വണ്ടിപെരിയാറില്‍ ആറു വയസ്സുള്ള ഒരു പിഞ്ചുപൈതല്‍ ബലാത്സംഗത്തിന് ഇരയായത് ലോക മലയാളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ആ ദുഃഖത്തില്‍ പങ്കുചേരാന്‍ അന്ന് ഞാനൊരു കവിതയെഴുതി ‘പിഞ്ചുപൈതല്‍’ യൂട്യൂബില്‍ ഇട്ടു. കേരളത്തിലെ കട്ടപ്പന അതിവേഗത കോടതി കുറ്റവാളിയെ നിരുപാധികം നിരപരാധിയായി രക്ഷപ്പെടുത്തിയ കാഴ്ചയാണ് ഇപ്പോള്‍ ലോകം കണ്ടത്. ലോകം എന്ന് പറയുമ്പോള്‍ ചിലര്‍ ചിന്തിക്കും ഏത് ലോകം? കേരളത്തിലെ കുളത്തില്‍ ജീവിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് അത് മനസ്സിലാകില്ല. അതിന് ലോകസഞ്ചാരം നല്ല സാഹിത്യ സൃഷ്ഠികള്‍ വായിക്കണം. സഹ്യപര്‍വ്വതങ്ങളുടെ ചുറ്റുവട്ടത്തില്‍ കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെറുതായ ഒരു സംസ്ഥാനമാണ് കേരളം. നമ്മള്‍ മേനി പറയുന്നത് എല്ലാം രംഗത്തും അഭിവൃദ്ധി നേടിയ, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെയാണ്. ഈ ദൈവത്തിന്റെ നാട്ടില്‍ ഭൂത പിശാചുക്കള്‍ എന്തുകൊണ്ടാണ് അഴിഞ്ഞാടുന്നത്?
പിശാചിന്റെ നാട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വണ്ടിപ്പെരിയാറിലെ ഒരു കുഞ്ഞിന്റെ പീഡനമരണം. കേരളം ഒരു മുതലാളി ബൂര്‍ഷ്വാ സംസ്‌കാരത്തെ അരക്കിട്ടുറപ്പിക്കയാണോ? എല്ലാം മനുഷ്യര്‍ക്കും അവരുടേതായ സാമൂഹ്യ സാംസ്‌കാരിക മാനദണ്ഡങ്ങളുണ്ട്. നിര്‍ഭാഗ്യമെന്ന് പറയാന്‍ ഇന്ത്യയില്‍ കേരളത്തില്‍ നടക്കുന്നത് ചൂഷക വര്‍ഗ്ഗത്തിന്റെ പിന്തിരിപ്പന്‍ ആശയങ്ങളാണ്. ഇന്ത്യ എന്ന് പറയുമ്പോള്‍ കേരളമടക്കം രാഷ്ട്രീയ മാനദണ്ഡത്തിനാണ് മുന്‍ തൂക്കം നോക്കിയാണ് സാമൂഹ്യ നീതി നടപ്പാക്കുന്നത്. ഭരണത്തിലുള്ള ഏകാധിപതികള്‍ എപ്പോഴും ആഗ്രഹിക്കുക എതിര്‍ ശബ്ദങ്ങളുടെ വായ് മൂടികെട്ടുകയാണ് പതിവ്. കേരളത്തിലും അത് സംഭവിക്കുന്നു. എഴുത്തുകാര്‍ മൗനികളാണ്. പദവി, പുരസ്‌കാരം നഷ്ടപ്പെടുമോ എന്ന ഭയം. ഒരെഴുത്തുകാരനും വണ്ടിപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സാമൂഹ്യ പ്രതിബദ്ധത പ്രസംഗിച്ചാല്‍ മാത്രം മതിയോ?
കൊച്ചി രാജാക്കന്‍മാര്‍ 1698 ല്‍ ഒരു ശപഥം എടുത്തു. അത് കിരീടം തലയില്‍ വെയ്ക്കില്ല എന്ന ശപഥമായിരുന്നു. പിന്നിടവര്‍ കിരീടം മടിയില്‍ വെക്കാന്‍ തുടങ്ങി. പോര്‍ച്ചുഗീസുകാരുടെ വരവോടെ ഈ കൂട്ടരുടെ ശുക്രദശ ആരംഭിച്ചു. അതുപോലെ ഇന്ത്യക്ക് ജനാധിപത്യം വന്നതോടെ നമ്മുടെ ശുക്രദശ തുടങ്ങി എന്നതാണ് ഓരോ സംഭവങ്ങളും വെളിപ്പെടുത്തുന്നത്. ജനാധിപത്യം എന്ന ഓമനപ്പേരില്‍ ജാതി മതങ്ങള്‍ ജനാധിപത്യം കയ്യടക്കുന്നു. അങ്ങനെ നീതിന്യായ വകുപ്പുകളുടെ കിരീടം ഇപ്പോള്‍ ചിലരുടെ മടിയിലാണ്. സത്യം മൂടികെട്ടിയാല്‍ അവര്‍ക്കും പദവികള്‍ കിട്ടുന്ന കാലമാണ്. ഒരു പിഞ്ചു പൈതലിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി കൊടും കുറ്റവാളിയെ വെറുതെ വിട്ടത്. അയാള്‍ നിരപരാധിയെങ്കില്‍ കുറ്റവാളി എവിടെ? ആരാണ് കുറ്റവാളിയെ ഒളിപ്പിച്ചിരിക്കുന്നത്?
