ജക്കാർത്ത: ഇന്തോനേഷ്യൻ നിക്കൽ ഉരുക്കുപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നതായി ലോക്കൽ പോലീസ് അറിയിച്ചു. സംഭവത്തിന്റെ കാരണം അധികൃതർ അന്വേഷിക്കുന്നതിനാൽ ഉരുക്കുപ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നും പോലീസ്.
ചൈനയിലെ സിങ്‌ഷാൻ ഹോൾഡിംഗ് ഗ്രൂപ്പിന്റെ യൂണിറ്റായ ഇന്തോനേഷ്യൻ സിങ്‌ഷാൻ സ്റ്റെയിൻലെസ് സ്റ്റീലിന്റെ (ഐടിഎസ്എസ്) ഉടമസ്ഥതയിലുള്ള സുലവേസി ദ്വീപിലെ നിക്കൽ സ്മെൽറ്റർ ഫർണസിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
ലോകത്തിലെ ഏറ്റവും വലിയ നിക്കൽ ഉൽപ്പാദകരായ ഇന്തോനേഷ്യ, സംസ്ക്കരിക്കാത്ത നിക്കൽ അയിര് കയറ്റുമതി നിരോധിച്ചിരിക്കുകയാണെങ്കിലും, ഉരുക്കൽ, സംസ്കരണം എന്നിവയിൽ വലിയ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, സമീപ വർഷങ്ങളിൽ നിരവധി മാരകമായ അപകടങ്ങളാണ് ഈ മേഖലയെ ബാധിച്ചത്.
പ്രസിഡന്റ് ജോക്കോ വിഡോഡോ, സാമ്പത്തിക വികസനത്തിന്റെ മുൻഗണനയായി നിക്കൽ സംസ്കരണത്തെ കണക്കാക്കുമ്പോള്‍, മെച്ചപ്പെട്ട സുരക്ഷയ്ക്കും പരിസ്ഥിതി നിലവാരത്തിന്റെ മെച്ചപ്പെട്ട നിരീക്ഷണത്തിനും ആഹ്വാനം ചെയ്യുന്നു.
കൊല്ലപ്പെട്ടവരിൽ എട്ട് വിദേശ തൊഴിലാളികളുണ്ടെന്നും, തീപിടിത്തത്തിന്റെ കാരണം പോലീസ് ഇപ്പോഴും അന്വേഷിക്കുന്നുണ്ടെന്നും സെൻട്രൽ സുലവേസി പോലീസ് വക്താവ് ജോക്കോ വിനാർട്ടോണോ ചൊവ്വാഴ്ച പറഞ്ഞു. ആദ്യം സ്ഥിരീകരിച്ച 13 പേരിൽ നാല് ചൈനക്കാരും ഉണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അന്വേഷണം നടക്കുന്നതിനിടെ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ മൊറോവാലി ഇൻഡസ്ട്രിയൽ പാർക്കിന്റെ വക്താവ് ഡെഡി കുർണിയവാൻ ചൊവ്വാഴ്ച പറഞ്ഞു.