എറണാകുളം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തുന്നു. വൈകീട്ട് എറണാകുളത്ത് റോഡ് ഷോയിൽ പങ്കെടുക്കും. 17-ന് രാവിലെ ഏഴിന് മുമ്പ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി 7.40 ഓടെ ഇവിടെ നിന്ന് റോഡ് മാർഗം ഗുരുവായൂരിലെത്തുമെന്നാണ് വിവരം. ക്ഷേത്രത്തിൽ തന്ത്രി, മേൽശാന്തി, ഉദയാസ്തമന പൂജ ഓതിക്കന്മാർ, കീഴ്ശാന്തി, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ തുടങ്ങിയവർ മാത്രമേ ക്ഷേത്രത്തില്‍ ഉണ്ടാകൂ. തുടർന്ന് 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് തൃപ്രയാർ ക്ഷേത്രവും സന്ദർശിക്കും. ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് വഴിയാണ് മോദി ക്ഷേത്രത്തിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇരു ക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലും കിഴക്ക് ടിപ്പുസുൽത്താൻ റോഡിന്റെ ഇരുവശങ്ങളിലും പടിഞ്ഞാറ് നടപ്പാതയിലും ക്ഷേത്രത്തിന്റെ ചുറ്റുമതിലിലും ബാരിക്കേഡുകൾ സ്ഥാപിക്കും. 10.10 മുതൽ 11.10 വരെ മോദി ക്ഷേത്രത്തിലുണ്ടാകും.
പ്രധാന മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നലെ വൈകിട്ട് കലക്ടർ പി.ആർ കൃഷ്ണതേജ, റൂറൽ പോലീസ് മേധാവി നവനീത് ശർമ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ.ശങ്കർ, വലപ്പാട് സിഐ കെ.എസ് സുശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. എസ്പിജിയുടെ കേരളത്തിന്റെ ചുമതലയുള്ള സുരേഷ് രാജ് പുരോഹിത് വലപ്പാട് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. അതേസമയം, ക്ഷേത്രങ്ങളിലെ പൂജകൾക്കോ ചടങ്ങുകൾക്കോ വിവാഹങ്ങൾക്കോ തടസം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ട്.
പിന്നീട് കൊച്ചിയിൽ തിരികെ എത്തുന്ന പ്രധാനമന്ത്രി 4000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. കൊച്ചിൻ ഷിപ്‌യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ എറണാകുളത്ത് രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കൊച്ചിയിൽ റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ എസ്പിജിയുടെ സുരക്ഷാ സംഘം പരിശോധനകൾ നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു.