ന്യൂഡൽഹി: ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി – സൗത്ത് ഇന്ത്യൻ സെല്ലിന്റെ ചെയർമാനും കണ്ണൂർ ജില്ലയിലെ പടിയൂർ – തിരൂർ സ്വദേശിയുമായ രാജീവ് ജോസഫിനെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചു. ജനുവരി 18 ന് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസിൽ പറഞ്ഞിരിക്കുന്നത്.
അടുത്തകാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് ഇ.ഡി സമൻസ് നൽകിയിരിക്കുന്നതെന്ന് രാജീവ് ജോസഫ് മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഡെൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി – സൗത്ത് ഇന്ത്യൻ സെല്ലിന്റെ സംസ്ഥാന ചെയർമാൻ എന്ന നിലയിൽ ഡി.പി.സി.സി ആസ്ഥാനത്ത് വെച്ച് ഇരുപതോളം അവാർഡ് ഫങ്ക്ഷനുകൾ രാജീവ് ജോസഫ് സംഘടിപ്പിച്ചിരുന്നു. കോവിഡ് വാരിയേഴ്സ് ആയി സ്തുത്യർഹ സേവനം കാഴ്ചവെച്ച ഡെൽഹിയിലെ മൂവായിരത്തിൽപ്പരം നഴ്സുമാർക്കും ഡോക്ടർമാർക്കും സാമൂഹ്യപ്രവർത്തകർക്കും “രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡുകൾ” നൽകി ആദരിച്ചിരുന്നു. ഏറ്റവും കൂടുതൽ കോവിഡ് വാരിയേഴ്സസിനെ ആദരിച്ച ലോകത്തുനടന്ന ഏറ്റവും വലിയ Chain of Award Function-നായിരുന്നു മൂന്ന് മാസത്തോളം തുടർച്ചയായി ഡി.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ഈ പരിപാടിയെന്ന് രാജീവ് ജോസഫ് പറഞ്ഞു. കോൺഗ്രസുകാർ മാത്രമല്ല, ബിജെപിക്കാരടക്കം രാജ്യത്തുള്ള എല്ലാ പാർട്ടികളിലും വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരുമായ കോവിഡ് വാരിയേഴ്സ് കോൺഗ്രസ് ആസ്ഥാനത്ത് വന്ന് ഈ അവാർഡ് ഏറ്റുവാങ്ങിയിരുന്നു. കൂടാതെ അഞ്ഞൂറിലധികം സാമൂഹ്യ പ്രവർത്തകർക്ക് “ഇന്ത്യൻ പീസ് & ഹാർമണി അവാർഡും” ഡി.പി.സി.സി ആസ്ഥാനത്തുവെച്ച് മൂന്ന് മാസങ്ങൾക്കുമുമ്പ് നൽകിയിരുന്നു. ഈ പരിപാടിയുടെ രണ്ടാം ഘട്ടം വിപുലമായ രീതിയിൽ ജനുവരി രണ്ടാം വാരം തുടങ്ങുവാനിരിക്കെയാണ് ഇ.ഡി രാജീവ് ജോസഫിന് സമൻസ് അയച്ചിരിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യാക്കാരായ തന്റെ സുഹൃത്തുക്കൾ ഇടക്കൊക്കെ വ്യക്തിപരമായി അയച്ചുതരുന്ന പണം കൊണ്ടാണ് ഈ അവാർഡ് ഫങ്ക്ഷനുകളും സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയപ്രവർത്തനവുമൊക്കെ ചെയ്യുന്നതെന്ന് രാജീവ് ജോസഫ് പറഞ്ഞു. “വിദേശ പൗരന്മാരിൽ നിന്നും താൻ പണം സ്വീകരിച്ചിട്ടില്ല. തന്റെ ബാങ്കിലേക്ക് വന്ന പണത്തിന്റെ കൃത്യമായ രേഖകൾ തന്റെ കൈവശം ഉണ്ട്. കോൺഗ്രസ് ആസ്ഥാനത്ത് താൻ സംഘടിപ്പിക്കുന്ന അവാർഡ് ഫങ്ക്ഷനുകൾ വഴി ഡെൽഹിയിലെ കോൺഗ്രസ് പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടാകുന്ന ഊർജ്ജവും ആവേശവും ബിജെപി കേന്ദ്രങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നതിന്റെ ഏറ്റവും തെളിവാണ്, ഇപ്പോൾ തനിക്കെതിരെ ഇ.ഡി സമൻസ് അയച്ചിരിക്കുന്നതെന്ന്” രാജീവ് ജോസഫ് വ്യക്തമാക്കി.
