കേരളത്തിലെ പെൺകുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞത് നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്നാണ്. ആത്മാഭിമാനമുള്ള പെൺകുട്ടികൾ അത് പറയും. എന്നാൽ ഇത് എത്ര പേരോട് പറയും? അവിടെ നിയമങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. കേരളത്തിൽ തുടരെ സ്ത്രീധന ആത്മഹത്യകൾ, പീഡന മരണങ്ങൾ സംഭവിക്കുന്നു. ഈ ദുരാചാരം നിലനിൽക്കുന്ന ഒരു ദേശ൦ നവോത്ഥാന കേരളമെന്ന് പറയാൻ നമ്മുക്ക് ലജ്ജയില്ലേ? സ്ത്രീധനം ചോദിച്ചു വരുന്നവനെ പടിയടച്ചു പിണ്ഡം വെയ്ക്കാന്‍ കുടുംബത്തിലുള്ളവർക്ക് സാധിക്കാത്തത് എന്താണ്? നിയമങ്ങളെ കാറ്റിൽ പറത്തുന്ന കുറ്റവാളികളെ നേരിടാൻ പുതിയ മാർഗ്ഗങ്ങളുണ്ടാകണം. വിവാഹം നടക്കുന്നതിന് മുൻപ് തന്നെ സ്ത്രീയുടെ ജീവിതം ഉറപ്പു വരുത്താൻ രണ്ട് വീട്ടുകാരിൽ നിന്നും സർക്കാർ സത്യവാങ് മുദ്രപത്രത്തിൽ എഴുതി വാങ്ങണം. ഈ വിവാഹബന്ധത്തിൽ യാതൊരു സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുള്ളത്. ഇത്തരത്തിൽ ആത്മഹത്യ, പീഡനമുണ്ടായാൽ രണ്ട് വീട്ടുകാരേയും ഇരുമ്പഴിക്കുള്ളിലാക്കാൻ സാധിക്കും. ഈ കാട്ടാള വർഗ്ഗത്തെ പുറത്തുവിടരുത്. സ്ത്രീധന വേരിൽ വളർന്നു പന്തലിച്ചു് കിടന്ന വൃക്ഷത്തിൽ മെഡിക്കൽ കോളേജിലെ പഠിച്ചുവളർന്ന ഒരു യുവ ഡോക്ടർ ഷഹന കൂടി ജീവനൊടുക്കിയപ്പോൾ കേരളത്തിലെ പഠന നിലവാരം ഏറെക്കുറെ മനസ്സിലായി. പ്രണയമെന്ന വികാരത്തിൽ സത്യം തിരിച്ചറിയാതെ വിഡ്ഢിവേഷം കെട്ടിയാടിയ വിദ്യാസമ്പന്നയായ പെൺകുട്ടി. ഇങ്ങനെ പച്ചപ്പുല്ലു കണ്ട പശുവിനെപോലെ പ്രണയിച്ചു നടക്കുന്ന പെൺകുട്ടികൾ എത്രയോ ബുദ്ധിശൂന്യരാണ്. ഒരു പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദികൾ ആരൊക്കെയാണ്?
