കാലടി: കാലടി സംസ്‌കൃത സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എബിവിപി ഉയർത്തിയ ബാനർ അഴിച്ചുമാറ്റിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് ചുട്ട മറുപടിയുമായി എബിവിപി വനിതാ വിദ്യാർഥിനികൾ. എബിവിപി വിദ്യാർഥിനികൾ ബാനർ അഴിച്ച എസ്എഫ്ഐക്കാർക്കു മുന്നിൽ തിരികെ കെട്ടിയത് കുട്ടി സഖാക്കള്‍ക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു.
അതിനിടെ, എസ്എഫ്‌ഐ പ്രവർത്തകരെ വിദ്യാർത്ഥിനികൾ ചോദ്യം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഗേറ്റിൽ എബിവിപി ഉയർത്തിയ ബാനറാണ് എസ്എഫ്ഐ ഗുണ്ടകൾ അഴിച്ചുമാറ്റിയത്. രണ്ട് ഗേറ്റുകളിലൊന്നിൽ എസ്എഫ്‌ഐ ചാൻസലർക്കെതിരായ ബാനർ കെട്ടി. ഇതിന് മറുപടിയായാണ് രണ്ടാം ഗേറ്റിൽ എബിവിപിയുടെ ബാനർ ഉയർത്തിയത്.
‘ശാഖയിലെ സംഘിസം സർവ്വകലാശാലയിൽ വേണ്ട ഗവർണറേ’ എന്നായിരുന്നു എസ്എഫ്‌ഐ ബാനറില്‍ എഴുതിയിരുന്നത്. എന്നാൽ, ചാൻസിലറെ വിലക്കാൻ കേരളത്തിലെ കലാലയങ്ങൾ എസ്എഫ്‌ഐയുടെ കുടുംബസ്വത്തല്ലെന്നായിരുന്നു എബിവിപിയുടെ മറുപടി. നട്ടെല്ലുള്ളൊരു ഗവർണർക്ക് എബിവിപിയുടെ ഐക്യദാർഢ്യവും ബാനറിൽ രേഖപ്പെടുത്തി.
എന്നാൽ ബാനർ ഉയർത്തിയത് അറിഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ ഒരു കാരണവുമില്ലാതെ പ്രകോപനം സൃഷ്ടിക്കാനായി അഴിച്ചുമാറ്റി. ഇത് ചോദ്യം ചെയ്ത അദീന, നിവേദിത, ശ്രീചിത്ര, ആതിര, അനന്തപത്മനാഭൻ തുടങ്ങിയ എബിവിപി പ്രവർത്തകരെ കൈയ്യേറ്റം ചെയ്യാൻ മുതിർന്നതോടെയാണ് വിദ്യാർത്ഥിനികൾ കുട്ടി സഖാക്കളെ കണ്ടംവഴി ഓടിച്ചത്.
ദേഹത്ത് തൊട്ടാൽ വിവരം അറിയാമെന്നായിരുന്നു എബിവിപി വനിതാ വിദ്യാർത്ഥിനികള്‍ എസ് എഫ് ഐ സഖാക്കള്‍ക്ക് കൊടുത്ത മറുപടി. ഞങ്ങളുടെ ബാനർ അഴിച്ചാൽ എസ്എഫ്‌ഐയുടെ ബാനറും അഴിക്കുമെന്ന് വിദ്യാർഥിനികൾ ശഠിച്ചതോടെ എസ്എഫ്‌ഐക്കാർ പിൻവാങ്ങി. ബാനർ ഉയർത്തിയവരെ സാക്ഷി നിർത്തി വിദ്യാർഥികൾ വീണ്ടും എബിവിപിയുടെ ബാനർ സർവകലാശാല ഗേറ്റിൽ ഉയർത്തി. വിവരമറിഞ്ഞ് വൈകിട്ട് വൻ പോലീസ് സംഘം സ്ഥലത്തെത്തി.