വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ എതിരാളിയായ നിക്കി ഹേലിയുടെ “ജന്മ” അവകാശവാദത്തിനെതിരെ ട്രംപ് നടത്തിയ പ്രസ്താവനക്കെതിരെ ഇന്ത്യൻ-അമേരിക്കൻ നിയമ നിര്‍മ്മാതാവ് രാജാ കൃഷ്ണമൂർത്തി ആഞ്ഞടിച്ചു.
1972ൽ ജനിച്ച സമയത്ത് അവരുടെ മാതാപിതാക്കൾ യുഎസ് പൗരന്മാരല്ലാതിരുന്നതിനാല്‍ യുഎസ് പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഹേലി യോഗ്യയല്ലെന്നായിരുന്നു ട്രംപിന്റെ ആരോപണം.
ഇന്ത്യൻ-അമേരിക്കൻ വംശജയായ ഹേലി ഈ രാജ്യത്ത് ജനിച്ചതുകൊണ്ടാണ് ഒരു അമേരിക്കൻ പൗരയായതെന്ന് ഡെമോക്രാറ്റിക് പാർട്ടി കോണ്‍ഗ്രസ്മാന്‍ കൃഷ്ണമൂർത്തി പറഞ്ഞു. വ്യാജപരവും വംശീയവുമായ ‘ജന്മ’ അവകാശവാദങ്ങളുമായി ട്രംപ് രംഗത്തിറങ്ങിയയില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
“അഭിമാനിയായ ഒരു ഇന്ത്യൻ അമേരിക്കൻ കുടിയേറ്റക്കാരൻ എന്ന നിലയിൽ, മുൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന വിദ്വേഷകരമായ ആക്രമണങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു. നിക്കി ഹേലിക്കെതിരെ അധിക്ഷേപകരമായ ഇത്തരം പ്രസ്താവനകള്‍, ദക്ഷിണേഷ്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഓരോ റിപ്പബ്ലിക്കനും അപലപിക്കണം,” അദ്ദേഹം പറഞ്ഞു.
മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ജനനത്തെക്കുറിച്ചും നേരത്തെ ട്രംപ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ജന്മനാ ലഭിക്കുന്ന യു എസ് പൗരത്വം നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.