എറണാകുളം: പത്തു വയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സാനു മോഹന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും എറണാകുളം പ്രത്യേക കോടതി വിധിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ, കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ കുട്ടിക്ക് ലഹരി വസ്തുക്കൾ നൽകൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എല്ലാ കുറ്റങ്ങളിലും ഇയാൾ നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് ജീവപര്യന്തം തടവും മറ്റ് കുറ്റങ്ങൾക്ക് 28 വർഷം അധിക തടവും ഉൾപ്പെടെയുള്ളതാണ് കോടതി വിധി.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപയും പിഴയും വിധിച്ചത്. ഐപിസി 201 വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും പതിനായിരം രൂപയും, ഐപിസി 328 പ്രകാരം പത്ത് വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, ബാലാവകാശ നിയമം ജെ ജെ ആക്‌ട് 25 പ്രകാരം പത്ത് വർഷം തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും, ജെ ജെ ആക്‌ട് 77 അനുസരിച്ച് മൂന്ന് വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ജഡ്‌ജ് കെ. സോമനാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദവും കോടതിയിൽ പൂർത്തിയാക്കിയിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ പ്രതിയായ കേസിൽ സമൂഹത്തിന് പാഠമാക്കുന്ന ശിക്ഷ തന്നെ നൽകണയെന്നായിരുന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്. സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷപെടാൻ രാജ്യം വിടാനൊരുങ്ങിയ പ്രതി സ്വന്തം മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
2021 മാർച്ച് 21 ന് മുട്ടാർ നദിയിൽ വൈഗയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ സംഭവത്തെ ചുറ്റിപ്പറ്റിയാണ് കേസ്.
ആലപ്പുഴയിലെ വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് മകൾ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹൻ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ചാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവ ദിവസം രാത്രി 9.30 നായിരുന്നു കൊലപാതക ശ്രമം. ശീതള പാനീയത്തിൽ മദ്യം നൽകിയ ശേഷം മയങ്ങി പോയ മകളെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്. മൂക്കിൽ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതി പ്രതി കുട്ടിയെ കിടക്ക വിരിപ്പിൽ പൊതിഞ്ഞ് രാത്രി പത്തര മണിയോടെ മുട്ടാർ പുഴയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പുഴയിൽ മുങ്ങിയായിരുന്നു യഥാർഥത്തിൽ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.
അച്ഛനെയും മകളെയും കാണാനില്ലന്നായിരുന്നു ആദ്യം വാർത്ത പരന്നത്. എന്നാൽ, പിറ്റേ ദിവസം മുട്ടാർ പുഴയിൽ കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതോടെ അച്ഛൻ മകളെ കൊലപ്പെടുത്തിയെന്ന സംശയത്തിലേക്ക് നീങ്ങി. ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കർണാടകയിൽ നിന്നും സനു മോഹനൻ പൊലീസിന്‍റെ പിടിയിലായത്.