“രാജ്യത്തുള്ള ക്രൈസ്തവ വിശ്വാസികളേയും, മുസ്ളീം മതവിശ്വാസികളേയും, ഹിന്ദു മതവിശ്വാസികളേയും തമ്മിലടിപ്പിച്ച് കോർപ്പറേറ്റുകൾക്കുവേണ്ടി രാജ്യം ഭരിക്കുന്ന ബിജെപിയുടെ കപട ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകൾക്കെതിരെ ഞാൻ പോരാട്ടം തുടങ്ങിയിട്ട് പത്തുകൊല്ലത്തോളമായി. മോദി നയിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഡെൽഹിയിൽ നിരവധി സമരങ്ങൾ ചെയ്തിട്ടുണ്ട്. രാജ്യത്തെ മൈനോരിറ്റി വിഭാഗം നേരിടുന്ന പല പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിരവധി സമരങ്ങളും സത്യാഗ്രഹങ്ങളും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്”, രാജീവ് ജോസഫ് പറഞ്ഞു.
“രാജ്യത്തെ മുഴുവൻ പ്രതിപക്ഷ പാർട്ടികളേയും അണിനിരത്തിക്കൊണ്ട് രാജ്യം മുഴുവൻ ‘മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ’ ഇപ്പോൾ ഞാൻ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലും ഡെൽഹിയിലുമായി അഞ്ച് ‘മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ’ നടത്തിക്കഴിഞ്ഞു. അടുത്ത ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗോവ, മുംബൈ എന്നീ സ്ഥലങ്ങളിൽ ‘മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ’ നടക്കും. മറ്റ് സംസ്ഥാനങ്ങളിലെ കൺവെൻഷനുകൾ അടുത്ത ഡിസംബർ മാസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു. വോട്ടിങ് മെഷീനുകളിലെ അട്ടിമറികൾ അവസാനിപ്പിക്കുവാൻ വേണ്ടി, “ഇ,വി.എം ഛോടോ – ബാലറ്റ് ലാഓ” എന്ന ജനകീയ ക്യാമ്പയിന് എറണാകുളത്ത് ഞാൻ തുടക്കം കുറിച്ചിരുന്നു. ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് യഥാസമയം എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ഡി.പി.സി.സി സൗത്ത് ഇന്ത്യൻ സെല്ലിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി ടിവി” എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ജനുവരി 29 ന് ആരംഭിക്കുവാൻ ഞാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെയായിരിക്കാം തനിക്കെതിരെ നീങ്ങുവാൻ മോദി ഭരണകൂടം തീരുമാനിച്ചതെന്ന് രാജീവ് ജോസഫ് ആരോപിച്ചു.
“ലോകം മുഴുവൻ ആയിരക്കണക്കിന് NRI ഫ്രണ്ട്സ് എനിക്കുണ്ട്. 1985 -ൽ എന്റെ പതിനാറാമത്തെ വയസ്സിൽ നെഹ്റു യുവക് കേന്ദ്ര സംഘടിപ്പിച്ച നാഷണൽ സൈക്കിൾ സഫാരിയിൽ, “നാഷണൽ ഇന്റഗ്രേഷൻ & കമ്മ്യൂണൽ ഹാർമണി” എന്ന മുദ്രാവാക്യങ്ങളുമായി ഇന്ത്യ മുഴുവൻ ഞാൻ സൈക്കിളിൽ യാത്ര ചെയ്തിട്ടുണ്ട്. അതിനുശേഷം, ലോകസമാധാനം, നിരായുധീകരണം, ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ് എന്ന മുദ്രാവാക്യങ്ങളുമായി 1988 ജനുവരി ഒന്നിന് എന്റെ പതിനെട്ടാമത്തെ വയസ്സിൽ ആരംഭിച്ച ലോക സൈക്കിൾ യാത്രക്ക് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി എല്ലാവിധ സഹായവും പിന്തുണയും നൽകിയിരുന്നു. സമാധാന സന്ദേശവുമായി ഡെൽഹിയിൽ നിന്നും ആരംഭിച്ച ഈ ലോക സൈക്കിൾ പര്യടനം ഉത്ഘാടനം ചെയ്തത് മുൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമയായിരുന്നു. കൂടാതെ, 