ദോഹ: കേരളത്തിന്റെ സാമൂഹികഘടനയെ തകർക്കുന്ന ജാതി അസമത്വങ്ങൾക്കെതിരെയാണ് ഡോ. കുഞ്ഞാമൻ സ്വജീവിതം കൊണ്ട് പൊരുതിയതെന്നും അദ്ദേഹത്തിന്റെ ആത്മകഥ എന്ന അർത്ഥത്തിൽ മാത്രമല്ല, ഈ പുസ്തകമുയർത്തുന്ന രാഷ്ട്രീയത്തെയാണ് നാം മുഖവിലക്കെടുത്തു ചർച്ചചെയ്യേണ്ടതെന്നും കൾച്ചറൽ ഫോറം പാലക്കാട് ജില്ലാക്കമ്മറ്റി ഡോ. എം.കുഞ്ഞാമന്റെ “എതിര്” എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ച ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു.
ജാതി വിവേചനത്തിന്റെ കൈപ്പുനീരനുഭവങ്ങളിലൂടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ താണ്ടിയാണ് അദ്ദേഹം ഒന്നാം റാങ്കോടുകൂടി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. അന്തരിച്ച മുൻരാഷ്ട്രപതി കെ.ആർ നാരായണന് ശേഷം ഈ വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ രണ്ടാമത്തെ ദളിതനായിരുന്നു ഡോ. എം.കുഞ്ഞാമൻ.കേരളീയ സാമൂഹികഘടയുടെ അടിസ്ഥാനമായി വർത്തിക്കുന്ന ജാതീയതയെ മറികടക്കാൻ പിന്നാക്കസംവരണം കാര്യക്ഷമമായി നടപ്പാക്കണമെന്നും സംവരണം ക്രിയാത്മകമായി നടപ്പാക്കുവാനുള്ള അടിസ്ഥാന ഉപാധിയാണ് ജാതി സെൻസസ് എന്നും ബിഹാറിലെപ്പോലെ കേരളത്തിലും ജാതിസെൻസസ് നടപ്പാക്കുവാനുള്ള ആർജ്ജവം കേരളസർക്കാരിനുണ്ടാകണമെന്നും ചർച്ചയിൽ പങ്കെടുത്ത അതിഥികൾ അഭിപ്രായപ്പെട്ടു.
കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് അനീസ് മാള പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. അടയാളം ഖത്തർ എക്സിക്യൂട്ടീവ് അംഗം പ്രദോഷ് കുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഇന്ത്യന്‍ ഓദേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, ഷംന ആസ്മി, പ്രമോദ് ശങ്കരൻ, ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കൽ, മർസൂഖ് തൊയക്കാവ് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കൾച്ചറൽ ഫോറം ജില്ലാ പ്രസിഡന്റ് മുഹ്സിൻ ഖാലിദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബൂസ് പട്ടാമ്പി സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. ഷാജുദ്ധീൻ സമാപനവും നിർവഹിച്ചു.