തിരുവനന്തപുരം: കവിതകളെഴുതുന്നവനല്ല, നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കവികളോട് സംസാരിക്കുന്നവനാണ് കവിയെന്ന് എഴുത്തുകാരനും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ റവറന്റ്റ് വല്‍സന്‍ തമ്പു. രവികുമാര്‍ പിള്ള എഴുതിയ ‘സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്’ എന്ന കവിതാ സമാഹാരം മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക വിഷയങ്ങളാണ് രവികുമാറിന്റെ കവിതകളില്‍ നിറഞ്ഞ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ കാലത്ത് എഴുത്തിലുണ്ടായ മാറ്റം, ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി, വാര്‍ദ്ധക്യത്തിന്റെ വേദന തുടങ്ങിയ സമകാലിക പ്രശ്നങ്ങളും മറ്റും കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും അന്തരാഷ്ട്ര കോർപറേറ്റ് സ്ഥാപനങ്ങളിലും പ്രവർത്തിച്ചു പരിചയമുള്ള മാനേജ്‌മെന്റ് വിദഗ്ധനാണ് രവി കുമാർ പിള്ള. കഴിഞ്ഞ കുറെ വർഷങ്ങളായി ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്സ്, ഫിനാൻഷ്യൽ എക്സ്പ്രസ്സ് , ഇക്കണോമിക്ക് ടൈംസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലും നിരവധി കവിതകൾ, ചെറുകഥകൾ, ലേഖനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യ സപര്യയിലെ രണ്ടാമത്തെ പുസ്തകമാണ് ‘സ്പാര്‍ക്ക്സ് ബിനീത്ത് ദ ആഷസ്’.