1996 മുതൽ 2006 വരെയുള്ള പത്തുവർഷക്കാലം ഗൾഫിലാണ് ഞാൻ ജീവിച്ചത്. ഗൾഫിലും നിരവധി സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ പ്രവർത്തനങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ ഞാൻ സംഘടിപ്പിച്ച ദേശീയ -അന്താരാഷ്ട്ര പരിപാടികൾ മുഖേന ലോകമെമ്പാടും ആയിരക്കണക്കിന് സുഹൃത്തുക്കൾ എനിക്കുണ്ടായത് സ്വാഭാവികം മാത്രമാണ്. ഇവർ വ്യക്തിപരമായി എനിക്ക് അയച്ചുതരുന്ന സാമ്പത്തികസഹായവും, തുച്ഛമായ സ്വന്തം വരുമാനവും കൊണ്ടാണ് സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ പ്രവർത്തനങ്ങൾ ഞാൻ നടത്തിക്കൊണ്ടിരിക്കുന്നത്. എന്റെ അക്കൗണ്ടുകളിലേക്ക് വന്ന പണത്തിന്റെ എല്ലാ വിശദാംശങ്ങളും കൃത്യമായ കണക്കുകളും കൈവശമുണ്ട്. അതെല്ലാം ഇ.ഡി മുമ്പാകെ കൃത്യമായി ഹാജരാക്കുന്നതായിരിക്കും”, രാജീവ് ജോസഫ് വ്യക്തമാക്കി. വിദേശത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വ്യക്തിപരമായി പണം അയച്ചുതരുന്നത് വലിയ കുറ്റകൃത്യമാണെങ്കിൽ, കേരളത്തിൽ താമസിക്കുന്ന ചുരുങ്ങിയത് ഒരു മില്യൺ ആൾക്കാർക്കെതിരെ ഇ.ഡി കേസെടുക്കേണ്ടി വരുമെന്നും രാജീവ് ജോസഫ് കൂട്ടിച്ചേർത്തു.
“ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി – സൗത്ത് ഇന്ത്യൻ സെല്ലിന്റെ സംസ്ഥാന ചെയർമാൻ എന്ന നിലയിൽ, ഡെൽഹിയിലെ കോടീശ്വരന്മാരായ ബിജെപി നേതാക്കൾക്കെതിരെ താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്, പൊതുപ്രവർത്തന രംഗത്ത് കഴിഞ്ഞ 45 വർഷങ്ങൾക്കൊണ്ട് താനുണ്ടാക്കിയ അനുഭവ സമ്പത്തുകൊണ്ടാണ്. അല്ലാതെ ഇ.ഡി ഉദ്ദേശിക്കുന്നതുപോലെ പണക്കൊഴുപ്പുകൊണ്ടല്ലെന്ന്”, രാജീവ് ജോസഫ് വ്യക്തമാക്കി.
“38 വർഷത്തോളമായി ഡൽഹിയിലാണ് ഞാൻ താമസിക്കുന്നത്. അധികൃതമായോ അനധികൃതമായോ ഏതെങ്കിലും തരത്തിലുള്ള സ്വത്തുവകകൾ സമ്പാദിക്കാത്ത ഒരു രാഷ്ട്രീയപ്രവർത്തകനാണ് ഞാൻ. മുപ്പത് വർഷത്തോളമായി കേന്ദ്ര സർക്കാരിന്റെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യക്ക് ഒരു ലക്ഷത്തോളം രൂപ മാസ ശമ്പളമുണ്ട്. അതുപയോഗിച്ച് പഴയൊരു വീടും 33 സെന്റ് സ്ഥലവും കഴിഞ്ഞ വർഷം നാട്ടിൽ വാങ്ങിയിട്ടുണ്ട്. എന്നാൽ, സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും എനിക്കില്ല. ഡൽഹിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത് കൂടുതലും ട്രെയിനിലാണ്. അടിയന്തിര ഘട്ടങ്ങളിൽ മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി വാങ്ങിയ പുതിയ ഇന്നോവാ കാറിന്റെ ഇ.എം.ഐ എല്ലാ മാസവും കൃത്യമായി അടക്കാൻ പറ്റാതെവന്നപ്പോൾ കമ്പനിക്കുതന്നെ കാർ തിരിച്ചുകൊടുത്തു. സ്വന്തമായി ഒരു കാറോ, ബൈക്കോ ഇപ്പോൾ എനിക്കില്ല. ഒരു സൈക്കിൾ പോലുമില്ലെന്നതാണ് വാസ്തവം. ഡെൽഹിയിൽ പൊതുപ്രവർത്തനം നടത്തുന്നത് ബസിലും ഓട്ടോയിലും മെട്രോയിലുമൊക്കെ യാത്ര ചെയ്താണ്. പൊതുപ്രവർത്തനങ്ങൾക്കായി, ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് 10 കിലോമീറ്ററെങ്കിലും നടക്കാറുമുണ്ട്”, രാജീവ് ജോസഫ് പറഞ്ഞു.
