ചുരുങ്ങിയ കാലത്തിനുള്ളിൽ ഹൈന്ദവ സമാജ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കയിലെ ഹൈന്ദവ സംഘടനയായ ‘മന്ത്ര’യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) സ്പിരിച്ചൽ കോർഡിനേറ്ററായി പ്രശസ്ത ജ്യോതിഷ താന്ത്രിക ആചാര്യനായ പന്തളം മനോജ് വി നമ്പൂതിരിയെ തെരഞ്ഞെടുത്തു. അമേരിക്കയിലെയും ഭാരതത്തിലെയും വിവിധ ആത്മീയ സംബന്ധമായ പരിപാടികളുടെ ഏകോപന ചുമതല അദ്ദേഹം നിർവഹിക്കും .
പരശുരാമനാൽ നിർമ്മിതമായ 108 ശിവാലയങ്ങളെ നോർത്ത് അമേരിക്കയിലെ മലയാളീ ഹിന്ദു കുടുംബങ്ങളുമായി ബന്ധിപ്പിക്കുവാനുള്ള ബൃഹത് പദ്ധതിയുടെ ആധ്യാത്മിക ചുമതലയും, മന്ത്രയുടെ ഷാർലെറ്റ്, നോർത്ത് കരോലൈന കൺവെൻഷനിലേക്കുള്ള 108 ശിവലിംഗങ്ങളുടെ സമർപ്പണവും നടത്തുവാൻ മനോജ് വി നമ്പൂതിരിയെ ചുമതലപ്പെടുത്തിയതായി മന്ത്രയുടെ പ്രസിഡണ്ട് ശ്രീ ശ്യാം ശങ്കർ അറിയിച്ചു. മന്ത്രയുടെ പ്രഥമ കൺവെൻഷനോട് അനുബന്ധിച്ചു നടന്ന വേദക്ഷേത്രം പരിപാടിയുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചു മുൻപോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി ചിക്കാഗോയിലെ ഗീതാമണ്ഡലം, ഷാർലെറ്റിലെ കൈരളി സത് സംഗ് തുടങ്ങിയ സംഘടനകളിൽ നിന്ന് മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കും ശിവാലയ പര്യടനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ എറണാകുളത്തപ്പന്റെ തിരുമുമ്പിൽ നടത്തുവാൻ ക്ഷേത്ര ഭരണസമിതി തയാറാണെന്ന് പ്രസിഡൻറ് ശ്രീ രാജേന്ദ്രപ്രസാദിനെ ഉദ്ധരിച്ചു മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ അറിയിച്ചു .