എറണാകുളം: മുത്വലാഖ് (തൽക്ഷണ വിവാഹമോചനം) നിരോധനം നിലവിലുണ്ടെങ്കിലും, ഭര്‍ത്താവ് നിര്‍ബ്ബന്ധിതമായി മുത്വലാഖ് ചൊല്ലിയതുമൂലം ഭർത്താവുമായി വേർപിരിയാൻ നിർബന്ധിതയായെന്ന് ആരോപിച്ച് വാഴക്കാല സ്വദേശിനി തൃക്കാക്കര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. മുത്വലാഖ് നിയമപ്രകാരം കൊച്ചി നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിത്. 2019 ഓഗസ്റ്റ് 1 നാണ് രാജ്യത്ത് മുത്വലാഖ് ക്രിമിനൽ കുറ്റമാക്കി നിയമമാക്കിയത്.
മുത്വലാഖ് ചൊല്ലിയ ഭർത്താവും അമ്മയും യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവും നേരിടുന്നുണ്ട്. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവ് ഈ നടപടി സ്വീകരിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
2019ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമത്തിന്റെ കീഴിലാണ് കേസ് വരുന്നത്, യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭർത്താവിനും ഭര്‍തൃമാതാവിനുമെതിരെ അധിക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം തൃക്കാക്കര പോലീസ് കേസെടുത്തു.