ഒരേ നാട്ടിൽ, ഒരേ നാൾ ജനിച്ചവർ എന്നതൊഴിച്ചാൽ ഞങ്ങൾക്ക് പ്രത്യേകതകൾ ഒന്നുമുണ്ടായിരുന്നില്ല. ഒരേ ക്‌ളാസ്സുകളിൽ അല്ലെങ്കിലും, കോളജിൽ പ്രീ ഡിഗ്രി വരെ ഒരുമിച്ചു പഠിക്കയും കാനം സെന്റ് തോമസ് ബസ്സിൽ പലപ്പോഴും ഒരുമിച്ചു യാത്ര ചെയ്ത് സുഹൃത്തുക്കളായിരുന്നു കാനം രാജേന്ദ്രനും ഞാനും.
കോളേജിൽ പഠിക്കുമ്പോൾ ഞാൻ മിക്കവാറും ഏല്ലാ സിനിമകളും കാണുമായിരുന്നു. പക്ഷേ ക്ലാസിക്കൽ സിനിമകൾ പ്രത്യേകിച്ചും വിദേശ സിനിമകൾ കാണാൻ രാജേന്ദ്രൻ മാറ്റിനിയ്ക്ക് കൂട്ടുണ്ടായിരുന്നു എന്നത് ഇന്നും പരമ രഹസ്യം. അതും കഴിഞ്ഞു, വൈകിട്ടത്തെ എക്സ് സർവീസ് ബസ്സിൽ കാനത്തിൽ രാത്രി ചെന്നെത്തുമ്പോൾ ഞങ്ങൾ വളരെ കുറച്ചു പേർ മാത്രമെ കാണുകയുള്ളായിരുന്നു.
നല്ല സിനിമകളെ വിശകലനം ചെയ്ത് സംസാരിക്കാനുള്ള കഴിവ് രാഷ്ട്രീയ വിശകലനത്തിലും അദ്ദേഹം പിന്നീട് പ്രകടിപ്പിച്ചു.
അന്നൊക്ക മിതഭാഷി ആയിരുന്നെന്നു മാത്രമല്ല, നാട്ടിലെ പലരുമായി സംസാരിക്കുന്നതു പോലും രാജേന്ദ്രന് അത്ര പ്രിയമല്ലായിരുന്നെന്നു എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷേ, എന്തുകൊണ്ടോ അന്ന് പ്രചാരത്തിലുണ്ടായിരുന്ന “സോവിയറ്റ് നാട്” സ്ഥിരം വായിച്ചു വളരുകയും, അതിലെ റഷ്യൻ ചരിത്ര സംഭവങ്ങൾ എത്ര വൈകാരികതയോടെയാണ് രാജേന്ദ്രൻ എന്നോട് പങ്കു വെച്ചിരുന്നതെന്നും ഞാൻ അത്ഭുതപ്പെട്ടിരുന്നു. ഇയ്യാൾ ഒരു രാഷ്‌ട്രീയ നേതാവ് ആകുമെന്നോ, ഒരു എം എൽ ഏ ആകുമെന്നോ അക്കാലത്തു ഞാൻ കരുതിയതേ ഇല്ല. ഞാൻ അഖില കേരളാ ബാലജനസഖ്യം കേന്ദ്രക്കമ്മറ്റിയിൽ വാഴൂർ യൂണിയൻ പ്രതിനിധി ആയിരിക്കുന്നതിനോട് അത്ര പ്രിയമില്ലെന്നു എന്നോട് പറഞ്ഞിരുന്നത് എന്തിനെന്നു എനിക്ക് ഒരു പിടിയും കിട്ടിയിരുന്നില്ല. “താനിതിലൊന്നും ഒതുങ്ങേണ്ട ആളല്ലെടോ” എന്ന് എന്നോട് പറയുമ്പോൾ, ഒരിക്കലും രാഷ്ട്രീയമോ സാമൂഹ്യസേവനമോ എന്റെ വിഷയമായി തോന്നാതിരുന്നതിനാൽ, ഞാൻ പ്രത്യാശയോ നിരാശയോ പ്രകടിപ്പിച്ചതുമില്ല.
എന്നാൽ വര്ഷങ്ങള്ക്കു ശേഷം ഞാൻ കേന്ദ്ര ഗവണ്മെന്റിനു കീഴിൽ ജോലിയായി ഡൽഹിയിൽ ഇരിക്കുമ്പോൾ, ഒരു സുപ്രഭാതത്തിൽ ഇതാ വരുന്നു ഏ ഐ വൈ എഫ് സെക്രട്ടറി ആയി കാനം രാജേന്ദ്രൻ എന്ന അനിഷേധ്യ നേതാവ് .
അന്നു വൈകിട്ട്, എൻ റ്റീ സീ എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് ജോർജ് ഫെർണാണ്ടസ്, ജനറൽ സെക്രട്ടറിയായ എന്റെയും പടം വെച്ച പോസ്റ്റർ കണ്ടിട്ട് , നാഷണൽ കോൺഫറൻസ് നടക്കുന്ന ഓഡിറ്റോറിയത്തിൽ രാജേന്ദ്രൻ തേടിപ്പിടിച്ചു വന്നിരിക്കുന്നു എന്നെ കാണാൻ!
