ന്യൂഡൽഹി: പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാവീഴ്ചയില്‍ രണ്ടു പേർ ലോക്‌സഭയിൽ കയറി ഗ്യാസ് ക്യാനിസ്റ്ററുകൾ തുറന്നു. സംഭവത്തെ തുടർന്ന് സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു.
“പബ്ലിക് ഗാലറിയിൽ നിന്ന് രണ്ട് പേർ ലോക്‌സഭയിലെ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമിടയിലേക്കു ചാടിയിറങ്ങി ഗ്യാസ് ക്യാനിസ്റ്ററുകള്‍ തുറന്നത് സഭയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി,” രണ്ടുപേരിൽ ഒരാൾ മൈസൂർ എംപിയുടെ അതിഥിയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
“20 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് യുവാക്കള്‍ സന്ദർശക ഗ്യാലറിയിൽ നിന്ന് സഭയിലേക്ക് ചാടിയിറങ്ങുകയും, അവരുടെ കൈയിൽ
കരുതിയിരുന്ന ക്യാനിസ്റ്ററുകൾ തുറന്നയുടനെ ഒരുതരം മഞ്ഞ പുക പുറന്തള്ളി. അതിലൊരാൾ സ്പീക്കറുടെ കസേരയിലേക്ക് ഓടാൻ ശ്രമിച്ചു. അവർ ചില മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു. പുക വിഷമായിരിക്കാമെന്ന് പറയുന്നു. ഇത് ഗുരുതരമായ സുരക്ഷാ ലംഘനമാണ്, പ്രത്യേകിച്ച് 2001 ൽ പാർലമെന്റ് ആക്രമണം നടന്ന ഡിസംബർ 13-ന്,” കാർത്തി ചിദംബരം പറഞ്ഞു.
“ഇവിടെ വരുന്നവരെല്ലാം – അത് സന്ദർശകരോ റിപ്പോർട്ടർമാരോ ആകട്ടെ – അവർ ടാഗുകൾ കൊണ്ടുപോകില്ല. അതുകൊണ്ട് സർക്കാർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കരുതുന്നു. ഇത് തികഞ്ഞ സുരക്ഷാ വീഴ്ചയാണെന്ന് ഞാൻ കരുതുന്നു. ലോക്‌സഭയ്ക്കുള്ളിൽ എന്തും സംഭവിക്കാമായിരുന്നു. ഇത് സമ്പൂര്‍ണ്ണ സുരക്ഷാവീഴ്ചയാണ്,” സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
“രണ്ട് യുവാക്കൾ ഗാലറിയിൽ നിന്ന് ചാടി, അവർ വാതകം പുറന്തള്ളുന്ന എന്തോ ഒന്ന് വലിച്ചെറിഞ്ഞു. എംപിമാർ പിടികൂടിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. സഭ 2 മണി വരെ നിർത്തിവച്ചു. ഇത് തീർച്ചയായും ഒരു സുരക്ഷാ വീഴ്ചയാണ്, കാരണം 2001-ൽ (പാർലമെന്റ് ആക്രമണം) ജീവൻ ബലിയർപ്പിച്ച ആളുകളുടെ ചരമവാർഷികം ഞങ്ങൾ ഇന്ന് ആചരിക്കുന്നു,” ചൗധരി പറഞ്ഞു.
2001ൽ പാർലമെന്റ് ഭീകരർ ആക്രമിച്ചിട്ട് ഇന്ന് 22 വർഷം തികയുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.