പെൺകുട്ടികളുടെ ജീവിതങ്ങളെ തീച്ചൂളയിലേക്ക് തള്ളിവിടുന്ന പെങ്കോന്തന്മാർ നിയമങ്ങളെ ഭയന്നിരുന്നെങ്കിൽ, തൂക്കിലേറ്റിയിരുന്നെങ്കിൽ ആത്മഹത്യകൾ പെരുകില്ലായിരുന്നു. ഇതിനൊപ്പം നമ്മെ അമ്പരിക്കുന്നത് ഈ ആത്മഹത്യക്ക് പിന്നിൽ മെഡിക്കൽ പി.ജി.അസോസിയേഷൻ പ്രസിഡന്റ് പദം അലങ്കരിക്കുന്ന ഡോ.റുവൈസ് എന്നാണ്. ഇങ്ങനെ ഓരോ മണ്ഡലങ്ങളിൽ, സ്ഥാപനങ്ങളിൽ എത്രയോ നേതാക്കന്മാർ മറ്റാരുമറിയാതെ സമൂഹത്തിൽ അഴിഞ്ഞാടുന്നു. സ്ത്രീകൾ ഭയന്ന് പുറത്തൊന്നും പറയാറില്ല. ഒന്നര കിലോ സ്വർണ്ണം ഏക്കറുകണക്കിന് ഭൂമി ആവശ്യപ്പെട്ടന്നാണ് പോലീസ് കോടതിയിൽ കൊടുത്തിരിക്കുന്ന കുറ്റപത്രം. ഈ വരേണ്യവർഗത്തെ എതിർത്ത് തോൽപ്പിക്കാൻ ധൈര്യമില്ലതെ എല്ലാം സമ്മതിച്ചുകൊടുക്കുന്നതിന്റെ ഫലമാണ് പെൺകുട്ടികൾ ശവപ്പറമ്പിലേക്ക് പോകുന്നത്. ഇന്ന് ആഡംബര വിവാഹമടക്കം പന്തലുകളിൽ കടന്നുവരുന്ന മുഖ്യാതിഥികൾ മത-രാഷ്ട്രീയ നേതാക്കന്മാരാണ്. കേരളത്തിൽ സ്ത്രീധന മരണങ്ങൾ സംഭവിക്കുമ്പോൾ നമ്മുടെ എഴുത്തുകാരെപോലെ ഇവരും മൗനികളാണ്.
വിദ്യാസമ്പന്നരായവർ മറ്റുള്ളവർക്ക് മാതൃകയാകുന്നതിന് പകരം ആത്മഹത്യ ചെയ്യാൻ മറ്റ് പെൺകുട്ടികളെ പ്രേരിപ്പിക്കുന്നു. ഇവർ പഠിച്ചുകുട്ടിയത് എന്താണ്? ഇവർ രണ്ടുപേരും പരീക്ഷകൾ ജയിച്ചത് നേരായ മാർഗ്ഗത്തിലാണോ? ഇത്തരക്കാർക്ക് മാർക്ക് വാരിക്കോരിക്കൊടുത്തു് വിജയിപ്പിച്ചതാണോ അല്ലെങ്കിൽ ഇവർക്കായി മറ്റാരെങ്കിലും പിൻവാതിലിലൂടെ പരീക്ഷയെഴുതിയോ? സഞ്ചിയെടുത്തവരെല്ലാം വൈദ്യന്മാരാകുന്ന കാലമാണല്ലോ. ഒരു കുട്ടിയെ വളർത്തി വലുതാക്കി പഠിപ്പിച്ചതിന് മാതാപിതാക്കൾക്ക് മകൾ കൊടുത്ത പ്രതിഫല൦. ഇതുപോലുള്ള കുട്ടികൾ സ്വന്തം കുടുംബത്തെ പകൽ വെളിച്ചത്തിൽ നിന്ന് അന്ധകാരത്തിലേക്ക് തള്ളിയിടുകയല്ലേ? സാക്ഷര കേരളത്തിലെ യുവജനങ്ങൾ പഠിക്കുന്നതും ബിരുദങ്ങൾ നേടുന്നതും ജീവിത പ്രതിസന്ധികൾ വരുമ്പോൾ ഏക മാർഗ്ഗം ആത്മഹത്യ എന്ന മരമണ്ടൻ ആശയ൦ നടപ്പിലാക്കാനാണോ? പഠനങ്ങളിൽ ആശയ ദാരിദ്ര്യമുണ്ടോ? പ്രായപൂർത്തിയായ ഒരു പെണ്ണ് വിവാഹം കഴിക്കണമെന്ന നിർബന്ധബുദ്ധി എന്തിനാണ്? അവർക്ക് ഒറ്റക്ക് സ്വതന്ത്രമായി ജീവിച്ചുമരിച്ചൂടെ?