2021 ജൂണ്‍ മാസം 30 നാണ് വണ്ടിപ്പെരിയാറിലെ ചുരക്കളം എസ്റ്റേറ്റില്‍ ഈ ക്രൂരകൃത്യം നടന്നത്. ഇതിലെ കുറ്റവാളികള്‍ പ്രചരിപ്പിച്ചത് ഷാളില്‍ കുരുങ്ങി മരിച്ചു. ഈ ബുദ്ധിശൂന്യര്‍ പ്രചരിപ്പിച്ചത് തെറ്റെന്ന് ബുദ്ധിശാലികളായവര്‍ കണ്ടെത്തി. ആറു വയസ്സുള്ള ഒരു കുട്ടി എങ്ങനെ കെട്ടിത്തൂങ്ങി മരിക്കും? ചില തല്‍പരകക്ഷികളുടെ ആഗ്രഹം ആരോഗ്യരംഗത്തുള്ള ചില ഡോക്‌ടേഴ്‌സിന്റെ അടുക്കല്‍ ചിലവാകാത്തതുകൊണ്ട് സത്യങ്ങള്‍ പുറത്തുവരാറുണ്ട്. അതിനെ ദൈവത്തിന്റെ കൈയ്യൊപ്പ് എന്നൊക്കെ വിളിക്കാറുണ്ട്. അങ്ങനെയാണ് ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വരുന്നത്. സത്യം തുറന്നെഴുതുന്ന ഡോക്‌ടേഴ്‌സ് നാടിന് അഭിമാനമാണ്. നന്മ നിറഞ്ഞ ഈ ഡോക്‌ടേഴ്‌സ് ഇല്ലായിരുന്നെങ്കില്‍ ഈ ബൂര്‍ഷ്വാ വര്‍ഗ്ഗം എത്രയോ നിരപരാധികളെ കൊന്നൊടുക്കുമായിരുന്നു.
പോലീസ് കേസന്വേഷണം ആരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന അര്‍ജ്ജുന്‍ എന്ന വ്യക്തിയെ കണ്ടെത്തി. എപ്പോള്‍ ഈ കേസ് പോലീസിന്റെ കയ്യിലെത്തിയോ അന്നുമുതല്‍ പാളിച്ചകള്‍ കണ്ടുതുടങ്ങി. കൊലപാതകം കഴിഞ്ഞു ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിക്കുന്നത്. വിരലടയാളമടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ എന്തുകൊണ്ട് നടന്നില്ലെന്ന് കോടതി ചോദിക്കുന്നു. തെളിവ് കണ്ടെത്തുന്നതില്‍ പോലീസിന്റെ ഗുരുതര വീഴ്ചകള്‍ കോടതി കണ്ടെത്തുന്നു. ഈ വിഷയത്തില്‍ ആരാണ് അപകടകാരികള്‍? ഒരു കുടുംബത്തെ ദുഃഖത്തിന്റെ തീച്ചൂളയിലേക്ക് തള്ളിവിട്ടത് ആരാണ്? ഈ കേസ് അട്ടിമറിക്കാന്‍ ആരാണ് സമ്മര്‍ദ്ദം ചെലുത്തിയത്?
ഈ കേസില്‍ തെളിവുകള്‍ ഹാജരാകുന്നതില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. ഇതുകൂടി കേട്ടപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ തുറിച്ച കണ്ണുകളോടെ നോക്കുന്നു. പീഡകനെവിടെ? പീഡനസ്വഭാവം എവിടെ? പോലീസിന്റെ കണ്ടെത്തലുകള്‍ എവിടെ? ഈ തെളിവ് ശേഖരണങ്ങളില്‍ കാണുന്നത് വൈരുദ്ധ്യങ്ങളാണ്. കേസിന്റെ മുല്യങ്ങളിലേക്ക് പോകുന്നില്ല. ഇതൊക്കെ സംഭവിച്ചിട്ടുള്ളത് കാടത്ത കിരാത കാലങ്ങളിലാണ്. ആരാണ് കിരാതന്മാര്‍ക്ക് പീഡനം നടത്താന്‍ വഴിയൊരുക്കുന്നത്. ഈ കൂട്ടരെ വേരോടെ പിഴുതെറിയാന്‍, തുറുങ്കിലടക്കാന്‍ കോടതിക്കും സാധിക്കുന്നില്ല. പാവങ്ങളുടെ നീതി നിഷേധിക്കപ്പെടുന്നു. സത്യവും നീതിയും കാറ്റില്‍ പറത്തുന്ന ഈ കൂട്ടര്‍ അഗാധമായ അന്ധകാരത്തിലേക്കാണ് സമൂഹത്തെ നടത്തുന്നത്.
