ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട ചിലർക്കെതിരെ ഇന്ന് അസമിലെ ജോർഹട്ട് പോലീസ് നടപടി സ്വീകരിച്ചു. കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് ചിലർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തതായി ജോർഹട്ട് പോലീസ് സൂപ്രണ്ട് മോഹൻ ലാൽ മീണ പറഞ്ഞു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന യാത്ര അതിന്റെ യഥാർത്ഥ റൂട്ട് മാറ്റി. എന്നാല്‍, അതിനെക്കുറിച്ച് പോലീസിനെ അറിയിച്ചില്ല. അതിനാൽ യാത്രയുമായി ബന്ധപ്പെട്ട ചിലർക്കെതിരെ കേസെടുത്തു.
സന്ദർശനത്തിന്റെ ആറാം ദിവസമായ വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധി ബോട്ടിൽ ബ്രഹ്മപുത്ര നദി കടന്ന് അസമിലെ ദ്വീപായ മജുലിയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ബ്രഹ്മപുത്രയിലെ ബോട്ടിൽ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് അദ്ദേഹം യാത്ര ചെയ്തത്.
ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭാരത് ജോഡോ യാത്ര പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ജനുവരി 25 വരെ ഞങ്ങൾ അസമിൽ ഉണ്ടെന്നും ഭാരത് ജോഡോ യാത്ര ഇവിടെ വിജയിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രയിൽ അസം സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും എന്നാൽ യുവാക്കളും സ്ത്രീകളും ഉൾപ്പെടെ അസമിലെ എല്ലാ വിഭാഗങ്ങളും രാഹുൽ ഗാന്ധി പറയുന്നത് കേൾക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ജയറാം പറഞ്ഞു.
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്നും, ബിജെപിയും ആർഎസ്എസും വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.