ഗൾഫിലും, കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീധനം പെണ്ണിനാണ് നൽകുന്നത്. അത് വിലപ്പിടിപ്പുള്ള വസ്തുക്കളെക്കാൾ ആടുമാടുകളാണ്. വികസിത രാജ്യങ്ങളിൽ ഈ സമ്പ്രദായമില്ല. സാമൂഹ്യ സാംസ്കാരിക മേഖലയിൽ വായിച്ചു വളർന്നവർക്ക് പൈശാചിക പരിപാടികൾക്ക് കൂട്ടുനിൽക്കാൻ സാധിക്കില്ല. നമ്മുടെ നാട്ടിൽ തൃശൂർ പൂരത്തിന് ആനകളുടെ നെറ്റിപട്ടത്തിൽ കാണുന്നതുപോലെ സ്വർണ്ണ തിളക്കം വിവാഹദിവസം പെണ്ണിന്റെ നെറ്റിയിലും നെഞ്ചിലും ശരീരമാകെ പ്രദർശിപ്പിക്കാറുണ്ട്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ തൃശൂർ പുരംപോലെ അവളെ പ്രദർശനവസ്തുവാക്കുന്ന ഒരേയൊരു ദിവസമാണ് വിവാഹ ദിനം. ആ പവിഴപ്രഭയിൽ പുഞ്ചിരിക്കുന്ന മാതാപിതാക്കൾ. സ്വർണ്ണാഭരണങ്ങൾ ഊർന്നുവീണുപോകാതെ നോക്കി നിൽക്കുന്ന ഭർത്താവിന്റ വീട്ടുകാർ. ആ സ്വർണ്ണകിലുക്കം കണ്ട് രസിക്കുന്ന വിരുന്നുണ്ണാൻ വന്നവർ. വിഭവസമൃദ്ധമായ സദ്യ വലിച്ചുവാരിവിഴുങ്ങി പുറത്തുവന്നിട്ട് അതിനും കുറ്റം പറയും. മലയാളിയുടെ സഹജമായ സ്വഭാവ ഗുണങ്ങളാണല്ലൊ പരദൂഷണം, അസൂയ, പൊങ്ങച്ചം. ഒരു സ്ത്രീയുടെ ശരീരശോഭ സ്വർണ്ണത്തിൽ പൊതിയുന്ന ആനയെഴുന്നെള്ളത്തു് കേരളത്തിലല്ലാതെ ലോകത്തു് മറ്റെങ്ങും കാണില്ല. ഈ വിവാഹ ധൂർത്തു കണ്ടാണ് പാവങ്ങൾ വീടുവരെ പണയപ്പെടുത്തി പെൺകുട്ടികളുടെ വിവാഹം നടത്തുന്നത്. ധനസമ്പത്തിൽ അഹംഭാവവും പൊങ്ങച്ചവുമുള്ളവരാണ് സ്വർണ്ണചങ്ങലയിട്ട് പെൺകുട്ടികളെ ആഘോഷവസ്തുവാക്കുന്നത്. സ്വന്തം മകൾ പോന്നെന്ന് ജന്മം കൊടുത്ത മാതാപിതാക്കൾക്കുപോലുമറിയില്ല. പൊന്നിൻകുടത്തിന് സ്വർണ്ണപൊട്ട് ആവശ്യമില്ല അതാണ് പാശ്ചാത്യരുടെ അറിവിന്റെ സംസ്കാരം. കുട്ടികളെ വായിച്ചുവളർത്താതിന്റെ ദുരന്തമാണ് ഇന്ന് കാണുന്നത്.
മനുഷ്യരെ ഭിന്നിപ്പിച്ചു് ഭരിക്കുന്ന, സ്വാർത്ഥതയുടെ മേലങ്കിയണിഞ്ഞരിക്കുന്ന ദൈവ പുത്രപുത്രിമാർക്കും, ജാതി മത ദേവീദേവന്മാർക്കും ഇതിൽ നിന്ന് ഒളിച്ചോടാൻ സാധിക്കുമോ? ആത്മാവിൽ കോട്ടകൾ പണിതുയർത്തുന്നവർക്ക് എത്രമാത്രം ആത്മീയ അവബോധം ഈ പെൺകുട്ടിയിൽ വളർത്താൻ സാധിച്ചു? മതബോധനം എന്ന പേരിൽ എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? വിവാഹം നടത്താനും, മാസവരി പിരിക്കാനും, വിശ്വാസത്തിന്റെ മറവിൽ സമ്പത്തുണ്ടാക്കാനും, ജാതിപറഞ്ഞു വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് പോകാനുമാണോ ഇവർ പഠിപ്പിക്കുന്നത്? ഈ അന്ധതയുടെ മതിലുകൾ എന്നാണ് പൊളിഞ്ഞുവീഴുക?
