സാൽവറ്റിയേറ (മെക്‌സിക്കോ): സെൻട്രൽ മെക്‌സിക്കോയിൽ ക്രിസ്മസ് പാർട്ടിക്ക് നേരെ ഞായറാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഗ്വാനജുവാട്ടോ സംസ്ഥാനത്തെ അധികൃതർ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ആഘോഷങ്ങൾക്കായി വാടകയ്‌ക്കെടുത്ത, സാല്‍വതിയേര പട്ടണത്തിലെ ഒരു ഹസീൻഡ അല്ലെങ്കിൽ റാഞ്ചിലാണ് ആക്രമണം നടന്നത്. ഇതുവരെ 12 പേർ മരിച്ചതായാണ് റിപ്പോർട്ട് എന്ന് സംസ്ഥാന പ്രോസിക്യൂട്ടറുടെ ഓഫീസ് X-ല്‍ പറഞ്ഞു.
റൈഫിളുകളുമായി ആറോളം പേർ വേദിയിൽ പ്രവേശിച്ച് പരിപാടിയിൽ തടിച്ചുകൂടിയ നൂറോളം പേര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങുകയും, അവര്‍ ആരാണെന്ന് ചോദിച്ചയുടനെ വെടിവെയ്ക്കാന്‍ തുടങ്ങിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
മയക്കുമരുന്ന് മാഫിയകളും ഗുണ്ടാ സംഘങ്ങളും കൊടികുത്തി വാഴുന്ന, മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് ഗ്വാനജുവാറ്റോ.
ശനിയാഴ്ച വൈകിട്ടുണ്ടായ മറ്റൊരു സംഭവത്തിൽ സാൽവാറ്റിയേറയിൽ നിന്ന് 50 കിലോമീറ്റർ (31 മൈൽ) അകലെ, ഗ്വാനജുവാറ്റോയിലെ സലമാൻക നഗരത്തിൽ നാല് പേർ വെടിയേറ്റു മരിച്ചു. മോട്ടോർ സൈക്കിളിൽ വന്ന അക്രമികൾ ഒരു ബാർബർ ഷോപ്പിൽ എത്തി വെടിയുതിർക്കുകയായിരുന്നു എന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 3,029 പേരുമായി മെക്സിക്കോയിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഈ വർഷം ഒന്നാം സ്ഥാനത്തുള്ള ഗ്വാനജുവാറ്റോയിലും സമാനമായ ആക്രമണങ്ങൾ സമീപ വർഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.