കോട്ടയം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ കെ-റെയില് പദ്ധതി പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം ജറുസലേം മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ നടന്ന പ്രഭാതയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയാഭിപ്രായ വ്യത്യാസം വന്നതോടെ പദ്ധതി നടത്തിപ്പിൽ പ്രശ്നങ്ങളുണ്ടായി. കെ-റെയിൽ നമുക്ക് മാത്രം നടപ്പിലാക്കാൻ കഴിയില്ല. അതിന് കേന്ദ്രാനുമതി വേണം.
കോട്ടയം നഗരത്തിലെ കഞ്ഞിക്കുഴി ഭാഗത്ത് ഗതാഗതക്കുരുക്ക് അഴിക്കാൻ ഫ്ളൈ ഓവറുകൾ നിർമ്മിക്കണമെന്നും കോടിമത മുതൽ നാഗമ്പടം പാലം വരെ ഫ്ളൈ ഓവർ നിർമ്മിക്കണം എന്നുമുള്ള ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ ഗൗരവതരമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ചർച്ചയ്ക്ക് എടുക്കുമ്പോൾ സഭാ പ്രതിനിധികളെ ഉൾപ്പെടുത്തുന്നമെന്ന ആവശ്യം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ ഓഫീസ് കോട്ടയത്ത് വേണമെന്ന് കാര്യവും സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കൽ സംസ്ഥാനത്ത് ഉണ്ടാവുകയില്ല. പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യങ്ങളിൽ നടപടിക്രമങ്ങളിലൂടെ അംഗീകാരം നൽകാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിന്റെ ഭാഗമായി വലിയ തുക സംസ്ഥാനത്തിന് കിട്ടാനുണ്ട്. നെൽക്കർഷകർക്ക് നൽകുന്ന പി ആർ എസ് വായ്പയുടെ പൂർണ്ണമായ ഉത്തരവാദി സർക്കാർ ആണ്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പിആർഎസ് വായ്പ തുടരുകയല്ലാതെ മറ്റു മാർഗ്ഗമില്ല. പാഠ്യപദ്ധതിയിൽ ഏതെങ്കിലും ഭാഗം ഒഴിവാക്കുന്ന രീതി കേരളം സ്വീകരിച്ചിട്ടില്ല കേന്ദ്രസർക്കാർ അത്തരത്തിൽ നിലപാട് സ്വീകരിച്ചപ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് കേരളത്തിലാണ്. ചരിത്രത്തോട് നീതിപുലർത്തുന്ന നിലപാടേ സംസ്ഥാനത്തുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള താമസം ഉണ്ടെന്ന പരാതി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശകലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ ഏഴായിരത്തോളം പട്ടയ അപേക്ഷകളിൽ സർവേ നടത്തി അർഹത പരിശോധിച്ച് അടുത്ത വർഷം തന്നെ പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളപ്പൊക്കം പരിഹരിക്കാനും കാർഷിക മേഖലയിൽ ജലസമൃദ്ധി ഉണ്ടാക്കുന്നതിനുമായി മീനച്ചിൽ നദീതട പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം പരിഗണിക്കും. നെല്ല് വില കൃത്യമായി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന ആവശ്യത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് കേന്ദ്രം സംസ്ഥാനങ്ങളെ പരിഗണിക്കുന്നത് എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 57000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് കിട്ടാനുള്ളത്. ഇത്തരത്തിൽ സംസ്ഥാനത്തെ കേന്ദ്രം ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ് കുടിശിക കൊടുത്തുതീർക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് നടപ്പാക്കിയ ഹരിത ഗ്രഹം പദ്ധതി പോലുള്ളവ തുടർന്നും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പിഎച്ച് ഡി വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പ്, ഇഗ്രാൻഡ് സമയബന്ധിതമായി ലഭിക്കാത്തത് പരിശോധിക്കുക, പുതിയ കോഴ്സുകൾ അനുവദിക്കുമ്പോൾ പിഎസ് സി അംഗീകാരം ലഭ്യമാക്കുക, എം ഫിൽ പോലെയുള്ള കോഴ്സുകൾ ഒഴിവാക്കിയ നടപടി പരിശോധിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉയർന്നു.
പിആര്ഡി, കേരള സര്ക്കാര്