പെണ്ണിന്റെ പെട്ടിയിലെ കനം നോക്കി വിവാഹം കഴിക്കുന്ന വിദുഭോഷൻമാർ കേരളത്തിൽ വർദ്ധിക്കുന്നു. നമ്മുടെ പാഠ്യപദ്ധതിയിൽ സ്ത്രീധനമെന്ന വിഷപാമ്പിനെപറ്റി എന്താണ് പഠിപ്പിക്കുന്നത്? വിദ്യാഭ്യാസം ഒരു സാമൂഹ്യ ഉത്തരവാദിത്വമെങ്കിൽ സമൂഹത്തിൽ നടമാടുന്ന സ്ത്രീധന പിശാചിനെപ്പറ്റി ഇച്ഛാശക്തിയോടെ സംസാരിക്കാൻ ഒരു പെൺകുട്ടി എന്തുകൊണ്ട് തയ്യാറാകുന്നില്ല? ഒരു സ്ത്രീ പുരുഷന് അടിമയായും അടിയറവ്വെച്ച് ജീവിക്കണമെന്നാണോ പഠിപ്പിക്കുന്നത്? ഇങ്ങനെയുള്ള വിഷയങ്ങളിൽ സുപ്രധാനങ്ങളായ പഠനപദ്ധതികളാണ് സർക്കാർ തയ്യാറാക്കേണ്ടത്? യുവജന കമ്മീഷൻ, വനിതാ കമ്മീഷൻ ഇനിയുമുള്ളത് അറിയില്ല. ഖജനാവ് കാലിയാക്കുന്ന ഈ കൂട്ടരുടെ തൊഴിലെന്താണ്? ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ നിയമത്തിനും അപഗ്രഥത്തിനും അനുശോചനവും തെളിവെടുപ്പ് നടത്താതെ പെൺകുട്ടികൾക്ക് വേണ്ടുന്ന കർമ്മപദ്ധതികൾ തയ്യാറാക്കി അവരിൽ ആത്മവിശ്വാസം വളർത്തുകയാണ് വേണ്ടത്. ഈ കമ്മീഷൻ വഴി ആദിവാസി, പിന്നോക്ക സമുദാ യത്തിലുള്ളവർ, പട്ടിണിപ്പാവങ്ങൾക്ക് എന്തെങ്കിലും പാഠ്യപദ്ധതി തയ്യാറാക്കി നടപ്പിൽ വരുത്തിയിട്ടുണ്ടോ? ഇങ്ങനെപോയാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെയവസ്ഥയെന്താണ്?
വികസിത രാജ്യങ്ങളിൽ നിന്ന് ധാരാളം പുരോഗമനാശയങ്ങൾ ദരിദ്ര രാജ്യങ്ങളും തലച്ചോർ വളരാത്ത രാജ്യങ്ങളും കടമെടുത്തിട്ടുണ്ട്. സ്ത്രീകളുടെ വിഷയത്തിൽ മാത്രം ഈ പുരോഗമനമില്ലാത്തത് എന്താണ്? സ്ത്രീകൾക്ക് തുല്യത എന്തുകൊണ്ട് കൊടുക്കുന്നില്ല? വികസിത രാജ്യങ്ങളിലെ സ്ത്രീകൾ സന്തുഷ്ടരായി ജീവിക്കുന്നതുപോലെ നമ്മുടെ സ്ത്രീകൾ സന്തുഷ്ടരാണോ? ഇവിടുത്തെ പുരുഷന്മാർക്ക് സ്ത്രീകളെ ഭയമാണ്. ഇന്ത്യൻ സ്ത്രീകൾ എന്തുകൊണ്ടാണ് പുരുഷന്മാരെ ഭയന്ന് ജീവിക്കുന്നത്? സ്ത്രീകൾ രാപകൽ ഒരു ഭയമോ ഭീതിയോ കൂടാതെ സഞ്ചരിക്കുമ്പോൾ നമ്മുടെ സ്ത്രീകൾ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയക്കുന്നത് എന്താണ്? വിവാഹിതരാകുന്ന സ്ത്രീകൾക്ക് പുരുഷനേക്കാൾ പ്രായക്കൂടുതലാണ്. വിവാഹത്തിന് നമ്മുടെ സ്ത്രീകൾക്ക് പ്രായം കുറഞ്ഞിരിക്കണമെന്ന നിർബന്ധമെന്താണ് ? അടുക്കളയിൽ പുരുഷന് തുല്യ പങ്കാളിത്വമില്ലാത്തത് എന്താണ്? ഇങ്ങനെ എണ്ണിയാൽ തീരാത്ത പഠനനിലവാരമുയർത്തേണ്ട വിഷയങ്ങൾ മലയാളിയുടെ മുന്നിലുണ്ട്. സമൂഹം നേരിടുന്ന നീറുന്ന വിഷയങ്ങളെപറ്റി സൂക്ഷമമായി പഠിക്കാനും അതിന് പരിഹാരം കണ്ടെത്തി പെൺകുട്ടികളെ ധൈര്യശാലികളായി പഠിപ്പിക്കുവാനുമാണ് വിദ്യാഭ്യാസ രംഗത്തുള്ളവർ ശ്രദ്ധ ചെലുത്തേണ്ടത് അല്ലാതെ വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കയല്ല ചെയ്യേണ്ടത്. പെൺകുട്ടികൾക്ക് കൊടുക്കുന്നതുപോലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ ആൺകുട്ടികൾക്കും അനിവാര്യമാണ്.
