പാലക്കാട്: ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച വിദ്യാര്‍ത്ഥികളായ സഹോദരങ്ങൾക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി രംഗത്തെത്തി. കോങ്ങാട് സ്വദേശികളായ സൂര്യകൃഷ്ണയും ആര്യ കൃഷ്ണയും ജപ്തി ഭീഷണിയിൽ വീടുവിട്ടിറങ്ങേണ്ടിവരുമെന്ന ഭീതിയിലായിരുന്നു. എന്നാല്‍, വിവരമറിഞ്ഞ നടന്‍ സുരേഷ് ഗോപി ബാങ്കിലെ കടം വീട്ടുമെന്ന ഉറപ്പ് നല്‍കിയതോടെ ആശ്വാസത്തിലാണ് ഇരുവരും.
2018ൽ ഇവർ താമസിക്കുന്ന വീട് പണിയാൻ അച്ഛൻ കൃഷ്ണൻകുട്ടി ഭൂപണയ ബാങ്കിൽ നിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ വീടിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് അര്‍ബുദ രോഗം ബാധിച്ച് കൃഷ്ണൻകുട്ടി മരിച്ചു
ഇതിനുശേഷം അമ്മ ഹോട്ടല്‍ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. എന്നാൽ മൂന്ന് വർഷം മുമ്പ് അമ്മയും മരിച്ചു. ഇതോടെ ബാങ്ക് വായ്പയുടെ തിരിച്ചടവ് അനാഥരായ മക്കളുടെ ചുമലിലായി.
ഇരുവരും പ്ലസ് ടു വിദ്യാർഥികളാണ്. കൂലിപ്പണിക്കാരായ അയൽവാസികളുടെ സംരക്ഷണയിലാണ് ഇവര്‍ ജീവിക്കുന്നത്. ഇതിനിടെയാണ് വീട് ജപ്തി ചെയ്യുമെന്ന് അറിയിച്ച് ബാങ്ക് നോട്ടീസ് ലഭിക്കുന്നത്.
പലിശയടക്കം നാല് ലക്ഷം രൂപ നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇതോടെ പ്രതിസന്ധിയിലായ കുട്ടികളുടെ വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബാങ്ക് കടം വീട്ടാമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയത്.