കഴിഞ്ഞ 74 ആഴ്ചയ്ക്കുള്ളില്‍ ഏകദേശം 141 സംരംഭകരെ സഹായിക്കുക വഴി 61 കമ്പനികള്‍ സൃഷ്ടിക്കുന്നതിന് വെബ് സിആര്‍എസിന് കഴിഞ്ഞു
കൊച്ചി: ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ അന്തര്‍ദേശീയ സഹകരണവും പുതിയ സാധ്യതകളും മെച്ചപ്പെടുത്താനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിയറ്റ്നാമിലേക്ക് അയയ്ച്ച ടൂറിസം മേഖലയിലെ സംരംഭക സംഘത്തെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് കൊച്ചി സ്റ്റാര്‍ട്ടപ്പ് കമ്പനി ‘വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’. കൊച്ചിയില്‍ നിന്നും വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ പുതിയ അവസരങ്ങള്‍ പഠിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ച്ചത്.
കുറഞ്ഞ ചെലവില്‍ പുതുപുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടൂറിസം സംരംഭങ്ങളെ സൃഷ്ടിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്കി മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ മത്സരങ്ങളെ എങ്ങനെ നേരിട്ട് സാമ്പത്തികമായി അവരെ വിജയിക്കാന്‍ സഹായിക്കുന്ന കമ്പനിയാണ് വെബ് സിആര്‍എസ്. വെബ് സിആര്‍എസിന്റെ സഹായത്തോടെ 61 ടൂറിസം കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിയറ്റ്നാം സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു ഈ കമ്പനികളില്‍ ചിലത്.
വിയറ്റ്നാമിലെ ‘വുങ് താവ്, ബന് ത്വാന്‍ എന്നീ കടലോര പ്രദേശ നഗരങ്ങളിലെ ടൂറിസം സാധ്യതകളാണ് വിയറ്റ്നാം ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്. ഡിസംബര്‍ 20, 22 തിയതികളിലാണ് സമ്മേളനം നടന്നത്.
വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ നീല്‍കാന്ത് പരാരത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് ‘ഇന്ത്യന്‍ സഞ്ചാരികള്‍ എന്താണ് വിയറ്റ്നാമില്‍ പ്രതീക്ഷിക്കുന്നത്’ എന്ന വിഷയത്തില്‍ സംസാരിച്ചു. വുങ് താവ് നഗരത്തില്‍ നടന്ന സമ്മേളനത്തില്‍ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ.മദന്‍ മോഹന്‍ സേത്തി, വുങ് താവ് ടൂറിസം വകുപ്പ് ഡയറക്ടര്‍ ട്രിന് ഹാങ്, പ്രൊവിന്‍ഷ്യല്‍ ടൂറിസം അസോസിയേഷന് വൈസ് ചെയര്മാന് ഹോങ് എന്‍ഗോക് ലിന്, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
ബന് ത്വാന്‍ നഗരത്തില്‍ നടന്ന യോഗത്തില്‍ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രതിനിധി പങ്കജ് കുമാര്‍, ബന് ത്വാന്‍ പ്രവിശ്യയുടെ സാംസ്കാരിക, കായിക, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഗുയെന്‍ ലാന് എന്‍ഗോക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്റെയും ഇന്ത്യയുടേയും ടൂറിസത്തിന്റെ ആകര്‍ഷണങ്ങളും സാധ്യതകളെപ്പറ്റിയും നീല്‍കാന്ത് പരാരത്ത് യോഗത്തില്‍ അവതരിപ്പിച്ചു.
‘ഞങ്ങള്‍ പിന്തുണ നല്കുന്ന കമ്പനികള്‍ കൂടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം തെരഞ്ഞെടുത്ത പട്ടികയില്‍ ഉള്‍പ്പെട്ടത് ഞങ്ങള്‍ക്ക് അഭിമാനമാണ്. വിദേശ സമ്മേളനത്തിലൂടെ ഈ സംരംഭകര്‍ക്ക് ആഗോളതലത്തില്‍ ശ്രദ്ധ കിട്ടുന്നത് ആവേശത്തോടെയാണ് അവര്‍ സ്വീകരിച്ചത്. കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഗോജോ ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ്, യാ ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹാപ്പിമാപ്പ് ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാര്ബ്ലൂം പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍മാര്‍ വിയറ്റ്നാമിലേക്കുള്ള ഈ 2-ാമത് അന്താരാഷ്ട്ര പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. നമ്മുടെ രാജ്യത്തെ സംരംഭകത്വ വികസനത്തിന് പിന്തുണ നല്‍കുന്നതിനുള്ള അംഗീകാരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. കഴിഞ്ഞ 74 ആഴ്ചയ്ക്കുള്ളില്‍ ഏകദേശം 141 സംരംഭകരെ സഹായിക്കുക വഴി 61 കമ്പനികള്‍ സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം MSME ദിനത്തില്‍ ബഹുമാനപ്പെട്ട വ്യവസായ മന്ത്രി പി രാജീവ് ഇതില്‍ 50 പേര്‍ക്ക് MSME സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. പ്രിലോഞ്ച് കാലയളവില്‍ ഈ കമ്പനികള്‍ 21 കോടിയിലധികം രൂപയുടെ ബിസിനസ് അന്വേഷണങ്ങളില്‍ നിന്ന് ഈ കമ്പനികള്‍ 4.3 കോടി രൂപയുടെ ബിസിനസ് വിജയകരമായി ചെയ്തു. അതില്‍ 81 ലക്ഷത്തിലധികം രൂപയുടെ ബിസിനസ് വിദേശത്ത് നിന്നാണ് ലഭിച്ചത്. കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കാനും വിയറ്റ്നാം പോലുള്ള രാജ്യങ്ങളുമായി നമ്മള് സഹകരണം വര്‍ദ്ധിപ്പിക്കണം’, വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ നീല്‍കാന്ത് പരാരത്ത് പറഞ്ഞു