മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ് എഫ് ഐ എഴുതിയ മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകൾ ജില്ലാ പൊലീസ് മേധാവിയെ കൊണ്ട് ഗവർണർ അഴിപ്പിച്ചു മാറ്റി. ഇന്ന് രാവിലെയാണ് ഈ ബാനറുകൾ ഇവിടെ നിന്ന് നീക്കം ചെയ്യാൻ ഗവർണർ ആവശ്യപ്പെട്ടത്.
എന്നാല്‍, വൈകുന്നേരം ഗവർണർ തിരിച്ചെത്തിയപ്പോൾ, അതേ സ്ഥലത്തുതന്നെ ബാനറുകൾ കണ്ട് അദ്ദേഹം രോഷാകുലനായി. ഇത്രയും സമയം കഴിഞ്ഞിട്ടും എന്തുകൊണ്ട് അത് അഴിച്ചുമാറ്റിയില്ല എന്ന് അദ്ദേഹം പോലീസിനോട് ചോദിച്ചു. തുടർന്ന് എസ്പി തന്നെ എല്ലാ ബാനറുകളെല്ലാം നീക്കം ചെയ്തു. മൂന്നിടത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകൾ എസ്എഫ്ഐ സ്ഥാപിച്ചിരുന്നു.
കാലിക്കറ്റ് സർവകലാശാല കവാടത്തിൽ നിന്നും ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് അടുത്തേക്കുള്ള 50 മീറ്റർ ദൂരപരിധിയിലാണ് ഗവർണർക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകൾ എസ് എഫ് ഐ സ്ഥാപിച്ചിരുന്നത്. രാവിലെ തന്നെ ഈ ബാനറുകൾ അഴിച്ചു മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു.
എസ്എഫ്‌ഐയുടെ ഒരു ബാനർ അഴിച്ചാൽ സർവകലാശാലയിൽ നൂറുകണക്കിന് ബാനറുകൾ പ്രത്യക്ഷപ്പെടുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രാവിലെ പറഞ്ഞിരുന്നു. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മാത്രമാണെന്നും ബാനറുകൾ ഒരു തരത്തിലും അഴിച്ചുമാറ്റാൻ അനുവദിക്കില്ലെന്നും ആർഷോ വ്യക്തമാക്കി. തുടർന്നാണ് ഗവർണർ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസുകാരെക്കൊണ്ട് ബാനറുകൾ നീക്കം ചെയ്യിച്ചത്.