കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാമ്പസിലേക്ക് വരുന്നതിന് മുന്നോടിയായി എസ്എഫ്ഐ (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) കാലിക്കറ്റ് സർവകലാശാലയിലേക്ക് കരിങ്കൊടി ഉയർത്തി പ്രതിഷേധ മാർച്ച് നടത്തി. എന്നാല്‍, പ്രതിഷേധക്കാരെ പോലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.
ഗവർണർ ശനിയാഴ്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിൽ തങ്ങുകയും മൂന്ന് ദിവസം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
ഗവർണറെ സർവ്വകലാശാലയിൽ കയറ്റാൻ അനുവദിക്കില്ലെന്ന് കാട്ടി എസ്എഫ്‌ഐ പ്രവർത്തകർ സർവ്വകലാശാലയ്ക്ക് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പോലീസ് പ്രവർത്തകരെ ഓരോരുത്തരെയായി തൂക്കി വാഹനത്തിൽ കയറ്റി. ഇതേത്തുടർന്ന് എസ്എഫ്ഐ നേതാക്കളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി.
പോലീസിനെ ഉപയോഗിച്ച് എസ്എഫ്ഐയെ നേരിടാം എന്ന് കരുതേണ്ട എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചു. മലപ്പുറം ജില്ലയിലെ മുഴുവൻ പോലീസുകാരെയും കാലിക്കറ്റ് സർവകലാശാലയിൽ വിന്യസിച്ചിരിക്കുകയാണ് എന്നും ആർഷോ വിമർശനമുന്നയിച്ചു. എന്തുതന്നെ വന്നാലും ഗവർണറെ സർവകലാശാലയിലേക്ക് പ്രവേശിപ്പിക്കില്ല എന്നും പിഎം ആർഷോ അറിയിച്ചു.