കോടതികള്‍ക്ക് ശത്രുവോ മിത്രമോ ഇല്ല. പട്ടാളം, പോലീസ് നമ്മുടെ രക്ഷകരാണ്. എന്നാല്‍ പലപ്പോഴും പോലീസ് കുറ്റവാളികളുടെ മിത്രങ്ങളായി മാറുന്നു. വണ്ടിപ്പെരിയാര്‍ കേസിലും 2017 ലെ വാളയാര്‍ പെണ്‍കുട്ടികളുടെ കേസിലും നമ്മളത് കണ്ടുകഴിഞ്ഞു. വാളയാര്‍ കേസ് സി.ബി.ഐ പോലീസ് ഏറ്റെടുക്കാന്‍ കാരണം നമ്മുടെ പോലീസ് അധികാരികളുടെ അടിമവേല ചെയ്യുന്നതു കൊണ്ടാണ്. ഇത്രമാത്രം കേസുകള്‍ അട്ടിമറിക്കുന്ന പോലീസ് ഇന്ത്യയിലുണ്ടോ? ഇത് എന്ത് ജനാധിപത്യമാണ്? ഈ തീരാഭാരങ്ങളുടെ നൊമ്പരത്തോണിയിലാണ് ഒരു കുടുംബം നീതി ലഭിക്കാതെ കണ്ണീര്‍ വാര്‍ക്കുന്നത്. ഇങ്ങനെ നിയമങ്ങളെ കാറ്റില്‍ പറത്തുമ്പോള്‍ കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടുമെന്ന ഭയമില്ല. നമ്മുടെ പോലീസ് രാഷ്ട്രീയക്കാരുടെ ചെണ്ടയും മദ്ദളവുമായാല്‍ നിരപരാധി അപരാധിയാകും. അധികാരികള്‍ പോലീസ് സേനയുടെ അന്തസത്ത ഓരോ ദിനവും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാരുടെ താളത്തിന് തുള്ളാതെ പോകണ മെന്നുണ്ടെങ്കില്‍ കോടതികള്‍ പോലീസ് വകുപ്പ് ഏറ്റെടുക്കണം. ഇതും ഒരു സാമൂഹ്യ പീഡനമല്ലേ?
വണ്ടിപ്പെരിയാര്‍ കേസില്‍ മാനസികവൈകൃതമുള്ള ഒരു ചാനല്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്നത് കണ്ടു. കുറ്റവാളികള്‍ക്കൊപ്പം ഈ അശ്വഭടന്മാര്‍ അണിനിരക്കുമെന്ന് കരുതിയില്ല. അധികാരികളുടെ വാലാട്ടിപട്ടികളായി നടന്ന് അവരെ പാടിപുകഴ്ത്തുന്നത് മടിശീലയുടെ കനം നോക്കിയെന്നറിയാമെങ്കിലും വണ്ടിപ്പെരിയാര്‍ കേസില്‍ ഇത്രമാത്രം ധാര്‍മ്മികമായി അധഃപതിക്കു മെന്നറിയില്ലായിരുന്നു. ഇതെല്ലാം കാണുമ്പോള്‍ പണം വാങ്ങാന്‍ മാരാരും, അടികൊള്ളാന്‍ ചെണ്ടയുംപോലെ തോന്നുന്നു. ചിലരുടെ സോഷ്യല്‍ മീഡിയ തള്ളുപോലെ ഈ അത്യാഗ്രഹി കള്‍ക്ക് പകല്‍ ബുദ്ധിയോ രാത്രി ബോധമോ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തനം. ഒരു കേസ് കോടതിമുറിയില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷകള്‍ നടപ്പാക്കുന്നത്. അല്ലാതെ മാധ്യമങ്ങളുടെ കുറ്റ വിചാരണ കണ്ടുകൊണ്ടല്ല. പണം വാങ്ങി വെള്ളപൂശാന്‍ ശ്രമിച്ചാലും അത്ര നടപ്പില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ കുറ്റവാളികളെ വെള്ളപൂശാന്‍ ശ്രമിക്കരുത്. ഒരു പാവം കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ ഇന്നത്തെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ജനത്തിനാവശ്യം കുറ്റവാളിയെ തൂക്കിലേറ്റണമെന്നാണ്. ആലുവയിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മകളുടെ കാര്യത്തില്‍ നൂറു ദിവസത്തിനുള്ളില്‍ വധശിക്ഷ വിധിച്ചു. എന്തുകൊണ്ടാണ് ഇവിടുത്തെ പൗരന് ആ നീതി ലഭിക്കുന്നില്ല? ആര്‍ക്ക് വേണ്ടിയാണ് ഈ ഇരട്ടത്താപ്പ് സമീപനം?