ അവിടെ പനമ്പും, ഓലയും കൊണ്ട്‌ പുല്ലുമഞ്ഞ്‌ ഒരു താത്ക്കാലിക കൂരപ്പുര കെട്ടിയിട്ടുണ്ട്. അത്‌ പൊളിച്ചുമാറ്റി ചൊവ്വേ നേരെ അല്പം മെനയായി ഒരു നല്ല വീടു വെക്കണം. ഒരു വാര്‍ക്ക കെട്ടിടം. എല്ലാറ്റിനും വിലകൂടി. തടിക്കും സിമന്‍റിനും, കമ്പിക്കും ഒക്കെ എന്നാണ്‌ അപ്പന്‍ പറഞ്ഞത്‌. എത്ര ലക്ഷം ആകുമോ എന്തോ! അപ്പോള്‍ കാറ്‌ ഓടിക്കൊണ്ടിരുന്നു, കാപ്പിത്തോട്ടത്തിലുടെ. കാറ്റില്‍ കാപ്പിയുടെ സുഗന്ധം സെലിനെയെ ഉന്മേഷവതിയാക്കി.

(തുടരും……)

Print Friendly, PDF & Email

Leave a Comment

More News