പാലക്കാട്: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായി വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ച് വയ്ക്കുന്നതിന് മുളക്കൂടുകള്‍ വിതരണം ചെയ്ത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 1700 വീടുകളിലേക്കാണ് മുളക്കൂടുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെയും ബാംബൂ കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
2024 ഏപ്രില്‍ മുതല്‍ പഞ്ചായത്തിലെ ശേഷിക്കുന്ന വീടുകളിലേക്ക് അടുത്തഘട്ടത്തില്‍ കൂടകള്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. ഇതുമൂലം പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യമാണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. മാലിന്യ സംസ്‌കരണം ലക്ഷ്യമാക്കി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ 40 അംഗ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്ലാ മാസവും 15-ാം തീയതിക്കകം എല്ലാ വീടുകളില്‍നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് മിനി എം.സി.എഫില്‍ ശേഖരിച്ച് പിന്നീട് എം.സി.എഫില്‍ എത്തിച്ച് മാലിന്യം തരംതിരിച്ച് ഗ്രീന്‍ കേരള കമ്പനിക്ക് നല്‍കി വരുന്നുണ്ട്.
പിആര്‍ഡി, കേരള സര്‍ക്കാര്‍