വാഷിംഗ്ടൺ: താൻ വീണ്ടും അധികാരത്തിൽ വന്നാൽ ജിഹാദികൾക്കും ഇരവാദികള്‍ക്കും വികസന വിരുദ്ധർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിയമം കര്‍ശനമാക്കുന്നതോടെ അവര്‍ സ്വമേധയാ രാജ്യം വിടും. തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ പുനരാരംഭിക്കും. അമേരിക്കയെ വെറുക്കുന്ന, ഇസ്രായേൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന, ജിഹാദികളെ പിന്തുണയ്ക്കുന്ന ആരേയും അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു.
തന്റെ ഭരണകാലത്ത് അമേരിക്കക്കാരും അവരുടെ കുടുംബങ്ങളും സുഹൃദ് രാജ്യങ്ങളും നല്ല നിലയിലായിരുന്നു. അമേരിക്ക കൂടുതൽ ശക്തവും സമ്പന്നവും സുരക്ഷിതവും ആത്മവിശ്വാസം നിറഞ്ഞതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2017 ജനുവരിയിലാണ് ഭീകരവാദികളെ അനുകൂലിക്കുന്നു എന്ന പേരിൽ ലിബിയ, ഇറാൻ, സൊമാലിയ, സിറിയ, യെമൻ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ട്രംപ് ഭരണകൂടം അമേരിക്കയിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ഉത്തര കൊറിയ, വെനസ്വേല തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
2020ൽ ബർമ, എറിത്രിയ, കിർഗിസ്ഥാൻ, നൈജീരിയ, ടാൻസാനിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കും വിലക്ക് ബാധകമാക്കിയിരുന്നു. 2021ൽ ജോ ബൈഡൻ അധികാരത്തിൽ വന്നതോടെ വിലക്ക് പിൻവലിച്ചു.