തിരുവനന്തപുരം: മനുഷ്യന്റെ അത്യാഗ്രഹമാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ തോതില്‍ അഴിമതി പ്രശ്നങ്ങള്‍ പലയിടത്തുമുണ്ട്. അഴിമതിക്കാർ രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സഹകരണ യൂണിയന്റെ ഒമ്പതാമത് സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകളും ഉയർന്നു വന്നിട്ടുണ്ടെന്നും എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ആർത്തി മൂത്ത മനുഷ്യരാണ് അഴിമതിയുടെ ഭാഗമാകുന്നത്. ഇത്തരം കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും സർക്കാരിൽ നിന്നും ഉണ്ടാവുകയില്ല. ഇത്തരക്കാർക്ക് എതിരെ കർശന നടപടി തന്നെ സ്വീകരിക്കും. സഹകരണ സംഘത്തെ സംരക്ഷിക്കും എന്നുള്ളതാണ് സർക്കാർ നിലപാട് എന്നും പിണറായി വിജയൻ വ്യക്തമാക്കി.
സഹകരണ മേഖലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ബിജെപി രാഷ്ട്രീയ പ്രചാരണത്തിന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ, സഹകരണ മേഖലയിൽ രാഷ്ട്രീയത്തിന് അതീതമായ യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.