1961 ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ടും പെൺകുട്ടികൾ ജീവൻ വെടിയുന്നു. നിയമത്തിൽ വിവാഹചിലവുകൾപോലും കുറ്റകരമാണ്. സ്ത്രീധനം വാങ്ങാൻ പ്രേരണ ചെലുത്തുമെങ്കിൽ അഞ്ചു് വർഷം തടവും ശിക്ഷയും കിട്ടും. സർക്കാർ ജോലിക്കാരെങ്കിൽ സ്ത്രീധനം ആവശ്യപ്പെടില്ലെന്ന് സത്യവാങ് രേഖമൂലം നൽകണം. കേരളത്തിൽ 28 കുടുംബകോടതികൾ പെരുകാൻ കാരണം സ്ത്രീ പീഡനങ്ങൾ, വിവാഹ മോചനങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ്. ജനങ്ങളുടെ നന്മക്ക് വേണ്ടി നമ്മുടെ നിയമവ്യവസ്ഥിതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി ആരുടേയും സ്വാധിനത്തിന് വഴങ്ങാതെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തണം. വികസിത രാജ്യങ്ങളിൽ ഏതെങ്കിലും മന്ത്രിമാർ ഇടപെട്ടാൽ പിന്നീടയാൾ ആ കസേരയിൽ കാണില്ല. രാഷ്ടിയ അജണ്ടയല്ല നടപ്പാക്കേണ്ടത് അതിലുപരി ജനങ്ങളുടെ ജനാധിപത്യ അജണ്ടയാണ് നടപ്പാക്കേണ്ടത്.
കുരങ്ങന്റെ കൈയിലെ പൂമാലപോലെ പെൺകുട്ടികളുടെ ജീവിതം തട്ടിക്കളിക്കുന്നതുകൊണ്ടാണ് നാഷണൽ ക്രൈം ബ്യുറോ കണക്കനുസരിച്ഛ് 2022 ൽ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത് 12 പേരും കഴിഞ്ഞ 15 വർഷത്തിനിടയിൽ 260 പേരാണ്. എത്ര പേരെ തൂക്കിലേറ്റി? ഈ മത രാഷ്ട്രീയ പിന്തിരിപ്പൻ നയങ്ങളും നിയമങ്ങളും തുടർന്നാൽ ആത്മഹത്യകൾ പെരുകും. അടൂരിലെ ഉത്രയെ കൊന്നതുപോലെ സ്ത്രീധനമെന്ന വിഷപാമ്പിനെവിട്ട് കടിപ്പിക്കുന്ന മാതാപിതാക്കൾ, ഭർത്താക്കന്മാർ, കാമുകന്മാർ, പോലീസ്. ഭരണ സംവിധാനങ്ങൾ, സമൂഹം എല്ലാവരും കൂട്ടുപ്രതികളാണ്. സമൂഹത്തിൽ ശുചിത്വബോധം വളർത്തുന്നതുപോലെ ഈ കുട്ടരിലെ നാറിയ മനസ്സാണ് ആദ്യം ശുദ്ധികരിക്കേണ്ടത്.