“വ്യക്തി ജീവിതത്തിൽ യാതൊരു സമ്പാദ്യവും താൻ ഉണ്ടാക്കിയിട്ടില്ലെങ്കിലും, പൊതുപ്രവർത്തനങ്ങളുടെ ഭാഗമായി ലക്ഷങ്ങളും കോടികളും താൻ ചിലവഴിച്ചിട്ടുണ്ട്. അതൊക്കെ സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങൾക്കൊണ്ട് നടത്തുന്നതാണ്. അതിനെല്ലാം കൃത്യമായ രേഖകളുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്റെ ബാങ്ക് ബാലൻസ് എന്താണെന്ന് കേന്ദ്ര സർക്കാരിന് കൃത്യമായിട്ടറിയാം. ബാങ്ക് അക്കൗണ്ടിൽ എല്ലാ മാസവും മിനിമം ബാലൻസ് പോലും കൃത്യമായി സൂക്ഷിക്കാൻ സാധിച്ചിട്ടില്ല. എന്നിട്ടും ഇ.ഡിയെ ഉപയോഗിച്ച് തനിക്കെതിരെ നാടകം കളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത് അങ്ങേയറ്റം അനീതിയാണ്”, രാജീവ് ജോസഫ് ആരോപിച്ചു.
“തനിക്കെതിരെ ഇ.ഡിയെ പൊക്കിക്കൊണ്ടുവരുന്നത് കേവലം രാഷ്ട്രീയപ്രേരിതമാണ്. ഏതെങ്കിലും തരത്തിൽ തന്നെ കുടുക്കിക്കൊണ്ട് ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെയുള്ള തന്റെ പോരാട്ടങ്ങൾ അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം. അത് നടക്കില്ല; ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും കാത്തുസംരക്ഷിക്കുന്നതിനുവേണ്ടി തന്റെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കും”, രാജീവ് ജോസഫ് വ്യക്തമാക്കി.
“മോദിയെ എതിർക്കുന്ന ആരേയും ഇ.ഡിയെ വെച്ചുകൊണ്ട് വേട്ടയാടാമെന്ന ഫാസിസ്റ്റ് നയം എക്കാലവും ഇന്ത്യയുടെ മണ്ണിൽ ചിലവാകില്ല. ഇന്ത്യയിലെ പരമോന്നത നീതിപീഠങ്ങളിൽ തനിക്ക് വിശ്വാസമുണ്ട്. ആയതിനാൽ മോദിയുടെ ഇ.ഡി അന്വേഷണത്തെ, തനിക്ക് പേടിയില്ല. തനിക്കെതിരെ ഇ.ഡി നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കാൻ താൻ തയ്യാറാണ്”, രാജീവ് പറഞ്ഞു.
“ഇ.ഡിയേയും സി.ബി.ഐയേയുമൊക്കെ പേടിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടികളിലെ നിരവധി നേതാക്കൾ ബിജെപിയിൽ ചേരുകയോ, ബിജെപിക്കുവേണ്ടി ചാരപ്രവർത്തനം നടത്തുകയോ ചെയ്യുന്നുണ്ടായിരിക്കാം. അക്കൂട്ടത്തിൽ തന്നെ പ്രതീക്ഷിക്കേണ്ടന്ന്” രാജീവ് ജോസഫ് പറഞ്ഞു. “കള്ളക്കേസിൽ കുടുക്കി തന്നെ ജയിലിൽ അടച്ചാലും, മരണംവരെ താൻ കോൺഗ്രസിൽ തന്നെയുണ്ടാകുമെന്ന്” പത്രക്കുറിപ്പിൽ രാജീവ് ജോസഫ് വ്യക്തമാക്കി.