തിരുവനന്തപുരം : ജാതിമത വ്യത്യാസങ്ങൾക്കതീതമായി ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് യുവ ഡോക്ടര്‍ ഷഹാനയുടെ ആത്മഹത്യയെക്കുറിച്ച് പ്രശസ്ത നടനും മുൻ എംപിയുമായ സുരേഷ് ഗോപി. സംഭവത്തോട് പ്രതികരിച്ച സുരേഷ് ഗോപി സ്ത്രീധന സമ്പ്രദായം തുടച്ചുനീക്കേണ്ടതിന്റെ അനിവാര്യത ഉറപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
സ്ത്രീധന സമ്പ്രദായങ്ങൾ അവസാനിപ്പിക്കണമെന്ന് തന്റെ പ്രസ്താവനയിൽ നടൻ ആഹ്വാനം ചെയ്തു. ഈ ദോഷകരമായ പാരമ്പര്യം ഇല്ലാതാക്കാൻ സമൂഹം കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെടുന്നവരും അത് സ്വീകരിക്കുന്നവരും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
“ഷഹന എന്നല്ല, ഇതു പോലെ ഉള്ള ഏത് പെണ്‍ മക്കള്‍ ആയാലും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേയ്‌ക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം.. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. ഡോക്‌ടര്‍ ഷഹാന ജീവിക്കണം. കരുത്തും തന്‍റേടവും ഉള്ള സ്ത്രീ മനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS,” – ഇപ്രകാരമാണ് സുരേഷ് ഗോപി കുറിച്ചത്.
അതേസമയം സംഭവത്തില്‍ സുഹൃത്തും സഹ ഡോക്‌ടറുമായ കൊല്ലം സ്വദേശി ഇഎ റുവൈസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഡോ റുവൈസിന്‍റെ അറസ്‌റ്റ്. ആത്മഹത്യ പ്രേരണാ കുറ്റത്തിനും സ്‌ത്രീധന നിരോധന നിയമപ്രകാരവുമാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റുവൈസിനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്.
വെഞ്ഞാറമൂട് സ്വദേശിനിയായ ഡോക്‌ടര്‍ ഷഹന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്‌തത്. മെഡിക്കല്‍ കോളജിന് സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്ലാറ്റിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹന മരണത്തിന് കീഴടങ്ങി.
അടുത്തിടെ ഷഹനയുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള സ്‌ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം കാരണം വിവാഹം മുടങ്ങിയതായും അതിന്‍റെ നിരാശയിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ഫ്ലാറ്റില്‍ നിന്നും ഡോക്‌ടറുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. സ്‌ത്രീധനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കും വിധമുള്ളതാണ് ആത്മഹത്യ കുറിപ്പ്. സുഹൃത്തായ ഡോ. റുവൈസുമായാണ് ഷഹനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ തീയതി അടുത്തിരിക്കെ വരനും കുടുംബവും ഭീമമായ സ്‌ത്രീധനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്‌ത്രീധനം നല്‍കാന്‍ കുടുംബത്തിന് കഴിയാത്തത് കൊണ്ട് നിശ്ചയിച്ച വിവാഹം മുടങ്ങി. ഇതേ തുടര്‍ന്ന് ഷഹന മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: ദിശ – 1056
https://www.facebook.com/ActorSureshGopi/posts/894891862005832?ref=embed_post