ഹ്യൂസ്റ്റൺ: അത്യന്തം വാശിയേറിയ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥി മാത്യൂസ് മുണ്ടയ്ക്കൽ എതിർ സ്ഥാനാർഥി ബിജു ചാലയ്ക്കനേക്കാൾ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
1297 പേർ വോട്ടു ചെയ്ത തിരഞ്ഞെടുപ്പില്‍ മാത്യു മുണ്ടയ്ക്കലിന് 818 വോട്ട് ലഭിച്ചപ്പോള്‍ ബിജു ചാലയ്ക്കലിനു 458 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മാഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗിനാണ് ആസ്ഥാനമായ കേരളാ ഹൗസ് സാക്ഷ്യം വഹിച്ചത്. ട്രസ്റ്റീ ബോർഡിലേക്ക് മത്സരിച്ച ജിനു തോമസ് എതിരാളിയായ ജോർജ് വർഗീസിനെക്കാൾ 211 വോട്ടുകളുടെ (731-520) ഭൂരിപക്ഷത്തിൽ വിജയിച്ചു. വനിതാ പ്രതിനിധികളായി മത്സരിച്ചവരിൽ അനിലാ സന്ദീപ് (832) ആൻസി സാമുവേൽ (734) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ, ജോർജ് തെക്കേമല (ഏഷ്യാനെറ്റ് യുഎസ്എ), അജു ജോൺ (പ്രവാസി ചാനൽ) എന്നിവരും ഡയറക്ടർ ബോർഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ തിരഞ്ഞെടുപ്പുകളെ വെല്ലുന്ന രീതിയിൽ കമാനങ്ങൾ കെട്ടിയും ബൂത്തുകൾ സ്ഥാപിച്ചും സ്ഥാനാർഥികൾ നടത്തിയ പ്രചാരണ കോലാഹലങ്ങൾ പൊടിപാറി. വോട്ടു ചെയ്യാനെത്തിയവരുടെ വാഹനങ്ങളുടെ നീണ്ടനിര കേരളാ ഹൗസിനു മുൻപിലൂടെയുള്ള പാക്കർ സ്ട്രീറ്റിൽ പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിച്ചു. അണികൾ കൊണ്ടുപിടിച്ചു പ്രവർത്തിച്ചെങ്കിലും ഇടയ്ക്കിടെ ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും മുന്നേറിയ മുണ്ടയ്ക്കലും ചാലയ്ക്കലും തങ്ങളുടേത് സൗഹൃദ മത്സരം എന്നു വെളിവാക്കി മാതൃകയായി. മറ്റൊരു പ്രത്യേകത ഇത്തവണ രണ്ടു പാനലുകളിൽ നിന്നുമായി അഞ്ചു വനിതകളാണ് പോരിനിറങ്ങിയത്. അതിൽ നാലുപേരും വിജയം കൊയ്തു.
രാത്രി രണ്ടു മണിയോടെ ഫലപ്രഖ്യാപനം വന്നപ്പോൾ മാത്യൂസ് മുണ്ടയ്ക്കൽ നേതൃത്വം നൽകിയ പാനൽ ഏകപക്ഷീയ വിജയം എന്ന് പറയാവുന്ന വിജയം കരസ്ഥമാക്കി. കാരണം, എതിർ പക്ഷത്തെ ഒരു വനിതാ സ്ഥാനാർഥി മാത്രമാണ് വിജയം കണ്ടത്.
ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിച്ച മറ്റു സ്ഥാനാർഥികളുടെ പേരുവിവരങ്ങളും വോട്ടും ഇങ്ങനെ:
തോമസ് വർക്കി (874), ജോസ് കെ ജോൺ (863), മാത്യു തോമസ് (793), സൈമൺ വാളാച്ചേരിൽ (729), പൊടിയമ്മ പിള്ള (750), അജു ജോൺ (739), മാത്യൂസ് ചാണ്ടപ്പിള്ള (724), ജോർജ് തോമസ് തെക്കേമല (710), സുബിൻ കുമാരൻ (692), ലതീഷ് കൃഷ്ണൻ (676), സജിത് ചാക്കോ (659).
തിരഞ്ഞെടുപ്പിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജോൺ ബാബു, കമ്മീഷൻ അംഗങ്ങളായ രാജേഷ് വർഗീസ്, ക്രിസ്റ്റഫർ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസഫ് ജെയിംസ്, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ അനിൽ ആറന്മുള, ജിമ്മി കുന്നശ്ശേരി, വിനോദ് വാസുദേവൻ, മാഗ് പ്രസിഡന്റ് ജോജി ജോസഫ്, സെക്രട്ടറി മെവിൻ ജോൺ മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
മാഗ് മുൻ പ്രസിഡന്റുമാരായ ശശിധരൻ നായർ, എബ്രഹാം ഈപ്പൻ, തോമസ് ഒലിയാംകുന്നേൽ, ബേബി മണക്കുന്നേൽ, ജോഷ്വാ ജോർജ്, മുൻ വൈസ് പ്രസിഡണ്ട് ഫാൻസിമോൾ പള്ളത്തുമഠം, ജോയ് സാമുവേൽ, വിനോദ് ചെറിയാൻ, റോയ് മാത്യു, രാജൻ യോഹന്നാൻ എന്നിവരാണ് മുണ്ടയ്ക്കൽ പാനലിന്റെ പ്രചാരണം ഏകോപിപ്പിച്ചത്.