ഇതിനകം കാനം രാജേന്ദ്രൻ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തൊൻപതാം വയസ്സിൽ ഏ ഐ വൈ എഫിലൂടെ രാഷ്ട്രീയത്തിൽ കാലു കുത്തി, ഇരുപത്തൊന്നാം വയസ്സിൽ സംസ്ഥാന സെക്രട്ടറി ആയത് യാദൃശ്ചികമായല്ല. ഇരുപത്തിയെട്ടാം വയസ്സിൽ സി പി ഐ യുടെ സംസ്ഥാന സമിതിയിൽ അവരോധിക്കപ്പെട്ടതു മുതൽ, തന്റെ പാർട്ടിയുടെ നിലപാടുകൾ കൃത്യമായി വ്യക്തമാക്കിയതിലൂടെ, കാനം രാജേന്ദ്രൻ ഇടതുസഖ്യത്തിന്റെ ശക്തനായ നെടുംതൂൺ ആയി വളർന്നുകൊണ്ടിരുന്നു.
1982 ലും 1987 ലൂം തന്റെ സ്വന്തം തട്ടകമായ വാഴൂർ നിയോജകമണ്ഡലത്തിൽ നിന്നും യുവ എം എൽ ഏ ആയി ജനസ്സമ്മതി നേടി.
“ചോദ്യോത്തരവേളയിൽ സ്പീക്കർ ചോദ്യം ഉന്നയിക്കുന്ന അംഗമായ കാനത്തിന്റെ പേരു പറയുമ്പോൾ സഭയിലിരിക്കുന്ന കാനം പുഞ്ചിരിയോടെ കൈ ഉയർത്തും. സഭാ ജീവിതത്തിൽ കാനം ഈ രീതി തുടർന്നു. ഉത്തരം കിട്ടിയാലും ഉപചോദ്യങ്ങളുടെ പെരുമ്പറ മുഴക്കുന്നത് സഭാതലത്തിൽ കാനത്തിന്റേതായ പ്രത്യേക കഴിവ്. ചർച്ചകളിൽ പങ്കെടുക്കുമ്പോൾ വിഷയത്തിൽ ആഴ്ന്നിറങ്ങി ഉദാഹരണങ്ങൾ സഹിതം നിരത്തി പ്രസ്താവിക്കപ്പെടുന്നത് എന്നെ ആശ്ചര്യകുലനാക്കിയിട്ടുണ്ട്. വാക്കുകൾ കേൾക്കുന്ന ആരും ജിജ്ഞാസഭരിതനായി നോക്കുo. കാനത്തിന്റെ വ്യക്തിത്വം രാഷ്ട്രീയ രംഗത്ത് പ്രതിഭാസം തന്നെയാണ്. സി.പി.ഐ യുടെ അമരക്കാരനാകാനുള്ള യോഗ്യത നേടിയതും ഈ പ്രതിഭാസം തന്നെയാണ്. കർക്കശമായ നിലപാട് വ്യക്തമാക്കി കൊണ്ട് നേതൃത്വപരമായ ശക്തി പകർന്നു പാർട്ടിയെ നിലനിറുത്താൻ കാനം വഹിച്ച പങ്ക് ചെറുതല്ല. ഏറെക്കുറെ വ്യക്തിപരമായി അടുപ്പമുള്ള എനിക്ക് ചെറുതായിട്ടാണെങ്കിലും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്”.
രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോഴും വ്യക്തി ബന്ധങ്ങൾക്ക് വില കൽപ്പിച്ചിരുന്നു. ഏതു പദവിയിലിരുന്നപ്പോഴും വിനയവും സ്നേഹവും മധുര ഭാഷണവും അദ്ദേഹത്തിൻറെ രീതിയായിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയ രംഗത്തെ കർമ്മയോഗിയെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. കാനത്തിന്റെ വിയോഗം കനത്ത ദുഃഖമാണ്. ദീർഘ കാലത്തെ സൗഹൃദം. മറക്കാനാവാത്ത ഒട്ടേറെ ഓർമകൾ മാത്രം ബാക്കി.
ഞാന് ഇന്നും പഴയ മാത്യു ആയി നിലനിൽക്കുമ്പോൾ, പ്രിയ ജനനായകാ താങ്കൾ വളർന്നു, പന്തലിച്ചു പലതിനും തണലേകി എന്നതിൽ ഞാനും അഭിമാനത്തോടെ സ്മരിക്കുന്നു.
പിൽക്കാലത്തു പലപ്പോഴും കാണുമ്പോൾ ആശയ വൈരുധ്യങ്ങൾ മറന്ന്, “മാത്യു സുഖമാണോ ?” എന്ന് കരുതലോടെ തിരക്കിയിരുന്ന സുഹൃത്തേ, അഴിമതി രഹിതമായ രാഷ്ട്രീയ സേവനം കാഴ്ചവെച്ച സഖാവിന് ആദരാഞ്ജലികൾ, കണ്ണീരോടെ വിട.
പോരാട്ടങ്ങളുടെ നെറുകയിൽ മുഷ്ടി ച്ചുരുട്ടി കൈകൾ ഉയർത്തി ഇങ്ക്വിലാബ് വിളിച്ച കാനത്തിന്റെ വിപ്ലവ വീര്യം നമുക്ക് അന്യമായി. ഓർമ്മകളാൽ ജനസഞ്ചയ മനസുക ളിൽ എന്നും കാനം രാജേന്ദ്രൻ ജീവിക്കും, മറക്കില്ലൊരിക്കലും മാനവ ഹൃത്തിടത്തിൽ നിന്നും ജ്വലനമാർന്ന ആദർശത്തിനു മുന്നിൽ ചൊല്ലിടട്ടെ എന്റെ അന്ത്യോപഹാരമായ വാക്കുകൾ. അർപ്പിച്ചിടുന്നു എന്റെ ഹൃദയാജ്ഞലികൾ, ലാൽ സലാം
മാത്യുച്ചായൻ, കാനത്തെക്കുറിച്ചുള്ള അനുസ്മരണം നല്ലതായിരുന്നു.