ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ 44-മത് പ്രസിഡന്റായി പ്രിൻസ് എബ്രഹാം

ഡിട്രോയിറ്റ്: 1980-ൽ സ്ഥാപിതമായ മിഷിഗണിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ (ഡി.എം.എ.) 2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 16 ശനിയാഴ്ച്ച നടന്ന ക്രിസ്തുമസ് പരിപാടികളോട് അനുബന്ധിച്ച് നടന്ന ജനറൽ ബോഡിയിൽ വച്ചാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് പ്രിൻസ് എബ്രഹാമിനൊപ്പം, സെക്രട്ടറിയായി ബ്രിജേഷ് ഗോപാലകൃഷ്ണൻ, ട്രഷററായി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റായി നോബിൾ തോമസ്, ജോയിന്റ് സെക്രട്ടറിയായി സന്ദീപ് പാലക്കൽ, ജോയിന്റ് ട്രഷററായി ബിനു മാത്യൂ എന്നിവരെ തിരഞ്ഞെടുത്തു.

ഡി. എം. എ.യുടെ ജോയിന്റ് ട്രഷറർ, ട്രഷറർ, ഡി.എം.എ. ധ്വനി മാസിക എഡിറ്റോറിയൽ ബോർഡ് അംഗം, കമ്മറ്റി അംഗം എന്നീ നിലകളിൽ ദീർഘ വർഷങ്ങളായി സംഘടനാ പ്രവർത്തി പരിചയമുള്ള പ്രിൻസ്, മയോ ക്ലിനിക്കിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഇൻജിനീയർ ആണ്. ഭാര്യയും രണ്ടു മക്കളുമായി മിഷിഗണിൽ താമസിക്കുന്ന പ്രിൻസിന്റെ സ്വദേശം നാട്ടിൽ ആലപ്പുഴ ജില്ലയിലെ തിരുവൻവണ്ടൂരാണ്.

ജനറൽ സെക്രട്ടറിയായി കോട്ടയം സ്വദേശിയും ഐ.ടി. പ്രൊഫഷണലുമായ ബ്രിജേഷ് ഗോപാലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2023-ൽ ജോയിന്റ് സെക്രട്ടറിയായും, 2020 മുതൽ ഡി.എം.എ.യുടെ കമ്മറ്റി അംഗമായി പ്രവർത്തിച്ചു വരുന്നു.

കൃഷ്ണകുമാർ സി. നായരാണ് ഡി.എം.എ. 2024 കാലഘട്ടത്തിലെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്. നാട്ടിൽ കോട്ടയത്തു നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 2022-ൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ച മുൻപരിചയം കൈമുതലാക്കിയാണ് മുന്നോട്ട് വരുന്നത്. ഐ.ടി. മേഖലയാണ് പ്രവർത്തി മണ്ഡലം.

ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന നോബിൾ തോമസാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഡി.എം.എ.യുടെ ജോയിൻ്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച നോബിൾ, കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.

സന്ദീപ് പാലക്കലാണ് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് സ്വദേശിയായ സന്ദീപ്, 2017-ൽ ഡി.എം.എ.യുടെ ട്രഷറർ ആയിരുന്നു. ഡിട്രോയിറ്റ് നോട്ട്സ്, സായാ എന്നീ ഗായക സംഘാംഗമാണ്. ഐ.ടി. രംഗത്താണ് ജോലി.

ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ബിനു മാത്യൂ ഫാർമസ്യൂട്ടിക്കൽ ബിസിനസ്സിൽ ഗവേഷണ വികസന വിഭാഗത്തിൽ ജോലി നോക്കുന്നു. കോഴിക്കോട്, മാവൂരാണ് സ്വദേശം.

അടുത്ത മൂന്ന് വർഷത്തേയ്ക്കുള്ള ബി.ഒ.ടി. സെക്രട്ടറിയായി സൈജൻ കണിയോടിക്കലിനെ തിരഞ്ഞടുത്തു. മറ്റ് ബി. ഒ.ടി. ഭാരവാഹികളായി പ്രസിഡന്റ് മോഹൻ പനങ്കാവിൽ, വൈസ് പ്രസിഡന്റ് രാജേഷ് നായർ, എക്സ് ഒഫീഷ്യോ ശ്രീകുമാർ കമ്പത്ത്, ഇക്കൊല്ലത്തെ പ്രസിഡന്റ് പ്രിൻസ് എബ്രാഹം എന്നിവരാണ് ചുമതല വഹിക്കുന്നത്.

ഡി.എം.എ. വുമൺസ് ഫോറം പ്രസിഡന്റ് ജൂലി ആൻ 2018-ൽ ഡി.എം.എ. വുമൺസ് ഫോറം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാർമാനോസ് കാൻസർ ഇൻസ്റ്റിട്യൂട്ടിൽ ക്ലിനിക്കൽ ഫാർമസി സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു. തിരുവല്ലയാണ് സ്വദേശം.

വുമൺസ് ഫോറം സെക്രട്ടറിയായി ശ്രീകല കുട്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വുമൺസ് ഫോറം മുൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി സംഘടനയോട് ചേർന്ന് പ്രവർത്തിക്കുന്നു. ഐ.ടി. പ്രൊഫഷണലായ ശ്രീകലയുടെ സ്വദേശം നാട്ടിൽ കൊല്ലത്താണ്.

ഡി.എം.എ. യൂത്ത് ഫോറം ചെയർപേഴ്സൺ ഡേവിഡ് ജോസഫ് യൂട്ടിക്ക അക്കാദമി ഫോർ ഇന്റർനാഷണൽ സ്റ്റഡീസിൽ ജൂനിയറാണ്. വൈസ് ചെയർ പേഴ്സൺ നിവേദ് പൈങ്കോൾ വെസ്റ്റ് ബ്ലൂംഫീൽഡ് ഹൈസ്ക്കൂളിൽ സോഫോമൊറാണ്.

കഴിഞ്ഞ 44 വർഷങ്ങളായി മിഷിഗണിലെ, പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന പ്രമുഖ സാംസ്ക്കാരിക സംഘടനയാണ് ഡി.എം.എ. 1980 മുതൽ അമേരിക്കയിലും നാട്ടിലുമായി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിനൊപ്പം, കലയും ഭാഷയും സംസ്ക്കാരവും പ്രചരിപ്പിക്കുന്നതിനായി ആബാലവൃദ്ധം പ്രവർത്തിച്ചു വരുന്നു. 2018-ലെ പ്രളയകാലത്തും, കോവിഡ് മഹാമാരി കാലത്തും ഒട്ടനവധി ധർമ്മ പ്രവർത്തികൾക്ക് ഡി.എം.എ. നേതൃത്വം നൽകിയിരുന്നു.
വ്യത്യസ്തങ്ങളായ ഒട്ടനവധി വിഭവങ്ങളുമായാണ് പുതിയ ഭരണസമിതി മിഷിഗണിലെ മലയാളികളുടെ മുന്നിൽ എത്തുന്നത്‌.

കൂടുതൽ വിവരങ്ങൾക്ക്: www.dmausa.org

Print Friendly, PDF & Email

Leave a Comment

More News