കാബൂൾ: ആറ് പേരുമായി റഷ്യയിലേക്ക് പോയ, റഷ്യയില്‍ രജിസ്റ്റർ ചെയ്ത സ്വകാര്യ വിമാനം അഫ്ഗാനിസ്ഥാന്റെ വിദൂര പ്രദേശത്ത് തകർന്നതായി കരുതുന്നു എന്ന് ഗതാഗത, വ്യോമയാന മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
ചൈന, താജിക്കിസ്ഥാൻ, പാക്കിസ്താന്‍ എന്നിവയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ ബദാക്ഷാൻ പ്രവിശ്യയിലെ സെബാക്ക് ജില്ലയ്ക്ക് സമീപമുള്ള പർവതപ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
പ്രാഥമിക വിവരം അനുസരിച്ച്, ആറ് പേരെ വഹിച്ചുകൊണ്ട് ഫാൽക്കൺ 10 റഷ്യൻ സ്വകാര്യ ജെറ്റ് വിമാനം ഇന്ത്യയിൽ നിന്ന് ഇന്നലെ വൈകുന്നേരം 7 മണിക്ക് താഷ്‌കന്റിലേക്ക് (ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനം) പോവുകയായിരുന്നു.
“ചില സാങ്കേതിക തകരാർ മൂലം വിമാനത്തിന് സിഗ്നൽ നഷ്ടപ്പെട്ടു. വടക്കുകിഴക്കൻ ബദഖ്‌ഷാൻ പ്രവിശ്യയിലെ സെബാക്ക്, കുറാൻ വ മുൻജാൻ ജില്ലകളുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ അത് വഴിതെറ്റി തകർന്നുവീഴുകയായിരുന്നു,” അഫ്ഗാന്‍ സിവിൽ ഏവിയേഷൻ മന്ത്രാലയ വക്താവ് ഇമാമുദ്ദീൻ അഹമ്മദി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രാലയം ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നാലെ വരുമെന്നും അഹമ്മദി പറഞ്ഞു.
7,492 മീറ്റർ ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് നോഷാഖ് സ്ഥിതി ചെയ്യുന്ന ഗ്രാമീണ അഫ്ഗാൻ പ്രവിശ്യയിലൂടെ ശക്തമായ ഹിന്ദുകുഷ് പർവതനിരകൾ കടന്നുപോകുന്നു.
ഇന്ത്യൻ നഗരമായ ഗയയിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ വഴി മോസ്‌കോയിലേക്ക് പറക്കുകയായിരുന്ന, 1978-ൽ നിർമ്മിച്ച ഫ്രഞ്ച് നിർമ്മിത ദസ്സാൾട്ട് ഏവിയേഷൻ ഫാൽക്കൺ 10 ചാർട്ടർ ആംബുലൻസ് വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് റഷ്യൻ വ്യോമയാന അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
“ജനുവരി 20 ശനിയാഴ്ച വൈകുന്നേരം, അഫ്ഗാനിസ്ഥാന്റെ (താജിക്കിസ്ഥാന്റെ അതിർത്തിക്ക് സമീപം) വ്യോമാതിർത്തിയിൽ ആയിരിക്കുമ്പോൾ, റഷ്യൻ ഫെഡറേഷന്റെ സിവിൽ എയർക്രാഫ്റ്റുകളുടെ സ്റ്റേറ്റ് രജിസ്റ്ററിൽ രജിസ്റ്റർ ചെയ്ത ഫാൽക്കൺ 10 വിമാനത്തിന്റെ ആശയവിനിമയം നഷ്ടപ്പെടുകയും റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു,” പ്രസ്താവന കൂട്ടിച്ചേർത്തു.
വിമാനത്തിൽ നാല് ജീവനക്കാരും രണ്ട് യാത്രക്കാരും ഉള്‍പ്പടെ ആറ് പേരുണ്ടായിരുന്നു. തങ്ങളുടെ അഫ്ഗാൻ, താജിക്കിസ്ഥാൻ സഹപ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതായും റഷ്യൻ അധികൃതർ അറിയിച്ചു.
വിമാനത്തിനായുള്ള തിരച്ചിൽ ഇപ്പോഴും നടക്കുകയാണ്.