രാമക്ഷേത്രം പണിയണമെന്നും മുത്വലാഖ് അവസാനിപ്പിക്കണമെന്നുമാണ് പാർട്ടി എപ്പോഴും പറയുന്നതെന്ന് മുൻ ബിജെപി പ്രകടനപത്രികകളെ പരാമർശിച്ച് ഷാ എടുത്തുപറഞ്ഞു.
കുരുക്ഷേത്ര: സമൂഹത്തിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ഭഗവദ് ഗീതയിലുണ്ടെന്നും, അതിന്റെ സന്ദേശം രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലും എത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഹരിയാനയിൽ നടന്ന അന്താരാഷ്ട്ര ഗീതാ ഫെസ്റ്റിവൽ സന്ദർശിച്ച ശേഷം സന്ത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം നിരവധി ദർശകരും മഹാത്മാക്കളും ഭഗവദ്ഗീതയെക്കുറിച്ചുള്ള അറിവ് പുനരുജ്ജീവിപ്പിച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു. “ഞാൻ ലോകമെമ്പാടുമുള്ള നിരവധി പണ്ഡിതന്മാരെ കണ്ടുമുട്ടിയിട്ടുണ്ട്, ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഗീതയുടെ സന്ദേശത്തിൽ പരിഹാരമുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.
“നമ്മള് ഇരിക്കുന്നത് കുരുക്ഷേത്ര എന്ന പുണ്യഭൂമിയിലാണ്. 5,000 വർഷങ്ങൾക്ക് മുമ്പ് ഭഗവാൻ കൃഷ്ണൻ അർജുനന് ഗീതയുടെ സന്ദേശം നൽകി, ”മഹാഭാരതത്തെ പരാമർശിച്ച് ഷാ പറഞ്ഞു. ജനങ്ങളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ഗീതയുടെ സന്ദേശത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗീതോത്സവം നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും, 2016 മുതൽ അന്താരാഷ്ട്ര തലത്തിൽ ഈ ഉത്സവം സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഫെസ്റ്റിവലിന്റെ പങ്കാളി സംസ്ഥാനമാണ് അസമെന്നും അദ്ദേഹം പറഞ്ഞു.
ഗീതയുടെ സന്ദേശം രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലും എത്തണം, കഴിഞ്ഞ ഏഴ് വർഷമായി ഉത്സവം വിജയകരമായി സംഘടിപ്പിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ മഹത്തായ സംസ്കാരം എല്ലായ്പ്പോഴും മുന്നോട്ടുകൊണ്ടുപോകണമെന്ന വിശ്വാസത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ സംസ്കാരം ഒരു വഴികാട്ടിയായി നിലനിർത്തിയാണ് നയങ്ങൾ തീരുമാനിച്ചത്, അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞത്, അത് റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനില് സമ്പൂർണ്ണമായി സംയോജിപ്പിക്കാൻ സാധിച്ചു എന്നാണ്.
രാമക്ഷേത്രം പണിയണമെന്നും മുത്വലാഖ് തൽക്ഷണം അവസാനിപ്പിക്കണമെന്നുമാണ് പാർട്ടി എപ്പോഴും പറയുന്നതെന്ന് മുൻ ബിജെപി പ്രകടനപത്രികകളെ പരാമർശിച്ച് ഷാ എടുത്തുപറഞ്ഞു.
മോദിയുടെ ഭരണകാലത്ത് അയോദ്ധ്യയില് രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചെന്നും, ശ്രീരാമന്റെ പ്രതിഷ്ഠ ജനുവരി 22ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ വാരണാസിയിലെ കാശി വിശ്വനാഥ് ഇടനാഴി, മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ ലോക് ഇടനാഴി, കശ്മീരിലെ മാതാ ശാരദാ ദേവി ക്ഷേത്രത്തിന്റെ ഉദ്ഘാടനം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേമ്പറിൽ തമിഴ്നാട്ടിൽ നിന്നുള്ള ചരിത്രപരമായ ചെങ്കോൽ ‘സെങ്കോൾ’ സ്ഥാപിച്ചതും ആഭ്യന്തരമന്ത്രി എടുത്തുപറഞ്ഞു.
ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ ഗീതയുടെ പഠിപ്പിക്കലുകൾ തന്നെ എപ്പോഴും മുന്നോട്ടു നയിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.
“ഞാൻ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ട്, പക്ഷേ എന്റെ അമ്മ എന്നെ കുട്ടിക്കാലത്ത് ഗീത പഠിപ്പിച്ചതിനാൽ, ഞാൻ ഒരിക്കലും നിരാശയും വേദനയും അനുഭവിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, യോഗ ഗുരു രാംദേവ്, സ്വാമി ജ്ഞാനാനന്ദ് മഹാരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.