മലപ്പുറം: ദേശീയപാത 66 സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ദേശീയ പാത നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുവത്സര സമ്മാനമായി അടുത്ത വർഷം മലപ്പുറം ജില്ലയ്ക്ക് പുതിയ ദേശീയപാത തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പണി പൂർത്തിയാകുന്ന മുറയ്ക്ക് ഓരോരോ ഭാഗങ്ങള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് തൊണ്ടയാട് മേൽപ്പാലം സന്ദർശിച്ച ശേഷം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും മലപ്പുറം ജില്ലയിലെ പാണമ്പ്ര റൗണ്ട് എബൗട്ടിലെത്തി. സിനിമാതാരം ജഗതി ശ്രീകുമാറിന്റെ അപകടത്തെ അനുസ്മരിച്ചുകൊണ്ടാണ് മന്ത്രി പാണമ്പ്രയില്‍ സംസാരിച്ചുതുടങ്ങിയത്.
പാണമ്പ്ര, വട്ടപ്പാറ തുടങ്ങിയ അപകട മേഖലകളെയും വളാഞ്ചേരി ഉള്‍പ്പെടെ ഗതാഗതക്കുരുക്കുണ്ടാക്കുന്ന സ്ഥലങ്ങളെയും ഒഴിവാക്കിയുള്ള പുതിയ ദേശീയപാത സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് ജില്ലകളിലൂടെ 45 മീറ്റര്‍ വീതിയില്‍ ആറുവരി പാതയായി കടന്നുപോകുന്ന ദേശീയപാതയുടെ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ടവരുമായി യോഗങ്ങള്‍ ചേരുന്നുണ്ട്.
ദേശീയപാതാ അതോറിറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും ഉന്നയിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുന്നത്. മലപ്പുറം ജില്ലയില്‍ 203 68 ഹെക്ടര്‍ ഭൂമി ആവശ്യമായതില്‍ 203 41 ഹെക്ടറും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. 99 87 ശതമാനവും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിനായി ജില്ലയില്‍ 878 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ പാണമ്പ്ര റൗണ്ട് എബൗട്ട്, സൈക്കിൾ ജംഗ്ഷന്, പാലച്ചിറമാട് റൗണ്ട് എബൗട്ട്, വട്ടപ്പാറ റൗണ്ട് എബൗട്ട്, കുറ്റിപ്പുറം പാലം, ചമ്രവട്ടം ജംഗ്ഷന് എന്നിവിടങ്ങളിൽ മന്ത്രിയും സംഘവും സന്ദർശനം നടത്തി. എംഎൽഎമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ കെ ടി ജലീൽ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കലക്ടർ വി ആർ വിനോദ്, സബ് കലക്ടർ സച്ചിൻ കുമാർ യാദവ്, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻഷുൽ ശർമ, റീജണൽ ഓഫിസർ ബി എൽ മീണ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.