മലപ്പുറം: നൂറാടി പാലത്തിനു സമീപം മൈലപ്പുറത്ത് കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട നാല് വിദ്യാർത്ഥികളിൽ ഒരാൾ മുങ്ങിമരിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ കോലാർ റോഡിൽ ചെറുതൊടി അബ്ദുല്ലക്കുട്ടിയുടെ മകൻ ആരിഫുദ്ദീൻ (17) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടത്. മൂന്ന് പേരെ ഉടൻ തന്നെ രക്ഷിക്കാൻ കഴിഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലപ്പുറം അഗ്‌നിരക്ഷാ സേനയും ഐആർഡബ്ല്യു വളന്റിയർമാരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. അരമണിക്കൂർ തിരച്ചിലിനിടയിൽ ആറു മീറ്റർ താഴ്ചയിൽ നിന്നും ആരിഫുദ്ദീനെ കണ്ടെത്തി കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എംഎച്ച് മുഹമ്മദ് അലി, കെപി ഷാജു, ടി ജാബിർ, കെസി മുഹമ്മദ് ഫാരിസ്, വിഎസ് അർജുൻ, ഹോം ഗാർഡുമാരായ അശോക് കുമാർ, കെകെ ബാലചന്ദ്രൻ, വി. ബൈജു, എൻ സനു, കെ. കൃഷ്ണകുമാർ, മലപ്പുറം ഐആർഡബ്ല്യു ഗ്രൂപ്പ് മെമ്പർമാരായ തൂമ്പത്ത് സക്കരിയ, അബ്ദുലത്തീഫ് എംകെ, നഈം പൂക്കോട്ടൂർ, നൗഫൽ സിഎച്ച്, ഖൈറുന്നിസ ടി, ബുഷ്‌റ് കെപി, ഉമ്മുകുൽസു സിഎച്ച്, ഹഫ്‌സത്ത് പി തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.