കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ പേരിടണമെന്ന് എഫ്.ഡി.സി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരം ആര്‍.സി.സി മാതൃകയില്‍ കൊച്ചിയില്‍ ഒരു അന്താരാഷ്ട്ര കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ സ്വപ്നങ്ങളിലൊന്നായിരുന്നു. 1999 ല്‍ സ്ഥാപിതമായ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജ് 2013 ഡിസംബര്‍ 11 ന് സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയി മാറിയതിലേക്ക് നയിച്ചത് ജസ്റ്റിസ് കൃഷ്ണയ്യര്‍ നടത്തിയ പോരാട്ടമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 10 വര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലെ 12 ഏക്കറില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്ന കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് (സി.സി.ആര്‍.സി) ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ പേരിടുന്നത് അന്തരിച്ച നിയമജ്ഞനുള്ള ശരിയായ ആദരവും അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ സ്മാരകമായിരിക്കുമെന്നും എഫ്.ഡി.സി.എ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫസര്‍ കെ. അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു.
കൃഷ്ണയ്യരുടെ പേര് സി.സി.ആര്‍.സിക്ക് നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവരുള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ സര്‍ക്കാരതില്‍ തീരുമാനമെടുത്തിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിര്‍മാണം കമ്മീഷന്‍ ചെയ്യുന്ന സാഹചര്യത്തില്‍ കൃഷ്ണയ്യരോടുള്ള ആദരവായി അനുകൂല തീരുമാനം ഉണ്ടാകണമെന്ന് എഫ്.ഡി.സി.എ സംസ്ഥാന അഡൈ്വസറി കമ്മിറ്റിയംഗം ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍ പറഞ്ഞു. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കൃഷ്ണയ്യര്‍ മൂവ്‌മെന്റുമാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഊര്‍ജ്ജിത ശ്രമം നടത്തിയത്. ഈ സ്വപ്‌നപദ്ധതിക്കായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്കുളള ബഹുമതിയായിരിക്കും സ്ഥാപനത്തെ കൃഷ്ണയ്യരുടെ പേരില്‍ നാമകരണം ചെയ്യുന്നതെന്ന് ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ എഫ്.ഡി.സി.എ ജനറല്‍ സെക്രട്ടറി ഒ. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.കെ ഹുസൈന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ഫാദര്‍ പോള്‍ തേലക്കാട്ട് സമാപനവും നിര്‍വ്വഹിച്ചു.