കൊച്ചി: വിദേശ ജോലി സ്വപ്നം കണ്ട് യാത്രാരേഖകളുമായി വിമാനത്താവളത്തിലെത്തിയ പതിനേഴു പേര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി. കാക്കനാട് യൂറോ ഫ്ലൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേശി ഷംസീറിനെതിരെയാണ് പരാതി. ന്യൂസിലൻഡില്‍ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിച്ച് അങ്ങോട്ടു പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം 17 അംഗ സംഘം അറിഞ്ഞത്.
ന്യൂസിലന്‍ഡില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഷംസീർ ഓരോരുത്തരിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം തട്ടിയെടുത്തത്. 17 പേരടങ്ങുന്ന ആദ്യ സംഘത്തോടൊപ്പം ഷംസീറും ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് എല്ലാവരേയും വിമാനത്താവളത്തിലെത്തിച്ചത്.
എന്നാല്‍, വ്യാജ വിസിറ്റിംഗ് വിസയും വിമാന ടിക്കറ്റും നൽകിയശേഷമാണ് ഷംസീര്‍ ഇവരില്‍ നിന്ന് പണം കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാൻ തയാറായി എത്തിയവർ ഷംസീറിനെ കാണാഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്. തട്ടിപ്പിന് ഇരയായവർ മിക്കവരും വീടും സ്വർണ്ണവും പണയപ്പെടുത്തിയാണ് ഷംസീറിന് പണം നൽകിയത്. തട്ടിപ്പിന് ഇരയായവർ തൃക്കാക്കര പോലീസിൽ പരാതി നൽകി.