ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 14 ഞയറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കും.
മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്, ഇരുമുടിയേന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തിലെത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. വ്രതാനുഷ്ഠാനങ്ങളിലൂടെ ആത്മശുദ്ധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു വിരാമമിട്ടുകൊണ്ട്, അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്‌തെടുക്കുന്ന നിമിഷങ്ങൾ. ശരണഘോഷമുഖരിതമായ ഈ അന്തരീഷത്തിലേക്ക് ഓരോ അയ്യപ്പ ഭക്തനേയും സ്വാഗതം ചെയ്യുകയാണ്.
ശരണം വിളികളുടെയും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള വേദിയാകുയാണ് അയ്യപ്പസ്വാമി ക്ഷേത്രം. മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കി നിങ്ങളെ ഏവരെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം, ഉഷ പൂജക്കും, അയ്യപ്പനൂട്ടിനും, പമ്പാ സദ്യയ്ക്കും ശേഷം ഇരുമുടി പൂജ സമാരംഭിക്കും. ഇരുമുടിയേന്തിയ അയ്യപ്പന്മാർ ചെണ്ട മേളത്തിന്റയും താലപൊലിയുടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രം വലംവെച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നു. ഇതോടൊപ്പം തന്നെ തിരുവാഭരണവും അകമ്പടി സേവിക്കുന്നു. തിരുവാഭരണം ചാർത്തി ദിപരാധന സമയത്തു മകരജ്യോതിയും ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയായി ഒരുക്കുന്നു. നെയ്യഭിഷേകത്തിനും പുഷ്‌പാഭിഷേകത്തിനുമൊപ്പം ഭജൻ ഗ്രൂപ്പിന്റെ ഭജനയും ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കും എന്നതിൽ സംശയമില്ല.
ഇതോടൊപ്പം തന്നെ നാദസ്വര കച്ചേരിയും ഉണ്ടായിരിക്കും. നവാഭിഷേകം ശാസ്താപ്രീതി സമർപ്പണം അയ്യപ്പൻ ഊട്ടു , പുഷ്പാലങ്കാരം, പടി പൂജ, നമസ്‌കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി, മന്ത്ര പുഷ്‌പം, ചതുര്‍ത്ഥ പാരായണം, ദിപരാധന, കർപ്പൂരാഴി, അന്നദാനം എന്നിവയാണ്. ഹരിവരാസനത്തോടെ മകരവിളക്ക് മഹോത്സവത്തിനു കൊടിയിറങ്ങും.
കാലത്തിനും തോല്‌പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്. സത്യങ്ങളുണ്ട്. ജന്മനാട്ടിലായാലും ഏഴ് കടലുകള്‍ക്കിപ്പുറമായാലും ആ ചൈതന്യം വറ്റാതെ നിലനില്‌ക്കും . ശ്രീശബരീശന്‍ വാഴും ശബരിമല. അവിടെ ശരണമന്ത്രങ്ങളുടെ നാളുകൾ . ഏഴു കടലുകൾക്കിപ്പിറം വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലും അതെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കൊണ്ടാടുബോൾ നാം ആ ആചാരങ്ങൾക്കൊപ്പം നീങ്ങുകയാണ് . തത്വമസിയുടെ (ഞാനും നീയും ഒന്നുതന്നെ) പൊരുളറിയിക്കുന്നത് ,ദൈവം നമ്മുടെ ഓരൊരുത്തരുടെയും ഉള്ളില്‍ തന്നെയാണ് വസിക്കുന്നത് എന്നതാണ് .
ദൈവ ചൈതന്യം പ്രപഞ്ചത്തിൽ എങ്ങും പ്രകടമാണ്. ആ ചൈതന്യത്തിലേക്ക് അടുക്കാനുള്ള പടിപടിയായുള്ള പരിശീലനത്തിനുള്ള അവസരം ആണ് ഓരോ മണ്ഡല കാലവും. നമ്മുക്ക് ഈ സനാതന സത്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കി ജീവിക്കുവാന്‍ ജഗദീശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.
മാനവ സേവ മാധവ സേവ എന്ന വിശ്വാസത്തോടെ സനാതന ധര്‌മ്മവും ഭാരതീയ പൈതൃകവും പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്‌ത്തിക്കുന്ന ന്യൂയോർക്കിലെ ഹൈന്ദവ സമൂഹത്തിന്റെ എല്ലാമായ വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ വരുംകാല പ്രവര്‍ത്തങ്ങളില്‍ ഭാഗമാകുവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിക്കുന്നു.
ഏവരെയും ഒരിക്കൽ കൂടി മകരവിളക്ക് മഹോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗുരുസ്വാമി പാർത്ഥസാരഥി പിള്ള അറിയിക്കുന്നു.