ടൊറന്റോ: ബുധനാഴ്ച പുലർച്ചെ ബ്രിട്ടീഷ് കൊളംബിയയിലെ ഹിന്ദു ക്ഷേത്രത്തിന്റെ തലവന്റെ മകന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തെക്കുറിച്ച് റോയല്‍ കനേഡിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ലക്ഷ്മി നാരായൺ ക്ഷേത്രത്തിന്റെ പ്രസിഡന്റ് സതീഷ് കുമാറിന്റെ മകന്റെ വസതിയായ സറേയിലെ 80 അവന്യൂവിലെ 14900 ബ്ലോക്കിൽ നടന്ന സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ഉദ്ദേശ്യം നിർണ്ണയിക്കാൻ ഉദ്യോഗസ്ഥർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് സറേ ആർസിഎംപിയുടെ (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) മീഡിയ റിലേഷൻസ് ഓഫീസർ കോൺസ്റ്റബിൾ പരംബിർ കഹ്‌ലോൺ പറഞ്ഞു. വസതിക്കു നേരെ 14 റൗണ്ട് വെടിയുതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് രംഗം പരിശോധിക്കുകയും സാക്ഷികളുമായി സംസാരിക്കുകയും സിസിടിവി ദൃശ്യങ്ങൾക്കായി സമീപപ്രദേശങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്.
കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള നശീകരണ സംഭവങ്ങളും ആക്രമണങ്ങളും വർദ്ധിച്ചുവരികയാണ്. ഖാലിസ്ഥാൻ അനുകൂലികളും ഈ വർഷം മുതൽ സജീവമായിരിക്കുകയാണ്. ഈ വർഷം ജൂൺ 18 ന് ഖാലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെടിയേറ്റ് മരിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളായി.
ഈ വർഷം ഓഗസ്റ്റിൽ സറേയിലെ ഇതേ ലക്ഷ്മി നാരായൺ ക്ഷേത്രത്തിന്റെ മുൻവശത്തും പിൻവശത്തും ഭിത്തികളിൽ ഇന്ത്യ വിരുദ്ധ, ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ ഒട്ടിച്ചതായി കണ്ടെത്തിയിരുന്നു.
സെപ്തംബറിൽ, സറേയിലെ ശ്രീ മാതാ ഭമേശ്വരി ദുർഗ്ഗാ ക്ഷേത്രത്തിന്റെ പുറം ഭിത്തികളിൽ ഇന്ത്യ വിരുദ്ധവും ഖാലിസ്ഥാൻ അനുകൂലവുമായ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയിരുന്നു. ബ്രാംപ്ടണിലെയും ഗ്രേറ്റർ ടൊറന്റോ ഏരിയയിലെയും ക്ഷേത്രങ്ങളിലും നശീകരണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.