ടെക്സാസ്: ടെക്‌സാസിലെ ജോൺസൺ കൗണ്ടിയിലെ ക്ലെബേണില്‍ യു.എസ്. ഹൈവേ 67-ൽ നടന്ന വാഹനാപകടത്തില്‍ ആറ് ഇന്ത്യൻ അമേരിക്കക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു, മൂന്നു പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മിനിവാനും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പ്രാദേശിക വാര്‍ത്താ ചാനല്‍ ഫോക്സ്4ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ആന്ധ്രാപ്രദേശിലെ അമലപുരം ടൗണിൽ നിന്നുള്ള ഒരേ കുടുംബത്തിലെ ഏഴുപേരാണ് മിനിവാനിലുണ്ടായിരുന്നത്, അവരിൽ ഒരാൾ മാത്രം, 43 കാരനായ ലോകേഷ് പൊട്ടബത്തുലയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊട്ടബത്തുലയുടെ ഭാര്യ 36 കാരിയായ നവീന പൊട്ടബത്തുലയാണ് മരിച്ചതെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ദമ്പതികളുടെ മക്കളായ 9 വയസ്സുള്ള നിഷിധ പൊട്ടബത്തുലയും 10 വയസ്സുള്ള കൃതിക് പൊട്ടബത്തുലയും മരിച്ചവരില്‍ പെടുന്നു. നവീന പൊട്ടബത്തുലയുടെ മാതാപിതാക്കളായ 60 വയസ്സുള്ള സീതാമഹാലക്ഷ്മി പൊന്നാടയും 64 വയസ്സുള്ള നാഗേശ്വരറാവു പൊന്നാടയും മരിച്ചു.
ലോകേഷ്-നവീന ദമ്പതികൾ L1 വിസയിൽ ടിസിഎസിൽ ജോലി ചെയ്യുകയായിരുന്നു എന്ന് ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മിനിവാനിലുണ്ടായിരുന്ന ഏക വ്യക്തി, നാഗേശ്വർ റാവുവിന്റെ മരുമകൻ ലോകേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തെലുഗു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (താന) ട്രഷറർ കൊല്ല അശോക് ബാബുവും തെലുങ്ക് ഫൗണ്ടേഷൻ ട്രഷറർ പോളവരപ്പു ശ്രീകാന്തും മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് കുടുംബം അറിയിച്ചു.
മിനിവാൻ ഡ്രൈവർ ഇർവിംഗിലെ റുഷിൽ ബാരി എന്ന 28കാരനാണ് മരിച്ചവരിൽ ഒരാളെന്ന് ഡിപിഎസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡിപിഎസ് അന്വേഷകർ പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കൗണ്ടി റോഡ്1119 ന് സമീപം യുഎസ് ഹൈവേ 67-ൽ തെക്കോട്ട് പോകുകയായിരുന്നു പിക്കപ്പ് ട്രക്ക്, മിനിവാൻ അതേ പ്രദേശത്ത് വടക്കോട്ട് പോകുകയായിരുന്നു.
പിക്കപ്പ് വടക്കോട്ടുള്ള ലെയിനിൽ കടന്ന് “നോ പാസിംഗ്” സ്ഥലത്ത് പ്രവേശിച്ച് മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്തെ വേഗപരിധി മണിക്കൂറിൽ 70 മൈലാണെന്നാണ് റിപ്പോർട്ട്.
സന്ദർശനത്തിനെത്തിയ മാതാപിതാക്കളും രണ്ട് കുട്ടികളും അപകടസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് ഡിപിഎസ് പറഞ്ഞു.
ടെക്‌സാസിലെ ഗ്ലെൻ റോസിൽ നിന്നുള്ള 17 കാരനായ പ്രെസ്റ്റൺ ഗ്ലാസിനൊപ്പം പിക്കപ്പ് ട്രക്ക് ഓടിച്ച 17 കാരനായ ലൂക്ക് റെസെക്കറിനെ ഗുരുതരമായ പരിക്കുകളോടെ ഫോർട്ട് വർത്ത് ആശുപത്രിയിലേക്ക് മാറ്റി.
ഹൈവേ 67 മണിക്കൂറുകളോളം അടച്ചിട്ടെങ്കിലും പിന്നീട് വീണ്ടും തുറന്നു.
അടുത്ത ബന്ധുക്കളെ കണ്ടെത്താൻ സഹായിച്ചതിന് ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ്, ജോർജിയ സ്റ്റേറ്റ് പോലീസ്, ജോൺസ് ക്രീക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവയ്ക്ക് DPS നന്ദി പറഞ്ഞു.
പരിക്കേറ്റവരെ ജോൺ പീറ്റർ സ്മിത്ത് ഹോസ്പിറ്റലിലേക്കും ടെക്സസ് ഹെൽത്ത് ഹാരിസ് മെത്തഡിസ്റ്റ് ഹോസ്പിറ്റലിലേക്കും
ഹെലിക്കോപ്റ്ററിലാണ് കൊണ്ടുപോയത്.