ഡാളസ്: നോർത്ത് അമേരിക്കാ – യൂറോപ്പ് മാർത്തോമാ ഭദ്രാസനം ജനുവരി ഒന്നുമുതൽ “നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം” എന്ന പേരിൽ അറിയപ്പെടും. സഭാ കൗൺസിലിന്റെയും എപ്പിസ്കോപ്പൽ സിനഡ് തീരുമാനപ്രകാരവും നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിൽ നിന്നും യൂറോപ്പിലെ ഇടവകകളെ വിടർത്തി, യു കെ – യൂറോപ്പ് – ആഫ്രിക്ക എന്ന പുതിയ ഭദ്രാസനം രൂപീകരിച്ചു.
1988 നോർത്ത് അമേരിക്ക ആൻഡ് യുണൈറ്റഡ് കിങ്ഡം മാർത്തോമാ എന്ന ഭദ്രാസനം രൂപീകരിക്കപ്പെട്ടു. ഭദ്രാസനത്തിന് പ്രഥമ എപ്പിസ്കോപ്പയായി അഭിവന്ദ്യ. ഡോ .ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അധികാരമേറ്റു. തുടർന്ന് ഭദ്രാസനത്തിന് നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനം എന്നു പുനർനാമകരണം ചെയ്തു. റൈറ്റ്.റവ. ഡോ. സക്കറിയാസ് മാർ തെയോഫിലോസ്, റൈറ്റ്.റവ. ഡോ. യുയാക്കിം മാർ കൂറിലോസ്, റൈറ്റ്.റവ. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, റൈറ്റ്. റവ.ഡോ. ഐസക് മാർ ഫിലക്സിനോസ് (നിലവിൽ) എന്നീ എപ്പിസ്കോപ്പാമാരും ഭദ്രാസനത്തിന് അനുഗ്രഹിക്കപ്പെട്ട നേതൃത്വം നൽകി. 1998 മുതൽ ന്യൂയോർക്കിലുള്ള 2320 മെറിക്ക് അവന്യൂ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന അരമനയിൽ താമസിച്ചുകൊണ്ട് തിരുമേനിമാർ ഭദ്രാസനത്തിന് ആവശ്യമായ ആത്മീയ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു.
ഡിസംബർ 31ന് റൈറ്റ്.റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ ഭദ്രാസനത്തിന്റെ ചുമതല ഒഴിയും. ജനുവരി ഒന്നുമുതൽ അഭിവന്ദ്യ റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ പുനർനാമകരണം ചെയ്ത “നോർത്ത് അമേരിക്ക” മാർത്തോമാ ഭദ്രാസനത്തിന്റെ പുതിയ മെത്രാനായി അധികാരമേൽക്കും.
ഭദ്രാസനത്തിന്റെ പ്രവർത്തനങ്ങൾ ദൈവരാജ്യ കെട്ടുപണിക്കും, സഭയ്ക്കും സമൂഹത്തിനും ഏറ്റവും അനുഗ്രഹം ആകുന്നതിനും, പുതിയതായി ചുമതലയേൽക്കുന്ന തിരുമേനിക്ക് ആവശ്യമായ ദൈവകൃപ ലഭിക്കുന്നതിനും, കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും, ഏവരും ആത്മാർത്ഥമായി സഹകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭിവന്ദ്യ മോസ്റ്റ്. റവ . ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ബോധിപ്പിച്ചു.