ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ദൈവനിയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട് സ്ഥാനാരോഹണം ചെയ്‌ത അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിനൂ പുതിയ സ്ഥാനലബ്ധിയില്‍ വടക്കേ അമേരിക്കയില്‍ ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ഏറ്റവും വലിയ അല്‌മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ എല്ലാവിധ അനുമോദനങ്ങളും, പ്രാര്‍ത്ഥനാശംസകളും അര്‍പ്പിച്ചു.
ജനുവരി 14 ഞായറാഴ്‌ച്ച ദിവ്യബലിക്കുശേഷം ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ് ജോജോ കോട്ടൂര്‍ അനുമോദനപ്രമേയം അവതരിപ്പിച്ചു. നാനാവിധത്തിലുള്ള പ്രതിസന്ധികളും, പ്രയാസങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സഭാ നൗകയെ വെല്ലുവിളികള്‍ മറികടന്ന് ശരിയായ ദിശയില്‍ നയിക്കുന്നതിനുള്ള കൃപാവരം പുതിയ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന് പരിശുദ്ധാത്മശക്തിയാല്‍ ലഭിക്കുന്നതിനായി ദൈവജനം ഒന്നായി പ്രാര്‍ത്ഥനാനിരതരായിരിക്കുന്നു. സഭ ഇന്നു നേരിടുന്ന വെല്ലുവിളികളില്‍ മനം നൊന്തിരിക്കുന്ന, സഭയെ നെഞ്ചോട്‌ചേര്‍ത്ത് സ്‌നേഹിക്കുന്ന എല്ലാ ദൈവജനങ്ങള്‍ക്കും, ആശ്വാസവും, സന്തോഷവും നല്‍കുന്ന ശുഭവാര്‍ത്തയാണ് അനുരഞ്‌ജനത്തിന്റെ വക്താവും, നിറപുഞ്ചിരിയുമായി എല്ലാവരെയും സ്വാഗതം ചെയ്യുന്ന ജനകീയനായ തട്ടില്‍ പിതാവിനെ തങ്ങളുടെ മഹാ ഇടയനായി ലഭിച്ചത്. ഹീബ്രു ഭാഷയില്‍ ദൈവം സുഖപ്പെടുത്തി എന്നര്‍ത്ഥം വരുന്ന റാഫേല്‍ പ്രധാനമാലാഖയുടെ നാമധാരിയായ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന് ദൈവജനത്തിന്റെ മുറിവുണക്കാന്‍ തീര്‍ച്ചയായും സാധിക്കും എന്ന് ജോജോ കോട്ടൂര്‍ തന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.
എസ് എം സി സി ദേശീയസ്ഥാപകനേതാക്കളായ ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു സി. പി. എ., എസ്. എം. സി. സി നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് വി. ജോര്‍ജ്, ഷാജി മിറ്റത്താനി, ഇടവക ട്രസ്റ്റിമാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
സൗമ്യനും, സുസ്‌മേരവദനനും, എല്ലാവരെയും ദൈവികകരുണയില്‍ ചേര്‍ത്തുനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ജനകീയനായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് ഫിലാഡല്‍ഫിയാ ഇടവകാസമൂഹത്തിന്റെ എല്ലാവിധ പ്രാര്‍ത്ഥനാശംസകളും വികാരി റവ. ജോര്‍ജ് ദാനവേലില്‍ നേര്‍ന്നു.