ലണ്ടന്‍: ബ്രിട്ടനിൽ ചിലന്തിയുടെ കടിയേറ്റ് 11 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയിലെ സറേയിൽ, ക്രിസ്മസിന്റെ പിറ്റേന്നാണ് പതിനൊന്നുകാരന്‍ മാത്യുവിന്റെ കാലിന്റെ പിൻഭാഗത്ത് ചിലന്തി കടിച്ചത്. താമസിയാതെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, നില വഷളായതിനെത്തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇത് ഇത്രയും അപകടകരമായ സംഭവമാകുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് മാത്യുവിന്റെ അമ്മ സാറ പറയുന്നു. കാലിൽ വേദനയുണ്ടെന്ന് കുട്ടി പരാതിപ്പെട്ടപ്പോൾ, അതൊരു നിസ്സാരമായ മുറിവാണെന്ന് കരുതി അണുബാധ തടയാൻ സാധാരണ മരുന്ന് പ്രയോഗിച്ചു. എന്നാൽ, അധികം വൈകാതെ ഈ ചെറിയ സംഭവം വലിയ അപകടത്തിന്റെ രൂപത്തിലായി എന്നും അവര്‍ പറയുന്നു.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഫാൾസ് വിഡോ എന്ന ചിലന്തിയാണ് മാത്യുവിനെ കടിച്ചതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഈ ചിലന്തി ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ ചിലന്തിയാണെന്ന് പറയപ്പെടുന്നു.
ആദ്യം ആശുപത്രിയിൽ വെച്ച് മാത്യുവിന് ആൻറിബയോട്ടിക് കുത്തിവയ്പ്പ് നൽകേണ്ടിവന്നു, തുടർന്ന് മുറിവിൽ നിന്ന് വിഷം നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തി. പിറ്റേന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയെങ്കിലും ഒരുപാട് മരുന്നുകൾ കഴിക്കേണ്ടി വന്നതായി സാറ പറഞ്ഞു. സ്റ്റെറ്റോഡ നോബിലിസ് എന്ന ഈ എട്ടുകാലി ചിലന്തിയെ യുകെയിലെ വീടുകളിൽ സാധാരണ കാണാറില്ലെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.