ന്യൂഡൽഹി: ശബരിമല തീർഥാടകർക്കായി ഇന്ത്യൻ റെയിൽവേ പ്രത്യേക വന്ദേഭാരത് ട്രെയിൻ അനുവദിച്ചു. ഡിസംബർ 15 മുതൽ 25 വരെ നാല് ദിവസങ്ങളിലാണ് പ്രത്യേക ട്രെയിൻ സർവീസ്.15, 17, 22, 24 തീയതികളിലായിരിക്കും ശബരിമല പ്രത്യേക ട്രെയിൻ സർവീസ്.
ചെന്നൈ-കോട്ടയം റൂട്ടിൽ ശബരിമല പ്രത്യേക വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തും. തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ഈ പുതിയ വന്ദേഭാരത് സേവനം ഏറെ പ്രയോജനപ്പെടും. ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ ഈ നീക്കം.
ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 4.30 ന് സർവീസ് ആരംഭിക്കുന്ന ഈ സ്പെഷ്യൽ സർവീസ് ട്രെയിൻ വൈകുന്നേരം 4.15ന് ആയിരിക്കും കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തുക. പിറ്റേദിവസം രാവിലെ 4.40ന് ഇതേ ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അന്ന് വൈകുന്നേരം 5.15ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുന്നതായിരിക്കും.
ചെന്നൈയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും കോട്ടയത്ത് നിന്ന് ശനി, തിങ്കൾ ദിവസങ്ങളിലും പ്രത്യേക വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തും. 14 ന് വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.