ഫ്ലോറിഡ: കുവൈറ്റില്‍ നിന്നും സഹപാഠികള്‍ക്കൊപ്പം ഫ്ലോറിഡയിലെ നാസ സന്ദര്‍ശനത്തിനായെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രജോബ് ജെബാസ് മരണത്തിനു കീഴടങ്ങി. സംഘം താമസിച്ചിരുന്ന ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ വീണതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പ്രജോപ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നവംബർ 23 നാണ് പ്രജോപ് അപകടത്തിൽ പെടുന്നത്. പൂളിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് പ്രജോപിന്റെ ആരോഗ്യനില ഏറെ വഷളാക്കി. തുടർന്ന് വെന്റിലേറ്ററേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി.
കുവൈറ്റിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രജോപ്. അറുപത് വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘമാണ് നാസയുടെ ഗവേഷണ കൗതുകങ്ങൾ കാണാൻ അമേരിക്കയിലെത്തിയത്. നവംബർ 23 രാവിലെ നീന്തല്‍ക്കുളത്തില്‍ മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് പ്രജോപ് അപകടത്തിൽപ്പെട്ടത്. 10-15 മിനിറ്റോളം പ്രജോപ് വെള്ളത്തിനടിയില്‍ കിടന്നിട്ടുണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു.
പ്രജോപിന്റെ ചികിത്സയ്ക്കായി പ്രജോപിന്റെ സുഹൃത്തുക്കള്‍ ഗോഫണ്ട് മീ വഴി ഇതുവരെ 40,000 ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു.
തമിഴ്‌നാട് രാധാപുരം താലൂക്കിലെ കല്ലികുളം സ്വദേശിയാണ് പ്രജോപ്. മാതാപിതാക്കൾക്ക് കുവൈറ്റിലാണ് ജോലി. അവരും പ്രജോപി സഹോദരനും ഫ്ലോറിഡയിലെത്തിയിട്ടുണ്ട്. മൃതദേഹം കുവൈത്തിലെത്തിക്കാൻ ഒരാഴ്ചയോളമെടുക്കുമെന്നാണ് വിവരം.