എടത്വ: അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സയ്ക്ക് നീരേറ്റുപുറം എംടിഎൽപി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക കൈമാറി.
സ്കൂള്‍ അങ്കണത്തിൽ നടന്ന ചടങ്ങ് തലവടി വൈഎംസിഎ പ്രസിഡന്റ് ജോജി ജെ വയലപ്പള്ളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം ജി. കൊച്ചുമോൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സോണി മാത്യു, സ്റ്റാഫ് സെക്രട്ടറി വി.ഐ രമ്യ, അദ്ധ്യാപകരായ അക്സാ സൂസ൯ ഫിലിപ്പ് ,ഹേമ ഹരികുമാർ, ഒ. പി. സുമ എന്നിവർ സംബന്ധിച്ചു.
വിദ്യാർത്ഥികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ അജയ് കൊച്ചുമോനിൽ നിന്നും സമിതി ചെയർമാൻ രമേശ് വി. ദേവ്, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം വരെ അഭിനവ് ചികിത്സ സഹായ സംഘാടക സമിതിയുടെ അക്കൗണ്ടിലെത്തിയ തുകയിൽ 11,17,769. 66 രൂപ അഭിനവിന്റെ അമ്മ സനലകുമാരിയുടെ പേരിൽ നല്‍കിയിരുന്നു. ജനുവരി 30 വരെ അക്കൗണ്ടിൽ എത്തുന്ന തുക അഭിനവിന്റെ ചികിത്സയ്ക്ക് നല്‍കാനാണ് സമിതിയുടെ തീരുമാനം. അഭിനവിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷവും തുടർ ചികിത്സ ആവശ്യമാണ്.
തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ 8000 രൂപ സമാഹരിച്ച് സമിതിയെ ഏല്പിച്ചിരുന്നു.