മുംബൈ: ഇന്ത്യയിലെ നിരോധിത പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്താന്‍ ചാരന് നൽകിയെന്നാരോപിച്ച് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്) ഒരാളെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. വിവരങ്ങൾക്ക് പകരമായി ഓൺലൈനിൽ പണം സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ഏപ്രിൽ, മെയ് മുതൽ ഒക്ടോബർ വരെ ഈ വ്യക്തി പാക് ചാരനുമായി ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജൽഗാവിൽ നിന്നുള്ള ഗൗരവ് പാട്ടീൽ (24) എന്ന യുവാവിനെ പാക്കിസ്താന് നിരോധിത മേഖലകളെക്കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകിയതിന് അറസ്റ്റ് ചെയ്തതായി അറിയിച്ചു. നേവിയിൽ സിവിൽ അപ്രന്റീസായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇയാളെ പാക് ചാരന്മാർ ഹണിക്കെണിയിൽ കുടുക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗൗരവിനെ ഡിസംബർ 18 വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടു.