വാഷിംഗ്ടണ്‍: യെമൻ ആസ്ഥാനമായുള്ള ഹൂതികൾ ജനുവരി 9 ന് തെക്കൻ ചെങ്കടലിൽ അന്താരാഷ്ട്ര കപ്പൽ പാതയിലേക്ക് തൊടുത്തുവിട്ട 21 ഡ്രോണുകളും മിസൈലുകളും യുഎസ്, യുകെ സേനകൾ വെടിവച്ചിട്ടതായി യുഎസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു, നവംബർ 19 ന് ശേഷം ചെങ്കടലിലെ വാണിജ്യ കപ്പൽ പാതകളിൽ ഹൂതികൾ നടത്തുന്ന 26-ാമത്തെ ആക്രമണമാണിത്.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ചാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കിയത്. തന്മൂലം, വിവിധ ഷിപ്പിംഗ് ലൈനുകൾ പ്രവർത്തനം താൽക്കാലികമായി നിർത്തി, പകരം ആഫ്രിക്കയ്ക്ക് ചുറ്റിലൂടെ ദീർഘദൂര യാത്ര നടത്തുന്നു.
ഗാസയിലെ സംഘർഷം ഇസ്രായേൽ അവസാനിപ്പിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഹൂതികൾ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. തങ്ങളുടെ ഗ്രൂപ്പിനെ ലക്ഷ്യമിട്ടാൽ യുഎസ് യുദ്ധക്കപ്പലുകൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
18 ഡ്രോണുകളും രണ്ട് കപ്പൽവേധ ക്രൂയിസ് മിസൈലുകളും ഒരു കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകളും യുഎസിന്റെയും ബ്രിട്ടന്റെയും സേന വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.