ലണ്ടൻ: 303 ഇന്ത്യൻ യാത്രക്കാരുമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനം മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ ഇറക്കിയതായി ഫ്രഞ്ച് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ദേശീയ ആന്റി-ക്രൈം യൂണിറ്റ് ജുനൽകോ അന്വേഷണം ഏറ്റെടുത്തു. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്തു വരികയാണെന്നും, കൂടുതൽ പരിശോധനകൾക്കായി രണ്ട് പേർ കസ്റ്റഡിയിലാണെന്നും പാരീസ് പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 വ്യാഴാഴ്ച ലാൻഡിംഗിന് ശേഷം വാട്രി വിമാനത്താവളത്തിലെ ടാർമാക്കിൽ നിലയുറപ്പിച്ചതായി മാർനെയുടെ വടക്കുകിഴക്കൻ ഡിപ്പാർട്ട്‌മെന്റിലെ പ്രിഫെക്ചർ പറഞ്ഞു. പാരീസിൽ നിന്ന് 150 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വട്രി എയർപോർട്ട്, ബഡ്ജറ്റ് എയർലൈനുകൾക്കാണ് സർവീസ് നടത്തുന്നത്.
വിമാനം ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയതാണെന്നും, യുഎഇയിൽ ജോലി ചെയ്തിരുന്ന 303 ഇന്ത്യൻ പൗരന്മാരാണ് യാത്രക്കാരായി ഉള്ളതെന്നും അധികൃതര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാൻസിൽ ഇറങ്ങിയ ശേഷം, യാത്രക്കാരെ ആദ്യം വിമാനത്തിൽ തന്നെ ഇരുത്തിയെങ്കിലും പിന്നീട് പുറത്തിറക്കി ടെർമിനൽ കെട്ടിടത്തിലേക്ക് കൊണ്ടുപോയി വിശ്രമിക്കാനും മറ്റും സൗകര്യങ്ങള്‍ നല്‍കി. വിമാനത്താവളം മുഴുവൻ പൊലീസ് വളഞ്ഞു.
മനുഷ്യക്കടത്തിന് ഇരയാകാൻ സാധ്യതയുള്ളവരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഒരു അജ്ഞാത സന്ദേശം ലഭിച്ചതായി പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു. യാത്രക്കാരെ ഒടുവിൽ ചെറിയ വാട്രി വിമാനത്താവളത്തിന്റെ പ്രധാന ഹാളിലേക്ക് മാറ്റി, അവിടെ വ്യാഴാഴ്ച രാത്രി തങ്ങാൻ കട്ടിലുകളും മെത്തയും മറ്റും സജ്ജീകരിച്ചതായി മാർനെ മേഖലയിലെ ഭരണകൂടം പറഞ്ഞു.
പ്രത്യേക ഫ്രഞ്ച് സംഘടിത ക്രൈം യൂണിറ്റ്, ബോർഡർ പോലീസ്, ഏവിയേഷൻ ജെൻഡാർംസ് എന്നിവയിൽ നിന്നുള്ള അന്വേഷണ സംഘം കേസിൽ പ്രവർത്തിക്കുന്നു.
അതിനിടെ, ദുബായിൽ നിന്ന് നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ വംശജരുമായുള്ള വിമാനം ഫ്രഞ്ച് വിമാനത്താവളത്തിൽ സാങ്കേതികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചതായി പാരീസിലെ ഇന്ത്യൻ എംബസി വെള്ളിയാഴ്ച അറിയിച്ചു. വിമാനത്തിൽ 303 പേർ ഉണ്ടായിരുന്നതായി എംബസി അറിയിച്ചു.
“ദുബായിൽ നിന്ന് നിക്കരാഗ്വയിലേക്കുള്ള വിമാനം, കൂടുതലും ഇന്ത്യൻ വംശജരായ 303 പേർ ഫ്രഞ്ച് വിമാനത്താവളത്തിൽ സാങ്കേതിക തടങ്കലിൽ വച്ചിരിക്കുന്നതായി ഫ്രഞ്ച് അധികൃതർ ഞങ്ങളെ അറിയിച്ചു,” ഇന്ത്യൻ മിഷൻ എക്സില്‍ പോസ്റ്റ് ചെയ്തു. എംബസി ടീം സ്ഥലത്തെത്തി സ്ഥിതിഗതികൾ അന്വേഷിക്കുന്നുണ്ടെന്നും, യാത്രക്കാരുടെ ക്ഷേമവും ഉറപ്പാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.